ഉക്രൈനിന് നല്‍കുന്ന പിന്തുണ തുടരുമെന്ന് യുഎസ്

  • സെലന്‍സ്‌കിയുടെ സഹായ അഭ്യര്‍ത്ഥനക്കു പിന്നാലെയാണ് യുഎസ് വാഗ്ദാനം
  • യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുക ഉക്രൈന്‍ മാത്രമാവില്ലെന്ന് മുന്നറിയിപ്പ്

Update: 2024-01-17 09:25 GMT

ഉക്രെയ്നിന് പിന്തുണ തുടരുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ വിജയിക്കാന്‍ യുഎസിന്റെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെയായിരുന്നു യുഎസിന്റെ ഈ ഉറപ്പ്. ആരുടെ പിന്തുണയില്ലെങ്കിലും റഷ്യയ്ക്കെതിരെ ഉക്രെയ്ന്‍ നിലകൊള്ളും എന്ന് പ്രസിന്റ് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. ഇത് മോശം പരീക്ഷണമാണെങ്കിലും യുദ്ധം കാരണം ദുരിതമനുഭവിക്കുക ഉക്രെയ്ന്‍ ജനതമാത്രമാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് സള്ളിവന്‍ പിന്തുണ വാഗ്ദാനം ചെയ്തത്. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാമെല്ലാവരും ചേര്‍ന്ന് വിവേകപൂര്‍ണ്ണവും ധീരവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണെങ്കില്‍ എല്ലാവര്‍ക്കും സമാധാനവും സുരക്ഷിതത്വവും കൈവരിക്കാന്‍ കഴിയുമെന്നും സള്ളിവന്‍ പറഞ്ഞു. പശ്ചിമേഷ്യ സംബന്ധിച്ചുള്ള അമേരിക്കയുടെ സമീപനവും യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.

ഉക്രെയ്നെ പിന്തുണയ്ക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും കോണ്‍ഗ്രസിനും അമേരിക്കന്‍ ജനതയ്ക്കും നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്കും നേതൃത്വത്തിനും നന്ദി പറയുന്നതായി സെലെന്‍സ്‌കി പറഞ്ഞു.

വ്യോമ പ്രതിരോധത്തിലും ദീര്‍ഘദൂര ആക്രമണ ശേഷിയിലും പ്രത്യേക ഊന്നല്‍ നല്‍കി ഉക്രെയ്നും യുഎസും തമ്മിലുള്ള കൂടുതല്‍ പ്രതിരോധ സഹകരണത്തെക്കുറിച്ച് സംസാരിച്ചതായി ഉക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു.

'ഉക്രെയ്‌നിലെ അന്താരാഷ്ട്ര നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു, പ്രത്യേകിച്ച് പ്രതിരോധ നിര്‍മ്മാണത്തില്‍, കൂടുതല്‍ പ്രതിരോധ സഹകരണവും സഹ-ഉല്‍പാദനവും ഉക്രെയ്‌നിന്റെ സ്വാശ്രയത്വം വര്‍ധിപ്പിക്കും. അത് വിദേശ സൈനിക, സാമ്പത്തിക സഹായം എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News