ഇന്ത്യയിലെ നയതന്ത്ര ദൗത്യം: ഇന്ത്യന്‍ ജീവനക്കാരെ ഒഴിവാക്കി കാനഡ

  • പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല
  • ജീവനക്കാരെ ഒഴിവാക്കിയതില്‍ കാനഡ ഖേദം പ്രകടിപ്പിച്ചു
  • ഇന്ത്യയിലെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും

Update: 2024-04-12 06:00 GMT

ഇന്ത്യയിലെ നയതന്ത്ര ദൗത്യങ്ങളില്‍നിന്ന് ഡസന്‍ കണക്കിന് ഇന്ത്യന്‍ ജീവനക്കാരെ ഒഴിവാക്കി. മാനേജ്‌മെന്റിന് ആവശ്യമായ കനേഡിയന്‍ ഉദ്യോഗസ്ഥരുടെ കുറവ് കാരണം രാജ്യത്തുടനീളമുള്ള നയതന്ത്ര ദൗത്യങ്ങളിലെ ഇന്ത്യന്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം ആനുപാതികമായി കുറയ്ക്കുകയായിരുന്നു. നയതന്ത്ര സാന്നിധ്യത്തില്‍ തുല്യത കൈവരിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം 41 കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയതിന് മറുപടിയായാണ് ഈ നീക്കം. തല്‍ഫലമായി, കാനഡ മുംബൈ, ചണ്ഡീഗഡ്, ബെംഗളൂരു എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളില്‍നിന്ന് നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.

പിരിച്ചുവിട്ട ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇതില്‍ ഇത് നൂറില്‍ താഴെയാണെന്ന് കരുതുന്നു. ജീവനക്കാരുടെ കുറവ് സ്ഥിരീകരിച്ചുകൊണ്ട്, ഹൈക്കമ്മീഷനിലെ ഒരു മീഡിയ റിലേഷന്‍സ് ഉദ്യോഗസ്ഥന്‍ ഈ തീരുമാനത്തിന്റെ ആവശ്യകതയില്‍ ഖേദം പ്രകടിപ്പിച്ചു.

''ഇന്ത്യയിലെ പ്രാദേശിക ജീവനക്കാര്‍ക്ക് അവരുടെ സഹിഷ്ണുതയ്ക്കും അര്‍പ്പണബോധത്തിനും സേവനത്തിനും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍സുലാര്‍ പിന്തുണയും വ്യാപാര-ബിസിനസ് വികസനവും ഉള്‍പ്പെടെ ഇന്ത്യയിലെ കനേഡിയന്‍മാര്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണ്, ''അധികൃതര്‍ പറയുന്നു.

കാനഡയുടെ ഇന്ത്യയിലെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നയതന്ത്ര പിരിമുറുക്കം ഉണ്ടായിരുന്നിട്ടും, കാനഡ ഇന്ത്യന്‍ പൗരന്മാരുമായുള്ള ശാശ്വതമായ ബന്ധത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. സന്ദര്‍ശനങ്ങള്‍, ജോലി, പഠനം, അല്ലെങ്കില്‍ രാജ്യത്ത് സ്ഥിര താമസം എന്നിവയ്ക്കായി ഇന്ത്യാക്കാരെ സ്വാഗതം ചെയ്യുന്നു. കാനഡയുടെ കോണ്‍സുലേറ്റ് സേവനങ്ങള്‍ അടച്ചുപൂട്ടുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല, കാരണം ഡല്‍ഹിയിലെയും ഒട്ടാവയിലെയും അതാത് ഹൈക്കമ്മീഷനുകള്‍ തമ്മിലുള്ള നയതന്ത്ര തുല്യത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനം.

ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തില്‍ നിന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര വിള്ളല്‍ ഉടലെടുത്തത്. ഇതിന് മറുപടിയായി കനേഡിയന്‍ നയതന്ത്രജ്ഞര്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആരോപിച്ചു.

കനേഡിയന്‍ കാര്യങ്ങളില്‍ വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന കമ്മിറ്റിക്ക് മുമ്പാകെ തന്റെ മൊഴിയില്‍ ട്രൂഡോ നിജ്ജാര്‍ കേസിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ ആവര്‍ത്തിച്ചു. കാനഡക്കാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്തു.

Tags:    

Similar News