കാനഡ: ഇന്ത്യന്‍ കുടിയേറ്റം അനിശ്ചിതത്വത്തിലേക്കോ?

  • കുടിയേറ്റം കാരണം ഭവനക്ഷാമം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ കാനഡയെ വേട്ടയാടുന്നു
  • എന്‍വയോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വേ പ്രതിഫലിപ്പിക്കുന്നത് പൊതുജനവികാരത്തിലെ മാറ്റം
  • കാനഡയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം വര്‍ധിച്ചത് 326 ശതമാനം

Update: 2024-10-18 09:49 GMT

കാനഡയിലെ 60 ശതമാനം ജനങ്ങള്‍ക്കും കുടിയേറ്റക്കാരെ ആവശ്യമില്ലെന്ന് എന്‍വയോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പുതിയ സര്‍വേ പറയുന്നു. രാജ്യത്ത് കുടിയേറ്റം അധികമായി എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇത് കുടിയേറ്റത്തിനെതിരെ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ എതിര്‍പ്പാണ്. കനേഡിയന്‍മാരില്‍ 70 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ കുടിയേറ്റം സാമ്പത്തികമായി പ്രയോജനകരമാണെന്ന് കരുതുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഇത് മുന്‍ വര്‍ഷങ്ങളിലെ കണക്കിനെക്കാള്‍ തീരെ കുറവാണ്.

പൊതുജനാഭിപ്രായത്തിനും സാമൂഹിക ഗവേഷണത്തിനും പേരുകേട്ട നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേ, കാനഡയുടെ ഇമിഗ്രേഷന്‍ നയങ്ങളില്‍ വര്‍ധിച്ചുവരുന്ന അതൃപ്തി സൂചിപ്പിക്കുന്നു. സെപ്റ്റംബറില്‍ റിലീസ് ചെയ്ത ഈ സര്‍വേ റിപ്പോര്‍ട്ട് പൊതുജനവികാരത്തിലെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

കാനഡക്കാരുടെ ആശങ്കകള്‍ ഭവനക്ഷാമം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സാഹചര്യം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിലുള്ള അതൃപ്തി എന്നിവയെ ചുറ്റിപ്പറ്റിയാണ്. നവംബറില്‍ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ പരിമിതപ്പെടുത്താനുള്ള സമ്മര്‍ദ്ദം ഇപ്പോള്‍ നേരിടുകയാണ്.

കാനഡയിലെ ജനസംഖ്യ 2023 ജനുവരിമുതല്‍ 2024 ജനുവരി വരെ 1,271,872 വര്‍ധിച്ചു. 957 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചാ നിരക്കാണിത്. ഇത് കുടിയേറ്റത്തിന്റെ ഫലമാണെന്ന് കാനഡക്കാര്‍ വിശ്വസിക്കുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ പസഫിക് തീരത്തെ നഗരമായ സാന്‍ ഡിയാഗോയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ കൂട്ടുന്നതിന് തുല്യമായ റെക്കോര്‍ഡ് വളര്‍ച്ചയാണ് കാനഡയില്‍ ഉണ്ടായത്. വര്‍ധിച്ചുവരുന്ന വാടക, പൊതു സേവന സമ്മര്‍ദ്ദം, തൊഴിലില്ലായ്മയുടെ വര്‍ധനവ് തുടങ്ങിയ പ്രശ്‌നങ്ങളും അവിടെ രൂക്ഷമായിട്ടുണ്ട്.

കാനഡ കുടിയേറ്റംസമബന്ധിച്ച് എന്ത് നിലപാട് സ്വീകരിച്ചാലും അത് ഇന്ത്യയെ സാരമായി ബാധിക്കും.

കാനഡയിലെ പാര്‍പ്പിട ദൗര്‍ലഭ്യവും പൊതുസേവനങ്ങളിലെ സമ്മര്‍ദ്ദവും കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസത്തിന് ബുദ്ധിമുട്ടാകും.കാനഡയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം കുതിച്ചുയര്‍ന്നതോടെ, വിസ നയങ്ങള്‍ കര്‍ശനമാക്കുന്നത്, പ്രത്യേകിച്ച് താല്‍ക്കാലിക താമസക്കാര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ കുടിയേറ്റം 326 ശതമാനമാണ് വര്‍ധിച്ചത്. ഒരു ദശാബ്ദത്തിനിടെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം 5,800% വര്‍ധിച്ചു. 2013 നും 2023 നും ഇടയില്‍, കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം 32,828 ല്‍ നിന്ന് 139,715 ആയാണ് ഉയര്‍ന്നത്.

നവംബര്‍ 1-നകം ട്രൂഡോയുടെ ഗവണ്‍മെന്റ് അതിന്റെ പുതിയ ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, വിദേശ തൊഴിലാളികള്‍, അഭയാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെയുള്ള താത്കാലിക താമസക്കാരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനൊപ്പം വാര്‍ഷിക സ്ഥിരതാമസ ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മുമ്പ് സൂചിപ്പിച്ചിരുന്നു.

Tags:    

Similar News