എണ്ണ വില: ബൈഡനുമായി സംസാരിക്കാൻ വിസമ്മതിച്ച് സൗദി, യൂ.എ.ഇ ഭരണാധികാരികൾ

ദോഹ: യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ എണ്ണ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി, യൂഎഇ ഭരണാധികാരികളുമായി സംഭാഷണം നടത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈഡനുമായി ടെലിഫോണിൽ സംഭാഷണം നടത്തണമെന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായെദും നിരസിച്ചതായി വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് […]

Update: 2022-03-11 07:00 GMT

ദോഹ: യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ എണ്ണ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി, യൂഎഇ ഭരണാധികാരികളുമായി സംഭാഷണം നടത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബൈഡനുമായി ടെലിഫോണിൽ സംഭാഷണം നടത്തണമെന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായെദും നിരസിച്ചതായി വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെയാണ് മുഹമ്മദ് ബിൻ സൽമാനും മുഹമ്മദ് ബിൻ സായെദും പിന്തുണച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡൻ പിന്നീട് ഇരു ഗൾഫ് നേതാക്കളെയും പൂർണ്ണമായും അവഗണിച്ചു. ഇതിനു പ്രതികാരം ചെയ്യാനുള്ള അപൂർവ്വ അവസരമാണ് സൗദി-യൂഎഇ നേതാക്കൾക്ക് യുക്രൈൻ യുദ്ധം മൂലം ലഭിച്ചത്.

ബൈഡൻ പ്രസിഡന്റ് ആയ ശേഷം വൈറ്റ് ഹൗസ് സന്ദർശിച്ച ആദ്യ ഗൾഫ് ഭരണാധികാരി ഖത്തർ അമീറായിരുന്നു.

മറ്റു രാജ്യങ്ങളിലെന്ന പോലെ അമേരിക്കയിലും എണ്ണ വില വർദ്ധനവ് വലിയ തലവേദനയാണ് പ്രസിഡന്റിന് സൃഷ്ടിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദിയുടെ സഹായമില്ലാതെ എണ്ണ വില നിയന്ത്രിക്കാൻ ബൈഡന് സാധ്യമല്ല.

ആഗോള വിപണിയിൽ എണ്ണ വില ഇപ്പോൾ ബാരലിന് 130 ഡോളറാണ്. ഇത് ഇനിയും വർധിക്കാനാണ് സാധ്യത.

വില കുറക്കാൻ എണ്ണ ഉത്പാദനം വർധിപ്പിക്കണമെന്ന യൂറോപ്പിയൻ രാജ്യങ്ങളുടെ അഭ്യർത്ഥന ഒപെക്കും റഷ്യയും കഴിഞ്ഞയാഴ്ച നിരസിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക ഇന്നലെ നിരോധിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സൗദി അറബ്യയെ ഒരു 'പരിയാ' രാജ്യമായി കണക്കാക്കുമെന്നു ബൈഡൻ പറഞ്ഞിരുന്നു. "അമേരിക്കയുമായുള്ള ബന്ധം സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് മറികടക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ," അമേരിക്കയിലെ യൂഎഇ അംബാസിഡർ യൂസുഫ് അൽ ഉതൈബ പറഞ്ഞു.

ഗൾഫ് പ്രതിസന്ധി പരിഹരിച്ചെങ്കിലും ഖത്തറും ബൈഡനുമായുള്ള പ്രത്യേക ബന്ധവും ഖത്തറിന് അമേരിക്ക പ്രത്യേക പദവി നൽകിയതും സൗദിയേയും യൂഎഇ യെയും ചൊടിപ്പിച്ചിരിക്കാനാണ് സാധ്യത.

എണ്ണ വില ഇനിയും വർദ്ധിച്ചാൽ ബൈഡന് അത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുവരാൻ കാത്തിരിക്കുന്ന ഡൊണാൾഡ് ട്രംപിന് അനുകൂലമാണ് പുതിയ സാഹചര്യങ്ങൾ. സൗദി, യൂഎഇ ഭരണാധികാരികളുമായി അടുത്ത ബന്ധമാണ് ട്രംപിനുള്ളത്.

Tags:    

Similar News