ബള്‍ഗേറിയയും റൊമാനിയയും ഷെങ്കനിലേക്ക് ചേരുന്നു
- നീണ്ട 13 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇരുരാജ്യങ്ങളും ഈ ഗ്രൂപ്പിലേക്ക് പ്രവേശിക്കുന്നത്
- ഇരു രാജ്യങ്ങളും ചേരുന്നതോടെ ഷെങ്കനിലെ അംഗരാജ്യങ്ങളുടെ എണ്ണം 29 ആകും
- 1985-ല്‍ സൃഷ്ടിക്കപ്പെട്ട, 400 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന പ്രദേശമാണ് ഷെങ്കന്‍ ഏരിയ
13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, ബള്‍ഗേറിയയും റൊമാനിയയും ഞായറാഴ്ച യൂറോപ്പിലെ വിശാലമായ ഷെങ്കന്‍ ഏരിയയില്‍ ഭാഗികമായി ചേരും, അതിര്‍ത്തി പരിശോധനകളില്ലാതെ വിമാനമാര്‍ഗവും കടല്‍ വഴിയും യാത്ര തുറക്കും. എന്നാല്‍ അഭയാര്‍ഥികളുടെ കുത്തൊഴുക്ക് ഭയന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഷെങ്കന്‍ സോണില്‍ പൂര്‍ണ അംഗങ്ങളാകുന്നതിനെ ഓസ്ട്രിയ എതിര്‍ക്കുന്നതിനാല്‍ കര അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ഇരു രാജ്യങ്ങളുടെയും വ്യോമ, സമുദ്ര അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത് മികച്ച നീക്കമായി വിലയിരുത്തപ്പെടുന്നു.
ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും ഒരു 'പ്രധാന നാഴികക്കല്ല്' ആണ് ഷെങ്കനിലേക്കുള്ള പ്രവേശനമെന്ന് നിരീക്ഷകര്‍ പറയുന്നു. ഞായറാഴ്ച മുതല്‍ ബള്‍ഗേറിയയും റൊമാനിയയും ചേരുന്നതോടെ,ഷെങ്കനിലുള്ള അംഗരാജ്യങ്ങള്‍ 29 ആകും.
റൊമാനിയന്‍ ഗവണ്‍മെന്റിന്റെ അഭിപ്രായത്തില്‍, നാല് കടല്‍ തുറമുഖങ്ങള്‍ക്കും 17 വിമാനത്താവളങ്ങള്‍ക്കും ഷെങ്കന്‍ നിയമങ്ങള്‍ ബാധകമാകും, തലസ്ഥാനമായ ബുക്കാറെസ്റ്റിന് സമീപമുള്ള ഒട്ടോപെനി വിമാനത്താവളം ഷെങ്കന്‍ വിമാനങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമായി പ്രവര്‍ത്തിക്കും.
യാത്രക്കാരെ പിന്തുണയ്ക്കാനും നിയമവിരുദ്ധമായി റൊമാനിയ വിടാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്താനും വേണ്ടി ബോര്‍ഡര്‍ പോലീസ് മുതല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ വരെയുള്ള കൂടുതല്‍ ജീവനക്കാരെ വിമാനത്താവളങ്ങളിലേക്ക് വിന്യസിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
തെറ്റായ രേഖകകളുള്ള ആളുകള്‍ പിടിയിലാകും. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള മനുഷ്യക്കടത്ത് തടയുന്നതിനും റാന്‍ഡം പരിശോധനയും നടത്തും.
ബള്‍ഗേറിയയും റൊമാനിയയും ഈ വര്‍ഷാവസാനത്തോടെ ഷെങ്കനുമായി പൂര്‍ണ്ണമായി സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ ഓസ്ട്രിയ ഇതുവരെ അനുകൂല നിലപാട് അറിയിച്ചിട്ടില്ല.
റൊമാനിയയ്ക്കും ബള്‍ഗേറിയയ്ക്കും ശേഷം യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന ക്രൊയേഷ്യ, 2023 ജനുവരിയില്‍ ഷെങ്കന്റെ 27-ാമത്തെ അംഗമായി അവരെ മറികടന്നു.
1985-ല്‍ സൃഷ്ടിക്കപ്പെട്ട, 400 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങളില്ലാതെ ഷെങ്കന്‍ പ്രദേശത്തിനുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനാകും. തങ്ങളുടെ യൂറോപ്യന്‍ അയല്‍ക്കാരുമായുള്ള അതിര്‍ത്തികളില്‍ അനന്തമായ ക്യൂവിനെ അഭിമുഖീകരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നീണ്ട കാത്തിരിപ്പുകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഈ മാസമാദ്യം, റൊമാനിയയിലെ പ്രധാന റോഡ് ട്രാന്‍സ്പോര്‍ട്ടര്‍ യൂണിയനുകളിലൊന്ന്, നീണ്ട കാത്തിരിപ്പുകള്‍ മൂലമുണ്ടായ വലിയ സാമ്പത്തിക നഷ്ടത്തെ അപലപിച്ചുകൊണ്ട്, എത്രയും വേഗം പൂര്‍ണ്ണമായ ഷെങ്കന്‍ ഏകീകരണം കൈവരിക്കുന്നതിന് 'അടിയന്തിര നടപടികള്‍' ആവശ്യപ്പെട്ടിരുന്നു.