റിയാഫൈ ടെക്‌നോളജീസിന്റെ ലേണ്‍ ക്രാഫ്റ്റ് ആപ്പ് ഇനി ആഗോള പഠന വിഷയം
- റിയാഫൈ എഐ ആന്‍ഡ്രോയിഡിലെ ഏറ്റവും വലിയ ഡിഐവൈ കമ്മ്യൂണിറ്റി.
- എഐ സാധ്യമാക്കിയതോടെ പ്രീമിയം ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
- 25 ലോക ഭാഷകളില്‍ ഇത് ലഭ്യമാണ്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ റിയാഫൈ ടെക്‌നോളജീസിന്റെ ലേണ്‍ ക്രാഫ്റ്റ് ആപ്പിനെ പഠനവിഷയമാക്കി ഗൂഗിള്‍ പ്ലേ. ആഗോള പഠനവിഷയമായാണ് റിയാഫൈയുടെ കൃത്രിമ ബുദ്ധി ഉള്‍പ്പെടുത്തലിനെ ഗൂഗിള്‍ പരിഗണിച്ചിരിക്കുന്നത്.
ഡു ഇറ്റ് യുവര്‍സെല്‍ഫ് അഥവാ ഡിഐവൈ എന്ന രീതിയെ ലളിതമാക്കുന്നതും സഹായിക്കുന്നതുമായ സേവനം നല്‍കുന്ന മൊബൈല്‍ ആപ്പാണ് റിയാഫൈ വികസിപ്പിച്ചെടുത്ത ലേണ്‍ ക്രാഫ്റ്റ്‌സ് ആന്‍ഡ് ഡിഐവൈ ആപ്പ്. ഇതിന്റെ പ്രവര്‍ത്തനത്തെ വെര്‍ടെക്‌സ് എഐ എന്ന സ്വന്തം ഡാറ്റ ഉപയോഗിച്ച് കൂടുതല്‍ ആസ്വാദകരവും കൂടുതല്‍ പേരിലേക്ക് ആപ്പിന്റെ സേവനം എത്താനും സഹായിക്കും.
റിയാഫൈ വികസിപ്പിച്ചെടുത്ത ആര്‍ 10 എഐ കോച്ച് ഈ ആപ്പിലേക്ക് ഉള്‍പ്പെടുത്തിയതോടെ എല്ലാ സമയത്തും ആപ്പ് ഉപയോഗിക്കുന്നയാള്‍ക്ക് വ്യക്തിപരമായ സേവനം ലഭിക്കാന്‍ തുടങ്ങി. ഇതോടെ ഉപഭോക്താക്കളുമായുള്ള ബന്ധം വര്‍ധിച്ചു. പുതിയ സാങ്കേതിക വിദ്യ സമന്വയിപ്പിച്ചതോടെ പ്ലേ സ്റ്റോറില്‍ ഒരു സ്റ്റാര്‍ മാത്രം റേറ്റിംഗ് നല്‍കുന്നത് 31 ശതമാനം കുറഞ്ഞുവെന്ന് ഗൂഗിള്‍ പ്ലേ പഠനത്തില്‍ വിലയിരുത്തുന്നു. എഐ വന്നതോടെ പ്രീമിയം ഉപഭോക്താക്കളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനയുണ്ടായി.
എഐ കോച്ചിനെ സമന്വയിപ്പിച്ചതോടെ ഒരു സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞുവെന്ന് റിയാഫൈ ടെക്‌നോളജീസ് സിഒഒ നീരജ് മനോഹരന്‍ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ തങ്ങളുടെ പ്രതികരണങ്ങളില്‍ ലളിതമായ ഉപയോഗത്തിനെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഹാലോവീന്‍, വാലന്റൈന്‍സ്, മദേഴ്‌സ് ദിനങ്ങളില്‍ ആപ്പിന്റെ ഉപയോഗവും ഇന്‍സ്റ്റലേഷനും വര്‍ധിച്ചിട്ടുണ്ട്. എഐയുമായി സംവദിക്കുന്നതിന്റെ നിരക്ക് 20 ശതമാനം വര്‍ധിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ എഐ ഫീച്ചറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. വിദ്യാഭ്യാസം, പാചകം, തുടങ്ങിയ മേഖലകളിലേക്കും ആപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ആന്‍ഡ്രോയിഡിലെ ഏറ്റവും വലിയ ഡിഐവൈ കമ്മ്യൂണിറ്റിയാണ് റിയാഫൈ എഐ. മൊബൈലിനും ടിവിയ്ക്കുമായി പ്രത്യേകം ആപ്പ് ഇവര്‍ക്കുണ്ട്. ഇതുവരെ 30 ലക്ഷത്തിലധികം പേര്‍ റിയാഫൈ എഐ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഹുവാവി ആപ്പ്‌സ് അപ് മത്സരത്തില്‍ മികച്ച ആപ്പായി റിയാഫൈയെ തെരഞ്ഞെടുത്തിരുന്നു. ഹിന്ദി, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍ ഉള്‍പ്പെടെ 25 ലോക ഭാഷകളില്‍ ഇത് ലഭ്യമാണ്. ലോകത്തെ 177 രാജ്യങ്ങളില്‍ റിയാഫൈ എഐ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 4.37 റേറ്റിംഗും റിയാഫൈ എഐയ്ക്കുണ്ട്.