ഇന്ത്യാക്കാര്‍ക്കിടയില്‍ യൂറോപ്പ് യാത്രകള്‍ക്ക് പ്രചാരമേറുന്നു;ഷെങ്കന്‍ വിസ അപേക്ഷകളില്‍ വര്‍ധന
- 2023 ലെ ഷെങ്കന്‍ വിസ അപേക്ഷകളില്‍ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി
- 2023 ല്‍ ആകെ അനുവദിച്ചത് 8.49 ദശലക്ഷം വിസകള്‍
- ഷെങ്കന്‍ വിസകള്‍ തേടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഒരു പുതിയ വിസ കാസ്‌കേഡ് സംവിധാനം അവതരിപ്പിച്ചു
ഇന്ത്യാക്കാര്‍ക്ക് അവധിയാഘോഷിക്കാന്‍ പ്രിയപ്പെട്ട ഇടമായി യൂറോപ്പ് മാറുകയാണ്. ഇന്ത്യന്‍ പൗരന്മാരില്‍ നിന്നുള്ള ഷെങ്കന്‍ വിസ അപേക്ഷകളില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 നെ അപേക്ഷിച്ച് 2023 ല്‍ 43 ശതമാനം വര്‍ധനവുണ്ടായി. 2023 ലെ ഷെങ്കന്‍ വിസ അപേക്ഷകളില്‍ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ആകെ 9,66,687 വിസ അപേക്ഷകളാണ് ലഭിച്ചത്. ചൈനീസ് പൗരന്മാരാണ് ഏറ്റവും കൂടുതല്‍ വിസ അപേക്ഷകള്‍ സമര്‍പ്പിച്ചത്. 1.1 ദശലക്ഷം വരുമിത്. തുര്‍ക്കിയെ പിന്തള്ളി 2018 ന് ശേഷം ആദ്യമായി ചൈന ഒന്നാമതെത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2023 ല്‍ ഷെങ്കന്‍ വിസ അപേക്ഷകളില്‍ 10 ശതമാനത്തിലധികം ചൈനീസ് പൗരന്മാരായിരുന്നു. തുര്‍ക്കികളും ഇന്ത്യാക്കാരും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. കൂടാതെ, 2023 ല്‍ സമര്‍പ്പിച്ച ഷെങ്കന്‍ വിസ അപേക്ഷകളുടെ എണ്ണം 10.3 ദശലക്ഷത്തിലധികം കവിഞ്ഞു. 2022 നെ അപേക്ഷിച്ച് 37 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. 2023 ല്‍ ആകെ 8.49 ദശലക്ഷം വിസകള്‍ അനുവദിച്ചു. മൊത്തം അപേക്ഷകളില്‍ 82.3 ശതമാനവും അംഗീകരിച്ചതായി കാണിക്കുന്നു. 2022 ല്‍ സ്വീകാര്യത നിരക്ക് 78.4 ശതമാനമായിരുന്നു.
യൂറോപ്യന്‍ കമ്മീഷന്‍ കഴിഞ്ഞ മാസം ഷെങ്കന്‍ വിസകള്‍ തേടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഒരു പുതിയ വിസ കാസ്‌കേഡ് സംവിധാനം അവതരിപ്പിച്ചു. കാലാവധി നീട്ടാന്‍ സാധ്യതയുള്ള ഒന്നിലധികം എന്‍ട്രി വിസകളില്‍ നേരിട്ടുള്ള പ്രവേശനം അനുവദിക്കും. പുതിയ നിയമങ്ങള്‍ പ്രകാരം, ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിയമപരമായി രണ്ട് വിസകള്‍ നേടുകയും ഉപയോഗിക്കുകയും ചെയ്തതിട്ടുണ്ടെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് സാധുതയുള്ള ദീര്‍ഘകാല, മള്‍ട്ടി എന്‍ട്രി ഷെങ്കന്‍ വിസകള്‍ നല്‍കാം. പാസ്‌പോര്‍ട്ടിന് മതിയായ സാധുത ബാക്കിയുണ്ടെങ്കില്‍, ഈ രണ്ട് വര്‍ഷത്തെ വിസയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തെ വിസയും ലഭിക്കും.