ഇന്ത്യാക്കാര്‍ക്ക് സുവര്‍ണാവസരം;ഇ-വിസ പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍
- സിംഗിള്‍ എന്‍ട്രി വിസയിലൂടെ 90 ദിവസം വരെ ജപ്പാനില്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാം
- ജപ്പാന്‍ ഇ-വിസ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ അപേക്ഷാഫോം ലഭ്യമാകും
- അപേക്ഷകന്റെ താമസസ്ഥലത്തിന്റെ അധികാരപരിധിയിലുള്ള ജാപ്പനീസ് നയതന്ത്ര സ്ഥാപനത്തില്‍ അഭിമുഖത്തിന് ഹാജരാകേണ്ടിവരും
ജപ്പാനിലേക്ക് പോകാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത. ഇ വിസ പദ്ധതി ജപ്പാന്‍ പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. സിംഗിള്‍ എന്‍ട്രി വിസയിലൂടെ 90 ദിവസം വരെ ജപ്പാനില്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാം. സാധാരണ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിമാനമാര്‍ഗം ജപ്പാനിലെത്താം. ഇന്ത്യ കൂടാതെ ഓസ്ട്രേലിയ, ബ്രസീല്‍, കംബോഡിയ, കാനഡ, സൗദി അറേബ്യ, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, തായ്വാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്,യുകെ,യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
അപേക്ഷിക്കേണ്ട വിധം
ജപ്പാന്‍ ഇ-വിസ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ അപേക്ഷാഫോം ലഭ്യമാകും. ആവശ്യമായ രേഖകള്‍ സഹിതം വേണം അപേക്ഷിക്കാന്‍. അപേക്ഷകന്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷയുടെ ഫലം അയക്കും. വിസ ഫീസും ഓണ്‍ലൈനായി അടയ്ക്കാം. പണമടച്ചതിന് ശേഷം ഇ വിസ നല്‍കും. അപേക്ഷാ പ്രക്രിയയ്ക്കിടെ, അപേക്ഷകന്റെ താമസസ്ഥലത്തിന്റെ അധികാരപരിധിയിലുള്ള ജാപ്പനീസ് നയതന്ത്ര സ്ഥാപനത്തില്‍ അഭിമുഖത്തിന് ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കാം.