'സ്റ്റാര്‍ട്ടപ്പുകളില്‍ മുതല്‍മുടക്കുന്നവര്‍ ചെറുനഗരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം'

Update: 2023-11-17 11:28 GMT

രണ്ട് വര്‍ഷം കൂടി കഴിയുമ്പോള്‍ സംരംഭ മൂലധന നിക്ഷേപങ്ങളില്‍ അമ്പത് ശതമാനത്തോളം ഇന്ത്യയിലെ ഇടത്തരം നഗരങ്ങള്‍ കേന്ദ്രീകരിച്ചാകുമെന്ന് യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് നടന്ന സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഈ അഭിപ്രായമുയര്‍ത്തിയത്.

ബെംഗളൂരു, ഗുഡ്ഗാവ് പോലുള്ള പ്രമുഖ ടെക് ഹബ്ബുകളില്‍ നിന്നും മാറി ഉയര്‍ന്ന നിലവാരമുള്ള ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നൂതന സംരഭങ്ങളില്‍ ഫണ്ടിംഗ് നടത്തുന്നതിന് അദ്ദേഹം നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗില്‍ ഗണ്യമായ കുറവുണ്ടായി, എന്നാല്‍ കേരളത്തെ ഇത് കാര്യമായി ബാധിച്ചില്ല.

തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടത്തരം നഗരങ്ങളിലെ മികച്ച കമ്പനികളിലാണ് നിക്ഷേപകര്‍ താല്‍പര്യം കാണിക്കുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള ജെന്‍ റോബോട്ടിക്‌സിനെ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. മാന്‍ഹോളില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കമ്പനിയില്‍ മുതല്‍മുടക്കാന്‍ സാധാരണയായി ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ജെന്‍ റോബോട്ടിക്‌സിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമായിരുന്നു. വിജയകരമായി ഈ മേഖലയില്‍ മുന്നേറുന്നതിന് അവര്‍ക്ക് സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

വെഞ്ച്വര്‍ ഫണ്ടിന് സെബിയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഏഞ്ചല്‍ നിക്ഷേപങ്ങളുടെ മുന്‍നിരക്കാരില്‍ ഒരാളായ ജോഷി, തന്റെ സ്ഥാപനത്തിന്റെ പക്കലുള്ള 38 നിക്ഷേപക സംരംഭങ്ങളില്‍ 40 ശതമാനവും കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് വെളിപ്പെടുത്തി.

നവീനവും മികച്ച ബിസിനസ് പദ്ധതികളുമുള്ള കമ്പനികളെയാണ് നിക്ഷേപകര്‍ അന്വേഷിക്കുന്നതെന്ന ജോഷിയുടെ വീക്ഷണത്തെ ഏഴ് മില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമുള്ള കോംഗ്ലോ വെഞ്ച്വേഴ്‌സിന്റെ സഹസ്ഥാപകനായ വിനീത് മോഹനും പിന്താങ്ങി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള ഫണ്ടിംഗ് പ്രവര്‍ത്തനങ്ങളില്‍ 50 ശതമാനം ഇടിവ് ഉണ്ടായെങ്കിലും സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങളില്‍ വര്‍ധനവുണ്ടായതായി ട്രാന്‍സിഷന്‍ വിസി സഹസ്ഥാപകന്‍ മുഹമ്മദ് ഷുഹൈബ് അലി ചൂണ്ടിക്കാട്ടി. ക്ലീന്‍ എനര്‍ജി, ഗ്രീന്‍ മൊബിലിറ്റി തുടങ്ങിയ മേഖലകള്‍ വരും കാലങ്ങളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News