കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമരം പുനരാരംഭിച്ചു

  • കാനഡ പ്രവിശ്യയായ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലാണ് പ്രതിസന്ധി
  • ആരോഗ്യ സംരക്ഷണം, പാര്‍പ്പിട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ പരിമിതിയെന്ന് അധികൃതര്‍

Update: 2024-06-19 14:07 GMT

കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം പുനരാരംഭിച്ചു. കാനഡ പ്രവിശ്യയായ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (പിഇഐ) ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്.കാനഡയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ നാടുകടത്തപ്പെടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

കിഴക്കന്‍ കാനഡയിലെ പ്രവിശ്യ, വന്‍തോതില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന മറ്റൊരു പ്രവിശ്യയായ മാനിറ്റോബയില്‍ നിന്ന് ഉപദേശം തേടാന്‍ ഒരു ഇമിഗ്രേഷന്‍ ഉപദേഷ്ടാവ് ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിച്ചത്.

പ്രാദേശിക നേതാക്കളുടെ ഉപദേശപ്രകാരം നേരത്തെ പ്രതിഷേധിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആഴ്ചകള്‍ക്ക് മുമ്പ് നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളില്‍ ചിലരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നേരത്തെ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം വന്നത്.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, അതിന്റെ ആരോഗ്യ സംരക്ഷണത്തിലും പാര്‍പ്പിട അടിസ്ഥാന സൗകര്യങ്ങളിലുമുള്ള പരിമിതി ചൂണ്ടിക്കാട്ടിയാണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് തീരുമാനമെടുത്തത്.ഇമിഗ്രേഷന്‍ നിയമങ്ങള്‍ പെട്ടെന്ന് മാറ്റുകയും വര്‍ക്ക് പെര്‍മിറ്റ് നിരസിക്കുകയും ചെയ്തതായി പ്രതിഷേധിക്കുന്ന ഇന്ത്യക്കാര്‍ ആരോപിക്കുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന കാര്യത്തില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ തവണ, മേയ് 31 ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവരെ കാണുകയും പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ബാധിക്കുന്ന 250 തൊഴിലാളികളുടെ ലിസ്റ്റ് എടുക്കുന്നതിനെക്കുറിച്ച് ഉറപ്പ് നല്‍കുകയും ചെയ്യുന്നതുവരെ അവര്‍ ഒമ്പത് ദിവസം ഭക്ഷണമില്ലാതെ സമരം തുടര്‍ന്നു.

Tags:    

Similar News