സിയാല്‍ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം 2-ന്
- മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് നാലുപദ്ധതികള്‍
- പൂര്‍ത്തിയായ മുന്ന് പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യന്ത്രി നിര്‍വഹിക്കും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ( സിയാല്‍) വികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധ്യതയുള്ള നാലു പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കൂടാതെ പൂര്‍ത്തിയായമൂന്നു പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. രാജ്യാന്തര ടെര്‍മിനല്‍ വികസനം ഒന്നാംഘട്ടം, ചുറ്റുമതില്‍ ഇലക്ട്രോണിക് സുരക്ഷാവലയം, ഗോള്‍ഫ് റിസോര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്റര്‍, ലക്ഷ്വറി എയ്‌റോ ലോഞ്ച് എന്നീ പദ്ധതികള്‍ക്കാണ് മുഖ്യമന്ത്രി തറക്കല്ലിടുക.
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര ഇ-ബോര്‍ഡിങ് സോഫ്റ്റ് വേര്‍ , നവീകരിച്ച് അടിയന്തിര രക്ഷാസംവിധാനം എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുകയും ചെയ്യും.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, വിമാനത്താവള ആധുനികവല്‍ക്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുതലായ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിയാല്‍ വികസന പദ്ധതികള്‍ നടപ്പാക്കി വരുന്നത്.
വ്യവസായ മന്ത്രി അഡ്വ. പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജന്‍, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.