കുടിയേറ്റക്കാര്‍ക്കെതിരെ യുകെയും; രേഖകളില്ലെങ്കില്‍ പൗരത്വം നിരസിക്കും

Update: 2025-02-12 12:51 GMT

രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിരസിക്കുമെന്ന് യുകെ; സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയേക്കും. നിലവില്‍ ട്രംപ് മോഡലില്‍ യുകെയിലും വ്യാപക തെരച്ചില്‍ അധികൃതര്‍ നടത്തുന്നുണ്ട്. ഇതുവരെ 800 ലധികം പേരെ നാടുകടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ റെസ്‌റ്റോറെന്റുകളിലും വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്. ബ്രിട്ടനില്‍ വിദ്യാര്‍ത്ഥിവിസയിലെത്തി ജോലിചെയ്യുന്ന നൂറുകണക്കിന് ഇന്ത്യാക്കാരുണ്ട്. ഇവര്‍ക്കെല്ലാം യുകെ നടപടി തിരിച്ചടിയാകും.

ചെറിയ ബോട്ടുകളില്‍ എത്തുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പിന്നീട് പൗരത്വം ലഭിക്കുന്നത് അസാധ്യമാക്കുന്നതിന് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

പുതിയ മാര്‍ഗനിര്‍ദേശപ്രകാരം കടല്‍ വഴി വരുന്നതോ വാഹനങ്ങളുടെ പിന്നില്‍ ഒളിച്ചുകടക്കുന്നതോ ആയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിഷേധിക്കപ്പെടും. എന്നാല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതിനെ ചില ലേബര്‍ എംപിമാര്‍ വിമര്‍ശിച്ചു.

അനധികൃതമായി എത്തിയവരെ തിരിച്ചയക്കുമ്പോള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്ക് വിസ നല്‍കില്ലെന്നും മുന്നറിയിപ്പുണ്ട്. യുകെയുടെ നാടുകടത്തല്‍ പദ്ധതിയില്‍ സഹകരിച്ചില്ലെങ്കില്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആഞ്ചെലെ ഈഗിള്‍ പറഞ്ഞു. കുറ്റകൃത്യം ചെയ്തവരേയും അനധികൃതമായി പ്രവേശിച്ചവരേയുമാണ് ഇപ്പോള്‍ നാടുകടത്തുന്നത്.

2024-ല്‍ 36,816 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി. 2023-ല്‍ എത്തിയ 29,437-ല്‍ നിന്ന് 25 ശതമാനം വര്‍ധനവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

Tags:    

Similar News