തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കുന്ന കെഎസ്‌യുഎം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം;മന്ത്രി ആര്‍. ബിന്ദു

  • ഇന്ത്യയില്‍ മൂന്നാമത് തൊഴില്‍ക്ഷമതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനും സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാരണമായി.

Update: 2023-10-13 03:23 GMT

തിരുവനന്തപുരം: കേരളത്തിന്റെ യുവതയെ തൊഴില്‍ദാതാക്കളാക്കി മാറ്റാനുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററിന്റെ (ഐഇഡിസി) ഉച്ചകോടിയുടെ എട്ടാം പതിപ്പ് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ മൂന്നാമത് തൊഴില്‍ക്ഷമതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനും സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാരണമായി. 175 ആര്‍ട്സ് & സയന്‍സ് കോളേജ്, 177 എഞ്ചിനീയറിംഗ് കോളേജുകള്‍, 34 ആരോഗ്യ അനുബന്ധ കോളേജുകള്‍, 67 പോളിടെക്നിക് കോളേജുകള്‍ എന്നിവിടങ്ങളിലായി 453 മിനി ഇന്‍കുബേറ്ററുകറാണ് കേരളത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് ഫോര്‍ വുമനിലെ അധ്യാപികയായ ലിസി എബ്രഹാമും വിദ്യാര്‍ത്ഥികളും രൂപകല്പന ചെയ്ത വിമന്‍ എഞ്ചിനീയേഡ് സാറ്റലൈറ്റ്, വീ-സാറ്റ് പേലോഡിന് കേന്ദ്ര-സംസ്ഥാന ധനസഹായ പദ്ധതിയായ നിധി പ്രയാസ്, സി എസ് ആര്‍ ഫണ്ട് എന്നിവയിലൂടെ ലഭ്യമാക്കിയ 30 ലക്ഷത്തിന്റെ ഗ്രാന്റും മന്ത്രി വിതരണം ചെയ്തു.

ഗവേഷകരില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കിയ റിസര്‍ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഏഴ് പുതിയ പേറ്റന്റുകള്‍ ഫയല്‍ ചെയ്തതും എട്ട് പേറ്റന്റ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും ചെയ്തത് അഭിന്ദനാര്‍ഹമാണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ലീപ് കോ വര്‍ക്സ് സ്പെയ്സുകളുടെ ആദ്യ അഞ്ച് കേന്ദ്രങ്ങളുടെ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. കേരകേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സിഇടി പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജെ.എസ്, സിഇടി റിസര്‍ച്ച് ഡീന്‍ ഡോ. സുമേഷ് ദിവാകരന്‍, പിന്നാക്ക ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും എംപവര്‍മെന്റ് സൊസൈറ്റി സി.ഇ.ഒയുമായ പ്രശാന്ത് നായര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Tags:    

Similar News