എഫ്ടിഎ: യുകെ അരിവിപണി ആശങ്കയില്‍
- ഇന്ത്യയില്‍നിന്ന് അരി ഇറക്കുമതിചെയ്യുന്ന യുകെയിലെ മില്ലുകള്‍ പ്രതിസന്ധിയിലാകും
- മൂവായിരത്തിലധികം പേര്‍ ഈ മില്ലുകളില്‍ ജോലി ചെയ്യുന്നു
- കുറഞ്ഞ വിലയുള്ള വെള്ള അരി നേരിട്ട് യുകെയിലെത്തുമോ എന്നത് ആശങ്ക
ഇന്ത്യയും ബ്രിട്ടനും ദീര്‍ഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിലേക്ക് (എഫ്ടിഎ) അടുക്കുമ്പോള്‍, യുകെയിലെ അരിവിപണി ആശങ്ക പ്രകടിപ്പിക്കുന്നു. ബ്രിട്ടീഷ് റൈസ് മില്ലറുകളായ ടില്‍ഡ, വീറ്റി റൈസ് എന്നിവ പതിറ്റാണ്ടുകളായി ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ താരിഫില്‍ മില്‍ഡ് റൈസ് ഇറക്കുമതി ചെയ്ത് യുകെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന വിധത്തില്‍ പോളീഷ് ചെയ്ത് വെളുത്ത ഉല്‍പ്പന്നമാക്കി വിപണിയില്‍ എത്തിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്
എന്നാല്‍ വെള്ള അരിയുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയും ബ്രിട്ടീഷ് വ്യാപാര ഉദ്യോഗസ്ഥരില്‍ നിന്ന് ചെറിയ പ്രതികരണം ലഭിക്കുകയും ചെയ്തതോടെ, തെക്കന്‍ ഇംഗ്ലണ്ടിലെ കെന്റ് മുതല്‍ വടക്ക് യോര്‍ക്ക്ഷയര്‍ വരെ ചിതറിക്കിടക്കുന്ന 16 മില്ലുകളും പ്രതിസന്ധിയിലാകുമെന്നാണ് അവരുടെ ആശങ്ക. ഈ പ്ലാന്റുകളില്‍ മൂവായിരത്തിലധികം ആള്‍ക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
അരി വ്യവസായ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത ഹൗസ് ഓഫ് കോമണ്‍സില്‍ കഴിഞ്ഞ മാസം നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ റൈസ് അസോസിയേഷന്റെ ഔട്ട്‌ഗോയിംഗ് ഡയറക്ടര്‍ അലക്‌സ് വോ ഇത് സംബന്ധിച്ച പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ അഭിലഷണീയമായ വ്യാപാര ഇടപാടിനായി പ്രവര്‍ത്തിക്കുകയാണെന്നാണ് യുകെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡിന്റെ വക്താവ് പറയുന്നത്. ന്യായവും 'സന്തുലിതവും ആത്യന്തികമായി ബ്രിട്ടീഷ് ജനതയുടെയും സമ്പദ് വ്യവസ്ഥയുടെയും മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മാത്രമേ കരാർ ഒപ്പുവയ്ക്കുകയുള്ളുവെന്ന് ഞങ്ങള്‍ എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്,' വക്താവ് പറഞ്ഞു.
പ്രായോഗികമായി, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബോറിസ് ജോണ്‍സന്റെ കീഴില്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ വര്‍ഷം കരാര്‍ ഒപ്പിടാന്‍ കഴിയുമെന്ന പ്രതീക്ഷ ഇരുപക്ഷത്തും ഉണ്ട്. എന്നാല്‍, ബ്രിട്ടീഷ് റൈസ് മില്ലര്‍മാരുടെ ആശങ്ക ഇപ്പോഴും തുടരുകയാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങളുടെ അഭാവത്തെക്കുറിച്ച് കമ്പനികള്‍ പരാതിപ്പെടുന്നു.
അരിയുടെ മേലുള്ള താരിഫ് വിഷയം വളരെ സെന്‍സിറ്റീവ് ആണെന്നും ഇതുവരെ കരാറില്‍ എത്തിയിട്ടില്ലെന്നും ഒദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
നിലവില്‍, യുകെ ഇന്ത്യയില്‍ നിന്ന് വലിയ അളവില്‍ മട്ട അരി ഇറക്കുമതി ചെയ്യുന്നു. ഏകദേശം 150,000 മെട്രിക് ടണ്‍. അല്ലെങ്കില്‍ മൊത്തം അരി ഇറക്കുമതിയുടെ നാലിലൊന്ന് ഇവിടെനിന്നാണ് യുകെയിലേക്ക് എത്തുന്നത്. വെള്ള അരിയുടെ താരിഫ് വെട്ടിക്കുറയ്ക്കുന്നത് യുകെ മില്ലുകളെ പ്രതിസന്ധിയിലാക്കും. അതേസമയം ഉപഭോക്താക്കള്‍ക്ക് തുച്ഛമായ വില ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും.
കുറഞ്ഞ യുകെ താരിഫില്‍ നിന്ന് ഇന്ത്യക്ക് കാര്യമായ നേട്ടമുണ്ടാകില്ലെന്ന് വോ വാദിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് ഇതിനകം തന്നെ യുകെ മില്ലുകളില്‍ നിന്ന് അവരുടെ ബ്രൗണ്‍ അരിക്ക് ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിലയേക്കാള്‍ മികച്ച വില ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.