ട്രൂഡോയുടെ ആരോപണത്തിനു പിന്നിലെ അപകടമെന്താണ്?
- ഇന്ത്യയുമായുള്ള നയതന്ത്ര സംഘര്‍ഷം കാനഡയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍
- ട്രൂഡോയുടെ ആരോപണങ്ങള്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് അവേശമായി
- കനേഡിയന്‍ പ്രധാനമന്ത്രിയുടെ ജനസമ്മതി കുറഞ്ഞു
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിനു പിന്നില്‍ അപകടമെന്താണ്? ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനുപുറമേ ഈ ആരോപണങ്ങള്‍ ആ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെയും സാരമായി ബാധിക്കുകയാണ്. ഇന്ത്യാക്കാര വിഭജിക്കുന്നതില്‍ ട്രൂഡോയുടെ ആരോപണം വലിയ പങ്കുവഹിച്ചു. കൂടാതെ ഇത് ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് ആവേശമായി മാറുകയും ചെയ്തു. ഇക്കാരണത്താലാണ് ഇന്ത്യാക്കാരായ ഹിന്ദുക്കള്‍ ഉടന്‍ കാനഡ വിടണമെന്ന ഭീഷണി ഭീകരര്‍ ഉടന്‍ പുറപ്പെടുവിച്ചത്.
ട്രൂഡോയുടെ ആരോപണങ്ങള്‍ക്കുശേഷം നയതന്ത്രജ്ഞരെ പുറത്താക്കുന്നത് മുതല്‍ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് വരെ സംഘര്‍ഷം നീണ്ടു. ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങളുണ്ടാക്കാനോ കാനഡ നോക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറയുന്നുണ്ടെങ്കിലും ആരോപണങ്ങള്‍ക്ക് ദൂരവ്യാപകമായ പത്യാഘാതങ്ങള്‍ ഉണ്ടായി. വിഷയം 'അങ്ങേയറ്റം ഗൗരവമായി' കാണാനും ഒട്ടാവയുമായി ചേര്‍ന്ന് സത്യം കണ്ടെത്താന്‍ പ്രവര്‍ത്തിക്കാനും ട്രൂഡോ ഇന്ത്യയോട് ആവശ്യപ്പെട്ടു.
കനേഡിയന്‍ ഗവണ്‍മെന്റ് അതിന്റെ യഥാര്‍ത്ഥ ആശങ്കകള്‍ അഭിസംബോധന ചെയ്യുന്നില്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നു. തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകളൊന്നും അവതരിപ്പിക്കാന്‍ ട്രൂഡോയ്ക്ക് കഴിഞ്ഞിട്ടുമില്ല. ഈ തര്‍ക്കത്തില്‍ ഇരു രാജ്യങ്ങള്‍ക്കും നഷ്യം മാത്രമാണ് ഉണ്ടാകുക. വ്യാപാരത്തിലും ഇന്തോ-പസഫിക് സ്ഥാപനങ്ങളുടെ ശൃംഖലയുടെ ഭാഗമാകാനുള്ള കഴിവിലും ഒട്ടാവയ്ക്ക് നഷ്ടമുണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ഒരു ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡെല്‍ഹിയുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമങ്ങളില്‍ കാനഡയുമായി ചേര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക വ്യക്തമാക്കി. അതേസമയം യിഎസിന് ഒരു രാജ്യത്തെ തെരഞ്ഞെടുക്കേണ്ടിവരുന്ന ഒരു അവസ്ഥ ഉണ്ടായാല്‍ അമേരിക്ക ഇന്ത്യയെയാകും തെരഞ്ഞെടുക്കുക എന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍ പറഞ്ഞത് പ്രാധാന്യമര്‍ഹിക്കുന്നു. മൈക്കല്‍ റൂബിന്‍ മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനും ഇറാന്‍, തുര്‍ക്കി, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌പെഷ്യലൈസേഷനിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമാണ്. ഇന്ത്യ തന്ത്രപരമായി കാനഡയേക്കാള്‍ പ്രാധാന്യമുള്ളതാണെന്നും ഒട്ടാവ ഇന്ത്യയുമായുള്ള പോരാട്ടം തിരഞ്ഞെടുക്കുന്നത് 'ഒരു ഉറുമ്പ് ആനക്കെതിരെയുള്ള പോരാട്ടം' പോലെയാണെന്നും അദ്ദേഹം വാദിച്ചു. നിജ്ജാര്‍ ഒരു തീവ്രവാദി ആയിരുന്നു എന്നതും യുഎസിന് പ്രധാനമാണ്.
2025ല്‍ കാനഡ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഇപ്പോള്‍ തന്നെ ജനസമ്മിതി ഇടിഞ്ഞ ട്രൂഡോയ്ക്ക് ഇന്ത്യക്കെതിരായ പ്രശ്‌നം വിലങ്ങുതടിയാകും. ഒരു വിഭാഗം സിഖ് വംശജരുടെ പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കാം. എന്നാല്‍ ഭൂരിപക്ഷത്തിനെ അദ്ദേഹത്തിനൊപ്പം നിര്‍ത്താനാകുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.
ഖാലിസ്ഥാന്‍ അനുഭാവിയായ എന്‍ഡിപി നേതാവ് ജഗ്മീത് സിങ്ങാണ് ജസ്റ്റിന്‍ ട്രൂഡോയുടെ സഖ്യകക്ഷി. സമീപകാല വോട്ടെടുപ്പ് അനുസരിച്ച്, 2022 സെപ്റ്റംബറിന് ശേഷം സിംഗിന്റെ ജനപ്രീതി നാല് പോയിന്റ് കുറഞ്ഞു.
വില്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്ലോഗ്‌പോസ്റ്റില്‍, കാനഡ ഇന്‍സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് സേവ്യര്‍ ഡെല്‍ഗാഡോ, വ്യാപാരകാര്യങ്ങളില്‍ കാനഡയ്ക്ക് നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തുന്നു. ഇന്ത്യയുമായുള്ള ബന്ധം തണുത്തുറയുന്നത് ഇന്‍ഡോ-പസഫിക് സ്ഥാപനങ്ങളുടെ ശൃംഖലയില്‍ ചേരാനുള്ള കാനഡയുടെ കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. മേഖലയില്‍ ഇന്ത്യയുടെ സ്വാധീനവും ശക്തിയും ഒട്ടാവയ്ക്ക് വ്യക്തമായി അറിയാമെന്നും ഡെല്‍ഗാഡോ പറഞ്ഞു.