ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം
നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന സമ്മേളനത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്‌സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകത കൂടിയുണ്ട്
കേരളത്തിലെ സംരംഭക നിക്ഷേപക സംഗമമായ ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിക്ക് ഒരുങ്ങി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. കെഎസ് യുഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബല്‍ ഉച്ചകോടിയാണിത്. നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന സമ്മേളനത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്‌സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകത കൂടിയുണ്ട്. 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന സംഗമം 16 ന് രാവിലെ 11 നു വിഴിഞ്ഞം അടിമലത്തുറ ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ റവന്യൂ -ഹൗസിംഗ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐഎഎസ് അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂര്‍ എം.പി, ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്‌ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍, എസ്ബിഐ ട്രാന്‍സക്ഷന്‍ ബാങ്കിംഗ് ആന്‍ഡ് ന്യൂ ഇനീഷ്യേറ്റീവ്‌സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിംഗ് എന്നിവരും പങ്കെടുത്തു. ഇതോടു കൂടി രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് തുടക്കമായി.