യൂണികോണ്‍ പദവി നേടി ഭവിഷ് അഗര്‍വാളിന്റെ എഐ സ്റ്റാര്‍ട്ടപ്പ് ' കൃത്രിം '
- ഇന്ത്യയില്‍ യൂണികോണ്‍ പദവി നേടുന്ന ആദ്യ എഐ സ്റ്റാര്‍ട്ടപ്പാണ് കൃത്രിം
- ധനസമാഹരണത്തിന്റെ ഭാഗമായി 50 ദശലക്ഷം ഡോളര്‍ കൃത്രിം നേടിയിരുന്നു
- ഫെബ്രുവരി മുതല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ലഭ്യമാക്കുമെന്നു കമ്പനി
ഒലയുടെ സ്ഥാപകനും ചെയര്‍മാനുമായ ഭവിഷ് അഗര്‍വാള്‍ സ്ഥാപിച്ച എഐ സ്റ്റാര്‍ട്ടപ്പായ കൃത്രിം യൂണികോണ്‍ പദവി നേടി.
ധനസമാഹരണത്തിന്റെ ഭാഗമായി മെട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 50 ദശലക്ഷം ഡോളര്‍ കൃത്രിം നേടിയിരുന്നു. ഇതേ തുടര്‍ന്നാണു യൂണികോണ്‍ പദവി നേടിയത്.
100 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയെയാണു യൂണികോണ്‍ എന്നു വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ യൂണികോണ്‍ പദവി നേടുന്ന ആദ്യ എഐ സ്റ്റാര്‍ട്ടപ്പാണ് കൃത്രിം.
സമാഹരിച്ച ഫണ്ട് ആഗോളതലത്തില്‍ ബിസിനസ് വ്യാപിപ്പിക്കാനും നവീകരണത്തിനുമായി ഉപയോഗിക്കുമെന്നാണു സ്റ്റാര്‍ട്ടപ്പ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇപ്പോള്‍ കൃത്രിമില്‍ നിക്ഷേപം നടത്തിയ മെട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് മുന്‍പ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംരംഭങ്ങളായ ഒല കാബ്‌സിലും ഒല ഇലക്ട്രിക്കിലും നിക്ഷേപം നടത്തിയിട്ടുള്ളവരാണ്.
എഐ ലാംഗ്വേജ് ശേഷി വികസിപ്പിക്കുന്നതിനൊപ്പം ഡാറ്റാ സെന്ററുകളുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് കൃത്രിം.
എഐ രംഗം വികസിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന് അനുസൃതമായി സര്‍വറുകളും സൂപ്പര്‍ കമ്പ്യൂട്ടറുകളും സൃഷ്ടിക്കുക എന്നതാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.
ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ലഭ്യമാക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.