ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയില്‍ 200 -ലധികം സ്റ്റാര്‍ട്ടപ്പുകള്‍
- അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്‌സ്‌പോയുടെ ഭാഗമാകും.
- ഈ മാസം 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്റെ അഞ്ചാം പതിപ്പില്‍ 15000 ത്തിലധികം പേര്‍ പങ്കെടുക്കും
ലോകത്തിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 ലധികം സ്റ്റാര്‍ട്ടപ്പുകളുടെ എക്‌സ്‌പോയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വിഴിഞ്ഞത്തിനടുത്തുള്ള അടിമലത്തുറ ബീച്ചില്‍ ഈ മാസം 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്റെ അഞ്ചാം പതിപ്പില്‍ 15000 ത്തിലധികം പേര്‍ പങ്കെടുക്കും. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്‌സ്‌പോ അവസരമൊരുക്കും.
എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്‌പേസ്‌ടെക്, ഹെല്‍ത്ത്‌ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്‌സ്‌പോയുടെ ഭാഗമാകും.
ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഊര്‍ജ്ജം ലാഭിക്കാന്‍ സഹായകമാകുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ തുടങ്ങിയവയും എക്‌സ്‌പോയിലുണ്ടാകും. എക്‌സ്പീരിയന്‍സ് സെന്ററുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഗവേഷണ വികസന സ്ഥാപനങ്ങളുടേയും നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന ഉല്പന്ന പ്രദര്‍ശനവും എക്‌സ്‌പോയുടെ പ്രത്യേകതയാണ്.
പരിസ്ഥിസൗഹൃദ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം ധാന്യങ്ങള്‍, കൃഷി എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവയുടെ വിപണി സാധ്യത പ്രയോജനപ്പെടുത്തുന്ന സ്റ്റാര്‍ട്ടപ്പുകളും എക്‌സ്‌പോയില്‍ ശ്രദ്ധേയമാകും.
ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 300ല്‍ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിന്റെ ലക്ഷ്യങ്ങളാണ്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൂപ്പര്‍ കോഡേഴ്‌സ് ചലഞ്ചിനു പുറമെ മാര്‍ക്കറ്റിംഗ് മാഡ്‌നെസ്, ഫൗണ്ടേഴ്‌സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ള സെഷനുകളും ഇത്തവണത്തെ സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.
മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുടെ മുഖ്യ പ്രഭാഷണങ്ങള്‍, 150 നിക്ഷേപകരുള്ള ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, ദേശീയ അന്തര്‍ദേശീയ സ്റ്റാര്‍ട്ടപ്പ് ഉല്‍പന്ന പ്രദര്‍ശനങ്ങള്‍, ഡീപ്‌ടെക് ലീഡര്‍ഷിപ്പ് ഫോറം പ്രഖ്യാപനം, ഫണ്ടിംഗ് പ്രഖ്യാപനങ്ങള്‍, ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബിസിനസ് അവസരങ്ങള്‍ മനസിലാക്കാന്‍ അന്താരാഷ്ട്ര എംബസികളുമായും വ്യാപാര സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായുമുള്ള പാനല്‍ ചര്‍ച്ചകള്‍, നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കാന്‍ നിക്ഷേപകരുമായുള്ള പാനല്‍ ചര്‍ച്ചകള്‍ എന്നിവയും ഹഡില്‍ ഗ്ലോബലിലുണ്ടാകും.
നെറ്റ് വര്‍ക്കിംഗ്, മെന്റര്‍ സ്പീഡ് ഡേറ്റിംഗ്, നിക്ഷേപക കഫേ, കോര്‍പ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടല്‍, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഹഡില്‍ ഗ്ലോബല്‍ 2023 ന്റെ സവിശേഷതയാണ്.
ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന് https://huddleglobal.co.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. എക്‌സ്‌പോയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് aswathy@startupmission.in. എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യാവുന്നതാണ്.