ഇന്ത്യാക്കാരോട് പ്രിയം ജര്‍മ്മനിക്ക്, മമതയില്ലാതെ ഫ്രാന്‍സ്
- 1.38 ലക്ഷം വിസാ ആപ്ലിക്കേഷനുകളാണ് ഫ്രാന്‍സിന് ഇന്ത്യാക്കാരില്‍നിന്നും ലഭിച്ചത്
- 2022-ല്‍ ഏറ്റവും കുറച്ച് വിസകള്‍ നിരസിച്ച രാജ്യം ജര്‍മ്മനി
- 27 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഷെങ്ഗന്‍ ഏരിയ
2022-ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെട്ടത് ഫ്രാന്‍സ്. 1.38 ലക്ഷം വിസാ ആപ്ലിക്കേഷനുകളാണ് ഫ്രാന്‍സിന് ഇന്ത്യാക്കാരില്‍നിന്നും ലഭിച്ചത്. 1.06 ലക്ഷം അപേക്ഷകള്‍ ലഭിച്ച സ്വിറ്റ്‌സര്‍ലാന്‍ഡും, 80,098 അപേക്ഷകള്‍ ലഭിച്ച സ്‌പെയ്‌നുമാണ് ഇക്കാര്യത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍.
2022 ഷെങ്ഗന്‍ വിസ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇത്പ്രകാരം ഇന്ത്യന്‍ ട്രാവലേഴ്‌സിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഫ്രാന്‍സാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ വിസ നിരസിച്ച രാജ്യവും ഫ്രാന്‍സ് ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2022-ല്‍ ഇന്ത്യയില്‍നിന്നും അപേക്ഷിച്ച 27,681 വിസകളാണ് ഫ്രാന്‍സ് നിരസിച്ചത്. ഫ്രാന്‍സ് നിരസിച്ച അപേക്ഷകള്‍ 20.12 ശതമാനമാണ്.
ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം സ്‌പെയ്‌നിനാണ്. 14,852 വിസകള്‍ സ്‌പെയ്ന്‍ 2022-ല്‍ നിരസിച്ചു. ശതമാനം 18.5 ശതമാനം വരും.
13,984 വിസകളാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് നിരസിച്ചത്. 2022-ല്‍ ഏറ്റവും കുറച്ച് വിസകള്‍ നിരസിച്ച രാജ്യം ജര്‍മ്മനിയാണ്. 8,615 വിസകളാണ് ജര്‍മ്മനി നിരസിച്ചത്.
ഇന്ത്യയില്‍നിന്നും 9,046 അപേക്ഷകളാണ് ഹംഗറിക്ക് ലഭിച്ചത്. എന്നാല്‍ 12.1 ശതമാനം അപേക്ഷകളും ഹംഗറി തള്ളി.
27 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഷെങ്ഗന്‍ ഏരിയ. ഇതില്‍ 22 രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങളുമാണ്.
ഇന്ത്യയിലെ ഷെങ്ഗന്‍ എംബസി/ കോണ്‍സുലേറ്റുകളില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അവര്‍ ഒരു അപ്പോയ്ന്‍മെന്റിനായി അപേക്ഷകരെ ക്ഷണിക്കും. സാധാരണയായി അപേക്ഷ സമര്‍പ്പിച്ച് നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളിലായിരിക്കും ഇത്തരത്തില്‍ ക്ഷണിക്കുക. ഇതിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ എംബസിയുടെ തീരുമാനവും അറിയിക്കും.