വിമന്‍ മേക്കര്‍ സെലിബ്രേഷനുമായി ടിങ്കര്‍ഹബ്ബ്

  • വനിതാ ഹാക്കത്തോണിന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
  • 14 ജില്ലകളിലായി 27 വേദികള്‍
  • 1100 പേര്‍ പങ്കെടുക്കും

Update: 2024-03-21 06:11 GMT

ഭാവിയുടെ സാങ്കേതിക വിദ്യയിലേക്ക് കേരളത്തിലെ ടെക്‌നോളജിസ്റ്റുകളെ നിപുണരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ടിങ്കര്‍ ഹബ് ഫൗണ്ടേഷന്‍ വിമന്‍ മേക്കര്‍ സെലിബ്രേഷന്‍ ഈ മാസം 23 ന് കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആസ്ഥാനത്ത് നടക്കും.

സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ഹാക്കത്തോണിന്റെ സമാപനത്തോടനുബന്ധിച്ചാണ് വിമന്‍ മേക്കര്‍ സെലിബ്രേഷന്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 27 വേദികളിലായി നടന്ന ഹാക്കത്തോണില്‍ 1100 ലധികം പേരാണ് പങ്കെടുത്തത്. സാങ്കേതിക പരിജ്ഞാനം ദ്രുതഗതിയില്‍ കൈവരിക്കാനും ആത്മവിശ്വാസത്തോടെ ടെക് മേഖലയിലേക്ക് കാലെടുത്തു വയ്ക്കാനും വനിതകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഹാക്കത്തോണിനുണ്ടായിരുന്നത്. ഹാക്കത്തോണിലൂടെ തിരഞ്ഞെടുക്കപ്പെട്ട 100 പേരുടെ ബൂട്ട് ക്യാമ്പ് ഉടന്‍ നടക്കും.

അനിതബി.ഒആര്‍ജിയിലെ ശ്രേയ കൃഷ്ണ, ടെക് 4 ഗുഡ് കമ്മ്യൂണിറ്റിയിലെ അഖില സോമനാഥ്, സിറ്റിസെന്‍ ഡിജിറ്റല്‍ ഫൗണ്ടേഷനിലെ നിധി സുധന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇതിനു പുറമെ പാനല്‍ ചര്‍ച്ചകളും പരിശീലന കളരികളും നടക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ കൂടാതെ സമാഗത ഫൗണ്ടേഷന്‍, ആമസോണ്‍ ഇന്ത്യ എന്നിവരാണ് ഈ പരിപാടിയുമായി സഹകരിക്കുന്നത്. രജിസ്‌ട്രേഷനായി https://tinkerhub.org/wmc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ലിംഗഭേദമില്ലാതെ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാം.

Tags:    

Similar News