ഇഷ്ടവിനോദം ഷൈജിക്ക് സമ്മാനിച്ചത് സ്ഥിര വരുമാനം
- കൂണ്‍കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് കൂണ്‍ ഫാം സെറ്റ് ചെയ്തും നല്‍കുന്നുണ്ട്
- കൂണ്‍വിറ്റ എന്ന ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍ ഒക്ടോബറില്‍ വിപണിയിലെത്തിക്കും
ഒഴിവ് സമയത്തെ വിരസത അകറ്റാന്‍ തുടക്കമിട്ട സംരംഭം ഷൈജി എന്ന വീട്ടമ്മയ്ക്ക് സമ്മാനിച്ചത് സ്ഥിര വരുമാനവും തിരക്കിന്റെ ദിനങ്ങളുമാണ്. എരമല്ലൂര്‍ തട്ടാരുപറമ്പില്‍ വീട്ടില്‍ തങ്കച്ചന്റെ ഭാര്യ ഷൈജി ഓരോ മാസവും കൂണ്‍ കൃഷിയിലൂടെ മോശമല്ലാത്ത വരുമാനം നേടുന്നു. കൂണ്‍ ഫ്രെഷ് എന്ന ബ്രാന്‍ഡ് നെയ്മിലാണ് കൂണ്‍ വിപണിയിലെത്തിക്കുന്നത്. നേരിട്ടും കടകളിലൂടെയുമാണ് വില്‍പ്പന.
കൂണ്‍ കൃഷിയോടൊപ്പം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ കൂണ്‍ സൂപ്പ്, കൂണ്‍ കട്‌ലെറ്റ്, കൂണ്‍ ചമ്മന്തിപ്പൊടി, കൂണ്‍ മോമോസ്, കൂണ്‍ ബര്‍ഗര്‍, കൂണ്‍ സാന്‍ഡ് വിച്ച്, കൂണ്‍ അച്ചാര്‍ എന്നിവയും ഷൈജി തയാറാക്കാറുണ്ട്. കൂണ്‍വിറ്റ എന്ന ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍ ഒക്ടോബറില്‍ വിപണിയിലിറക്കാന്‍ തയാറെടുക്കുകയാണു ഷൈജി.
തുടക്കം 2007-ല്‍
2007-ലാണ് കൂണ്‍ കൃഷി ആരംഭിച്ചത്. ഒഴിവ് സമയം എങ്ങനെ ഫലപ്രദമാക്കാമെന്ന ചിന്തയാണു ഷൈജിയെ കൂണ്‍ കൃഷിയിലേക്ക് എത്തിച്ചത്. ഭര്‍ത്താവും മലയാള മനോരമയില്‍ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷനില്‍ ജനറല്‍ മാനേജരുമായിരുന്ന തങ്കച്ചന്‍ സംരംഭത്തിനു പൂര്‍ണ പിന്തുണയേകി. അങ്ങനെ 25 ബെഡുള്ള (കൂണ്‍ വളരുന്ന പ്ലാറ്റ്‌ഫോമാണ് ബെഡ്) ഒരു ചെറിയ കൂണ്‍ ഫാമിന് തുടക്കമിട്ടു. വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് തന്നെയാണു കൂണ്‍ ഫാം തുടങ്ങിയത്. ആദ്യമായി ചെയ്ത കൂണ്‍ കൃഷി പക്ഷേ, പരാജയമായിരുന്നു. കൂണ്‍ കൃഷിക്ക് ഉപയോഗിക്കുന്ന മാധ്യമത്തിന്റെ (വൈക്കോല്‍, അറക്കപ്പൊടി) ഈര്‍പ്പം 50 ശതമാനം വേണമെന്ന അറിവില്ലായ്മയായിരുന്നു പരാജയ കാരണം. ഇത് ഷൈജിയില്‍ നിരാശയുണ്ടാക്കിയെങ്കിലും ഭര്‍ത്താവും രണ്ട് മക്കളും ഷൈജിയെ കൃഷിയില്‍ തുടരാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
രണ്ടാം ശ്രമത്തില്‍ വിളവെടുത്തത് നൂറുമേനി
ആദ്യത്തെ കൃഷി പരാജയമായതോടെ കൃഷിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഷൈജി ബെംഗളുരുവിലെ ഐഐഎച്ച്ആറിലേക്കു (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച്) പോയി. അവിടെ ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തില്‍ പങ്കെടുത്തു. അതോടെ ആത്മവിശ്വാസമായി. കൂണ്‍ കൃഷി കൂടുതല്‍ വിപുലമായിത്തന്നെ ചെയ്യാന് തീരുമാനമെടുത്തു.
കാലാവസ്ഥ
കാലാവസ്ഥയെ നല്ലപോലെ ആശ്രയിക്കുന്ന ഒന്നാണ് കൂണ്‍ കൃഷിയെന്ന് അനുഭവത്തില്‍നിന്ന് ഷൈജി പറയുന്നു. സമീപകാലത്ത് കാലാവസ്ഥയില്‍ സംഭവിച്ച മാറ്റങ്ങള്‍ കൃഷിയെ ബാധിച്ചതായും ഷൈജി പറഞ്ഞു. ചൂട് 25 സെന്റിഗ്രേഡ് മുതല്‍ 28 വരെ വരാം. എന്നാല്‍ 28ന് മുകളിലേക്ക് പോകുന്നത് കൂണ്‍ കൃഷിക്ക് ദോഷമാണ്. മഴക്കാലമാണു കൂണ്‍ കൃഷിക്ക് ഏറ്റവും അനുയോജ്യം.
ആധുനിക രീതിയിലുള്ള കൂണ്‍പുര
ഫാന്‍ ആന്‍ഡ് പാഡ് സംവിധാന പ്രകാരമാണ് ഷൈജി കൂണ്‍പുര ഒരുക്കിയിരിക്കുന്നത്. ജിഐ പൈപ്പ് കൊണ്ട് സ്ട്രക്ചര്‍ ഒരുക്കി, ബ്ലാക്ക് & വൈറ്റ് മഷ്റൂം ഷീറ്റ് കൊണ്ട് വശങ്ങള്‍ മറച്ചതാണ് കൂണ്‍പുര. താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ എക്‌സ്‌ഹോസ്റ്റ് ഫാനുണ്ട്. സൂര്യപ്രകാശം കൂണ്‍പുരയിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണമായും തടഞ്ഞു. പകരം ലൈറ്റ് ഒരുക്കിയിട്ടുണ്ട്. പുറത്തുള്ള താപനിലയേക്കാള്‍ എപ്പോഴും 8 ഡിഗ്രി സെന്റിഗ്രേഡ് കുറവായിരിക്കണം കൂണ്‍പുരയിലെ താപനില. തെർമോ ഹൈഗ്രോ മീറ്റര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ അളന്ന് താപനില ഉറപ്പുവരുത്തുന്നു.
ഫാന്‍ ആന്‍ഡ് പാഡ് സംവിധാന പ്രകാരം 12 മാസവും കൃഷി ചെയ്യാമെന്ന് ഷൈജി പറയുന്നു.
ഉല്‍പ്പാദനം പ്രതിദിനം 40 കിലോ കൂണ്‍
ഫാമില്‍നിന്നും ഷൈജി പ്രതിദിനം ഏകദേശം 40 കിലോ കൂണ്‍ വിളവെടുക്കുന്നുണ്ട്. കിലോയ്ക്ക് 300 രൂപ നിരക്കിലാണ് കൂണ്‍ വില്‍പ്പന. ഇരുന്നൂറു ഗ്രാമിന്റെ പായ്ക്കറ്റുകളിലാക്കിയാണു പൊതുവേ ഷൈജി കടകളിലേക്ക് വിതരണം ചെയ്യുന്നത്.
ഏഴായിരത്തോളം ബെഡുകള്‍ ഉള്ളതാണു ഷൈജിയുടെ ഫാം. റബര്‍ മരത്തിന്റെ അറക്കപ്പൊടിയാണ് കൂണ്‍ വളര്‍ത്തുന്ന ബെഡില്‍ നിറയ്ക്കുന്നത്. ഉറി പോലെ പ്ലാസ്റ്റിക് കയറില്‍ അറക്കപ്പൊടി നിറച്ച പ്ലാസ്റ്റിക് ബാഗ് കെട്ടി തൂക്കിയിടുന്നതാണ് ബെഡ്. അറക്കപ്പൊടിയിലാണു കൂണ്‍വിത്ത് നടുന്നത്. വിത്ത് നട്ടതിനു ശേഷം 15 ദിവസം കൊണ്ട് വിളവെടുക്കാം.
നാല് മാസം കഴിയുമ്പോള്‍ ബെഡിലെ അറക്കപ്പൊടി നീക്കം ചെയ്ത് പുതിയത് നിറയ്ക്കും.
നീക്കം ചെയ്യുന്ന അറക്കപ്പൊടി നല്ലൊരു വളമാണ്. ഇത് സമീപമുള്ള വളം നിര്‍മാണ ഫാക്ടറിക്ക് കൊടുക്കുകയാണു ചെയ്യുന്നത്. ആ ഇനത്തിലും അധിക വരുമാനം നേടുന്നുണ്ട്.
കൂണ്‍ കൃഷി
ചിപ്പി കൂണ്‍, പാല്‍ കൂണ്‍ എന്നിങ്ങനെ രണ്ടിനം കൂണുകളാണ് പ്രധാനമായും ഷൈജി കൃഷി ചെയ്യുന്നത്. ചിപ്പി കൂണിന് ഔഷധഗുണമുണ്ട്. ചിപ്പി കൂണിലെ ഉപവിഭാഗങ്ങളാണ് സിഒ2, ഫ്‌ളോറിഡ, സാപ്പിഡാസ് തുടങ്ങിയവ.
പൊതുവേ പോഷക സമ്പുഷ്ടമാണ് കൂണ്‍. വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്ന കൂണ്‍ വിറ്റ കഴിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും എല്ലുകളുടെയും മറ്റും വളര്‍ച്ച ത്വരിതപ്പെടുത്തി ബലവത്താക്കാനും സാധിക്കും.
കൂണില്‍ അടങ്ങിയിരിക്കുന്ന ലോവാ സ്റ്റാറ്റിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് കൂണിന്റെ ഗുണങ്ങളെ കുറിച്ചു കൂടുതല്‍ അറിവുണ്ട്. അതിനാല്‍ കൂണിന് ഇന്ന് വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ടെന്ന് ഷൈജി പറയുന്നു. ഇടപ്പള്ളി ലുലു മാള്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്റ്റോര്‍, ശാന്തിഗിരി ഔട്ട്‌ലെറ്റ് എന്നിവിടങ്ങളിലേക്ക് ഷൈജി കൂണ്‍ വിതരണം ചെയ്യുന്നുണ്ട്.
കൂണ്‍ വിത്തും പരിശീലനവും
കൂണിനു പുറമെ ഷൈജിയുടെ ഫാമില്‍ കൂണ്‍ വിത്തും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, കൂണ്‍ കൃഷി ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി എല്ലാ വ്യാഴാഴ്ചയും ഷൈജി എരമല്ലൂരിലെ വീട്ടില്‍ പരിശീലന ക്ലാസും നല്‍കുന്നുണ്ട്. ഒരു ദിവസത്തെ ക്ലാസിന് 500 രൂപയാണ് ഫീസ്. ആലപ്പുഴ ജില്ലയ്ക്കു പുറമെ മറ്റു ജില്ലകളിലുള്ളവരും ഷൈജിയുടെ ക്ലാസ്സില്‍ പങ്കെടുക്കുന്നു. കൃഷിഭവന്റെയും മറ്റ് ഏജന്‍സികളുടെയും നിര്‍ദേശപ്രകാരം ഇടയ്ക്ക് കൂണിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തെ കുറിച്ചും ഷൈജി ക്ലാസ് എടുക്കാറുണ്ട്.
കൂണ്‍കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് കൂണ്‍ ഫാം സെറ്റ് ചെയ്തും നല്‍കുന്നു.
200 ബെഡുള്ള ഫാന്‍ ആന്‍ഡ് പാഡ് സംവിധാനം അനുസരിച്ചുള്ള ഫാം സെറ്റ് ചെയ്യണമെങ്കില്‍ ഏകദേശം 60 ചതുരശ്രയിടി സ്ഥലമാണ് വേണ്ടത്. ഏകദേശം 98,000 രൂപയോളം ചെലവ് വരും.
അംഗീകാരം
കൂണ്‍ കൃഷിയിലെ മികവിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും ഷൈജിക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 2020-ലെ മികച്ച മഷ്‌റൂം ഫാര്‍മര്‍ അവാര്‍ഡ് ലഭിച്ചത് ഷൈജിക്കാണ്.
കൂണ്‍വിറ്റ എന്ന ഹെല്‍ത്ത് ഡ്രിങ്ക്
കൂണ്‍വിറ്റ എന്ന ഹെല്‍ത്ത് ഡ്രിങ്ക് ഒക്ടോബറില്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷൈജി. ഭര്‍ത്താവ് തങ്കച്ചനും ഷൈജിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഈ ഉല്‍പ്പന്നം വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ വേണ്ടിവന്നുവെന്നു ഷൈജിയുടെ ഭര്‍ത്താവ് തങ്കച്ചന്‍ പറഞ്ഞു. കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് റിട്ടയർ ചെയ്ത ഡോ എ വി മാത്യു, എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ പി. ചാക്കോ, ,സിഐഎഫ്ടിയിലെ ശാസ്ത്രജ്ഞന്‍ സി.ഒ. മോഹന്‍,, ഡിഎഫ്ആര്‍എല്ലില്‍നിന്നും വിരമിച്ച ഡോ അനിലകുമാർ, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ജയലക്ഷ്മി, ജിഷ തുടങ്ങിയവര്‍ കൂണ്‍വിറ്റ വികസിപ്പിക്കാന്‍ സഹായിച്ചു.
കൂണ്‍വിറ്റ എന്നത് ഒരു പൗഡറാണ്. ചോക്കോ, വാനില ഫ്‌ളേവറിലുള്ള ഇത് പാലില്‍ കലക്കി കഴിക്കാം. ഈ പൗഡറില്‍ പ്രധാന ചേരുവകളായി കൂണ്‍, ചെറുധാന്യങ്ങള്‍, മാള്‍ട്ടോ ഡെസ്ട്രിനോ, മാള്‍ട്ട് എക്‌സ്ട്രാക്റ്റ് എന്നിവയാണ് ഉള്ളത്. എഫ്എസ്എസ്എഐ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷന്‍ ഈ ഉല്‍പ്പന്നത്തിനു ലഭിച്ചു കഴിഞ്ഞു.
കൂണിന്റെ ഷെല്‍ഫ് ലൈഫ് എന്നത് ഒരു ദിവസമാണ്. എന്നാല്‍ കൂണ്‍വിറ്റ പൗഡറിന് ഒരു വര്‍ഷത്തെ ഷെല്‍ഫ് ലൈഫാണെന്നു തങ്കച്ചന്‍ പറഞ്ഞു. വിദേശ വിപണിയിലടക്കം ഈ ഉല്‍പ്പന്നം എത്തിക്കാനുള്ള ശ്രമത്തിലാണ്.