അനധികൃത കുടിയേറ്റം; യുഎസില്‍ നിന്നുള്ള രണ്ടാം വിമാനവും എത്തി

  • വിമാനത്തില്‍ ഉണ്ടായിരുന്നത് 116 കുടിയേറ്റക്കാര്‍
  • ടംപ് ഭരണകൂടം നാടുകടത്തുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരാണിത്
  • കുടിയേറ്റക്കാരെയും വഹിച്ചുള്ള ആദ്യവിമാനം ഈമാസം അഞ്ചിനായിരുന്നു

Update: 2025-02-16 04:50 GMT

അനധികൃത കുടിയേറ്റക്കാരുടെ രണ്ടാമത്തെ ബാച്ചുമായി യുഎസ് വിമാനം അമൃതസറിലെത്തി. 116 ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഇതിലുണ്ടായിരുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. രാത്രി 11.35 ഓടെയാണ് ഇന്ത്യാക്കാരെയും വഹിച്ചുകൊണ്ടുള്ള സി-17 വിമാനം ലാന്‍ഡ്‌ചെയ്തത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളുടെ ഭാഗമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നാടുകടത്തുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരാണിത്.

ഇമിഗ്രേഷന്‍, വെരിഫിക്കേഷന്‍, പശ്ചാത്തല പരിശോധനകള്‍ എന്നിവയുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവര്‍ക്ക് സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവാദമുണ്ടാകും.

നേരത്തെ, വിമാനത്തില്‍ 119 കുടിയേറ്റക്കാര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ പുതുക്കിയ യാത്രക്കാരുടെ പട്ടിക പ്രകാരം, രണ്ടാമത്തെ ബാച്ചിലെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 116 ആണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

നാടുകടത്തപ്പെട്ടവരില്‍ 65 പേര്‍ പഞ്ചാബില്‍ നിന്നും, 33 പേര്‍ ഹരിയാനയില്‍ നിന്നും, എട്ട് പേര്‍ ഗുജറാത്തില്‍ നിന്നും, രണ്ട് പേര്‍ ഉത്തര്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും, ഒരാള്‍ വീതം ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. ഇവരില്‍ ഭൂരിഭാഗവും 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് സ്രോതസ്സുകള്‍ പറയുന്നു. നാടുകടത്തപ്പെട്ടവരില്‍ ചിലരുടെ കുടുംബങ്ങള്‍ അവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 157 പേരുമായി മൂന്നാമത്തെ വിമാനം ഫെബ്രുവരി 16 ന് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. കുടിയേറ്റക്കാരെയും വഹിച്ചുള്ള ആദ്യവിമാനം യുഎസില്‍ നിന്നെത്തിയത് ഫെബ്രുവരി അഞ്ചിനായിരുന്നു.

അതേസമയം യുഎസ് വിമാനങ്ങള്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി രംഗത്തുവന്നു. ഇത് രാഷ്ട്രീയമായ നീക്കമാണെന്ന് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ ആരോപിച്ചു. പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ മനുഷ്യക്കടത്ത് തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വയും ആരോപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്ര ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തുവെന്നും അദ്ദേഹം ചോദിച്ചു. 

Tags:    

Similar News