അനധികൃത കുടിയേറ്റം; മൂന്നാം വിമാനം യുഎസില്‍നിന്നും അമൃതസറിലെത്തി
- ഇത്തവണ എത്തിയത് 112 ഇന്ത്യാക്കാര്‍
- തിരിച്ചെത്തിയവരില്‍ 19 സ്ത്രീകളും രണ്ട് ശിശുക്കളും 14 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു
യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം അമൃതസറിലെത്തി. ഇത്തവണ 112 ഇന്ത്യാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹരിയാനയില്‍ നിന്നുള്ള 44 പേരും ഗുജറാത്തില്‍ നിന്നുള്ള 33 പേരും പഞ്ചാബില്‍ നിന്നുള്ള 31 പേരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റുള്ളവരും സംഘത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ 19 സ്ത്രീകളും രണ്ട് ശിശുക്കളും 14 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു.
ശനിയാഴ്ച രാത്രിയാണ് യുഎസില്‍നിന്നുള്ള രണ്ടാമത്തെ വിമാനം അമൃതസറിലെത്തിയത്. അതേസമയം നാടുകടത്തല്‍ വിമാനങ്ങള്‍ അമൃത്സറില്‍ ഇറങ്ങാന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിമര്‍ശിച്ചു. ഇത് 'പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താന്‍' ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. ട്രാവല്‍ ഏജന്റുമാര്‍ വഴിതെറ്റിച്ചതിന്റെയും മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി അപകടകരമായ വഴികളിലൂടെ സഞ്ചരിച്ചതിന്റെയും അനുഭവങ്ങള്‍ വിമാനത്തിലെത്തിയവര്‍ വിശദീകരിച്ചു.