മികച്ച പ്രതികരണവുമായി സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതി
- സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്ധോപദേശം, പരിശീലനം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും.
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ (എസ്.സി.-എസ്.ടി.) വിഭാഗത്തില്‍പ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ ആദ്യ ബാച്ചിന് മികച്ച പ്രതികരണം. പദ്ധതിയിലേക്ക് ഇതുവരെ 188 അപേക്ഷകള്‍ ലഭിച്ചു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് സിറ്റി. പരമ്പരാഗത എംഎസ്എംഇ ബിസിനസ്, എംഐഎസ്, ഹെല്‍ത്ത് കെയര്‍, ഐടി, ഹാര്‍ഡ് വെയര്‍, ഐഒടി, ഡാറ്റ അനലിറ്റിക്‌സ് പ്രോജക്റ്റ് തുടങ്ങിയ പ്രധാന മേഖലകളിലെ സംരംഭകരാണ് അപേക്ഷകരില്‍ അധികവും. ഇവര്‍ക്ക് വേണ്ടിയുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം ഉടന്‍ ആരംഭിക്കും. സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്ധോപദേശം, പരിശീലനം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും.
ഐ.ടി., ഇലക്ട്രോണിക്‌സ്, കൃഷി, വിനോദസഞ്ചാരം, പൊതുസേവനം തുടങ്ങിയ മേഖലകളിലെ സംരംഭകര്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യങ്ങളും പിന്തുണയും നല്‍കും. മികച്ച തൊഴില്‍ ഇടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ഉത്പാദനക്ഷമമായ തൊഴില്‍ അന്തരീക്ഷത്തിനായുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സിറ്റി പിന്തുണ നല്‍കും. ബിസിനസിന്റെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ നൈപുണ്യ-സംരംഭകത്വ വികസന പരിപാടികള്‍, നേതൃത്വ ശില്‍പശാലകള്‍, മെന്റര്‍ഷിപ്പ്, നിക്ഷേപക സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
പട്ടികജാതി-പട്ടികവര്‍ഗ,പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം മൂന്നുമാസം മുന്‍പ് നിര്‍വഹിച്ചിരുന്നു. എസ് സി-എസ്ടി വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റാന്‍ സ്റ്റാര്‍ട്ടപ്പ്‌സിറ്റി പദ്ധതിയിലൂടെ സാധിക്കുമെന്ന് എസ്.സി-എസ്.ടി, പിന്നാക്കക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും എംപവര്‍മെന്റ് സൊസൈറ്റി സിഇഒ യുമായ പ്രശാന്ത് നായര്‍ പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ ഭാഗമായി മികച്ച തൊഴിലിടങ്ങള്‍ ഒരുക്കുന്നതിനൊപ്പം സംരംഭകര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു.
താല്പര്യമുള്ള സംരംഭകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക്: https://bit.ly/ksumstartupctiy