വിദേശത്തേക്ക് പണമയക്കണോ? ഇനി മുതൽ ഉറവിടം വെളിപ്പെടുത്തണം
- എൽആർഎസ് ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ബാങ്കുകൾ കൂടുതൽ നിരീക്ഷണം നടത്തുന്നത്.
- ഇത് നിയമവിരുദ്ധമായ ഇടപാടുകൾ തടയാനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും സഹായിക്കുന്നു
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നവരോട്, പ്രത്യേകിച്ച് വിദേശ സ്വത്തുക്കൾ വാങ്ങുന്നതിനായി കൈമാറുന്ന പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബാങ്കുകൾ വ്യക്തത വരുത്തുന്നു. വരുമാന സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച് പണത്തിന്റെ ഉത്ഭവം കണ്ടെത്തുന്നു. അടുത്തിടെ ചില ബാങ്കുകൾ പണമയക്കുന്നത് ബന്ധുവിൽ നിന്നുള്ള സമ്മാനമാണോ എന്നുള്ള വിവരങ്ങളും അനേഷിക്കുന്നു.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിൻ്റെ യഥാർത്ഥ വ്യാഖ്യാനം, മൂലധനത്തിനോ കറൻ്റ് അക്കൗണ്ട് ഇടപാടുകൾക്കോ വേണ്ടി അയക്കുന്ന ഏതൊരു ഫണ്ടും പണമടയ്ക്കുന്നയാളുടേതാണെന്ന് ഉറപ്പാക്കുക എന്നതാണ്. എന്നാൽ ഉറവിട വിശദാംശങ്ങൾ ചോദിക്കുന്നത് എൽആർഎസ് മാനദണ്ഡങ്ങൾക്ക് കീഴിലല്ല. അത്തരം അന്വേഷണങ്ങൾ ബാങ്കിൻ്റെ ആഭ്യന്തര നയങ്ങൾക്ക് കീഴിൽ വരുന്നു. ചിലർ എൽആർഎസ് വിൻഡോ യഥാർത്ഥത്തിൽ ഉദ്ദേശിച്ചിട്ടില്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വ്യക്തികൾക്ക് സ്വത്തുക്കളിലും സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുന്നതിനും ബന്ധുക്കളുടെ പരിപാലനത്തിനും മറ്റ് നിർദ്ദിഷ്ട ആവശ്യങ്ങൾക്കുമായി ഒരു വർഷം 2,50,000 ഡോളർ വരെ വിദേശത്തേക്ക് കൈമാറാൻ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം അനുവാദമുണ്ട്. 2004 മുതൽ എൽ ആർ എസ് ഉപയോഗിച്ച് നിരവധി പേർ ഫണ്ട് കൈമാറ്റം ചെയ്തിട്ടുണ്ട്. അതുപോലെ, വിദേശ ഇന്ത്യാക്കാർ (NRIs) ഒരു വർഷം ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം ഡോളർ വരെ കൈമാറാൻ അനുവദിക്കുന്ന നിയമത്തിന് കീഴിൽ പണം അയച്ചിട്ടുണ്ട്. എന്നിരുന്നാലും, അടുത്ത കാലത്ത്, പല അംഗീകൃത ഡീലർ (എ ഡി ) ബാങ്കുകളും ആന്തരിക നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിച്ച് റെമിറ്റൻസ് തടഞ്ഞുവച്ചിരിക്കുകയാണ്.
ഉദാഹരണത്തിന്, എൽആർഎസ് പരിധി തീർന്ന വ്യക്തി തന്റെ ബന്ധുവിനോട് പണം അയക്കാൻ ആവശ്യപ്പെട്ടേക്കാം. എന്നാൽ ഇത്തരം ഇടപാടുകൾ പണം വെളുപ്പിക്കൽ പോലെ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള നടപടികളാണ് ബാങ്കുകൾ സ്വീകരിക്കുന്നത്.
വിദേശത്തേക്കുള്ള പണമയക്കൽ 2020-21ലെ 12.68 ബില്യൺ ഡോളറിൽ നിന്ന് 2022-23ൽ 27.14 ബില്യൺ ഡോളറായി ഉയർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-24 ഏപ്രിൽ-ജനുവരി കാലയളവിൽ ഇത് 27.4 ബില്യൺ ഡോളർ കവിഞ്ഞു.
"2004 മുതൽ നിരവധി വ്യക്തികൾ ഫണ്ട് അയക്കാൻ എൽആർഎസ് ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ, ഇന്ത്യയിൽ നിന്ന് ഒരു വർഷം ഒരു മില്യൺ ഡോളർ ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുന്ന നിയന്ത്രണത്തിന് കീഴിൽ പ്രവാസി ഇന്ത്യക്കാർ പണം അയച്ചിട്ടുണ്ട്. എന്നിരുന്നാലും, പിന്നീട്, പല എഡി ബാങ്കുകളും പണമടയ്ക്കുന്നത് തടഞ്ഞു," ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ടുമായി (ഫെമ) ബന്ധപ്പെട്ട കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ ജയന്തിലാൽ തക്കർ ആൻഡ് കമ്പനി ഉടമകളിലൊരാളായ രാജേഷ് പി ഷാ പറഞ്ഞു.
എന്നാൽ, ചില സാഹചര്യങ്ങളിൽ വിദേശ സ്വത്ത് വാങ്ങാനായി കുടുംബം ഒന്നിച്ച് പണം സംഘടിപ്പിക്കുന്നതിനാണ് 'സമ്മാനം' എന്ന രീതി ഉപയോഗിക്കുന്നത്. ചിലപ്പോൾ, മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ഒരു മുന്നൊരുക്കം എന്ന നിലയിലും ഇത്തരം ഇടപാടുകൾ നടക്കാറുണ്ട്.
ആർ ബി ഐ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി എ ഡി ബാങ്കിന് ഫണ്ടുകളുടെ ഉറവിടം (പ്രത്യേകിച്ച് പ്രോപ്പർട്ടി അല്ലെങ്കിൽ മൂലധന ഇടപാടുകൾ) പരിശോധിക്കാനും ചോദ്യം ചെയ്യാനും അധികാരമുണ്ട്, കൂടാതെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ടാക്സ് റിട്ടേണുകൾ മുതലായവയെ പിന്തുണയ്ക്കുന്ന ഡോക്യുമെൻ്റേഷനായി ആവശ്യപ്പെടാം.
എൽആർഎസ് ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബാങ്കുകൾ ഇപ്പോൾ കൂടുതൽ നിരീക്ഷണം നടത്തുന്നത്. ഇത് നിയമവിരുദ്ധമായ ഇടപാടുകൾ തടയാനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും സഹായിക്കുന്നു.