കാര്‍ത്തിക്കിനെ വാനോളമുയര്‍ത്തിയ വാഴക്കുടപ്പന്‍ അച്ചാര്‍

രുചിയും ഗുണവുമുള്ള ഈ അച്ചാറിന് പെട്ടെന്നു തന്നെ ഡിമാന്റുണ്ടായി.

Update: 2023-09-09 11:15 GMT

സാഹസികനായ കാര്‍ത്തിക്കിന്റെ വിജയം ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലിചെയ്യുന്ന യുവതി യുവാക്കള്‍ക്ക് പ്രചോദനവും പാഠവുമാകേണ്ടതാണ്.

തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ മോഹന്നൂര്‍ ഗ്രാമത്തില്‍ ജനിച്ച ഈ ചെറുപ്പക്കാരന്‍ ഭക്ഷ്യവ്യവസായത്തിലുള്ള താല്പര്യം കൊണ്ടാണ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് തെരഞ്ഞെടുത്തത്. വീട്ടുകാര്‍ക്കതില്‍ വലിയ താല്പര്യമുണ്ടായിരുന്നില്ല. ഓസ്ട്രേലിയയില്‍ ജോലി കിട്ടിയപ്പോള്‍ അവിടെ ചേരാനും ജീവിതം മെച്ചപ്പെടുത്താനും വീട്ടുകാര്‍ ആവുന്നത് പറഞ്ഞുനോക്കി.

എന്നാല്‍ കാര്‍ത്തിക്കിന്റെ സ്വപ്നം സ്വന്തമായൊരു വ്യവസായം എന്നതായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ കാര്‍ത്തിക്ക് ഭക്ഷ്യവ്യവസായവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനങ്ങളും നടത്തി. അപ്പോഴാണ് യാദൃച്ഛികമായൊരാശയം തലയില്‍ കയറിയത്.

തമിഴ്നാട്ടിലെ നാമക്കല്‍, തൃച്ചി, തൂത്തുക്കുടി, തേനി, കമ്പം എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഴകൃഷി നടക്കുന്നത്. ലക്ഷക്കണക്കിന് വാഴക്കുലകളാണ് ഇവിടെ നിന്ന് അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റിയയക്കുന്നത്. കര്‍ഷകര്‍ പാഴാക്കിക്കളയുന്ന വാഴക്കുടപ്പന്‍ അഥവ വാഴപ്പൂ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്‍ത്തിക്കിന്റെ ചിന്തയില്‍ നിന്നാണ് ഈ പുതിയ ബിസിനസ്സ് രൂപം കൊണ്ടത്. ദേശീയ വാഴ ഗവേണകേന്ദ്രവുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത ഉല്പന്നങ്ങളെക്കുറിച്ച് കാര്‍ത്തിക് കാര്യമായ ചര്‍ച്ചകള്‍ നടത്തി.

അങ്ങനെയാണു വാഴക്കുടപ്പനില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്താനുള്ള പരീക്ഷണങ്ങളില്‍ ചെന്നെത്തിയത്. ഒടുവില്‍ വാഴക്കുടപ്പന്‍ അച്ചാര്‍ എന്ന ആശയത്തിലെത്തിച്ചേര്‍ന്നു. ഔഷധ മൂല്യമുള്ളതും ശുദ്ധമായ അഗ്മാര്‍ക്ക് നല്ലെണ്ണയില്‍ തയ്യാറാക്കിയതും ഒരു വര്‍ഷം വരെ കേടു കൂടാതെ ഇരിക്കുന്നതുമായ വാഴക്കുടപ്പന്‍ അച്ചാര്‍ ഏറെ താമസിയാതെ ഒരു ഇഷ്ടവിഭവമായി മാറി.

രണ്ട് തൊഴിലാളികളുമായി 2010-ല്‍ കാര്‍ത്തിക്ക് അച്ചാര്‍ കമ്പനി എളിയ നിലയില്‍ തുടങ്ങി. കൃഷിക്കാര്‍ ഉപേക്ഷിക്കുന്ന വാഴക്കുടപ്പന്‍ രണ്ടുരൂപ വിലയിട്ട് വാങ്ങി അച്ചാറുണ്ടാക്കി. തുടക്കത്തില്‍ അരകിലോഗ്രാം പാക്കറ്റുകള്‍ കര്‍ഷകര്‍ നടത്തുന്ന ഗ്രാമീണ പച്ചക്കറിച്ചന്തയായ 'ഉഴവര്‍ചന്ത'യില്‍ എത്തിച്ചായിരുന്നു കച്ചവടം.

രുചിയും ഗുണവുമുള്ള ഈ അച്ചാറിന് പെട്ടെന്നു തന്നെ ഡിമാന്റുണ്ടായി.

തുടര്‍ന്ന് കാര്‍ത്തിക്ക് ഡയറക്ട് മാര്‍ക്കറ്റിങ് രീതിയിലൂടെ ബിസിനസ്സ് നടത്തി. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തിച്ചാണ് വില്‍പ്പന.

ലോറി ഡ്രൈവര്‍മാര്‍ക്കുവരെ നേരിട്ടു സാധനങ്ങള്‍ എത്തിച്ച് കൊടുത്തു. അത് വന്‍വിജയമായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോറികളുള്ളത് നാമക്കലാണ്. ലോറി ഡ്രൈവര്‍മാര്‍ക്ക് കാര്‍ത്തിക്കിന്റെ അച്ചാര്‍ ഏറെ പ്രിയമായതോടെ ദൂരയാത്രക്കു പോകുമ്പോള്‍ ഈ അച്ചാര്‍കൂടി കൈയില്‍ കരുതാന്‍ മറക്കാറില്ല. ലോറി ഡ്രൈവര്‍മാര്‍ക്കുമാത്രം 4000 കിലോ അച്ചാറാണ് വില്‍ക്കുന്നത്.

മറ്റേതൊരു സംരംഭത്തെപ്പോലെയും പല പല പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് കാര്‍ത്തിക്കിന്. അപ്പോഴെല്ലാം നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും മാത്രമായിരുന്നു കൂട്ടിന്. 'ലക്ഷ്മണ്‍' എന്ന ബ്രാന്റില്‍ നിര്‍മിക്കുന്ന ഈ അച്ചാര്‍ ഫാക്ടറി 2012 ല്‍ ഒന്നരക്കോടിയിലേറെ രൂപ മുതല്‍ മുടക്കി ആധുനീകരിച്ചു.

പതിനായിരം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തില്‍ ഇന്ന് ഇരുനൂറിലേറെ തൊഴിലാളികള്‍ പ്രത്യക്ഷമായും അറുനൂറോളം പേര്‍ പരോക്ഷമായും ജോലിയെടുക്കുന്നു. ഓസ്ട്രേലിയന്‍ കമ്പനിയില്‍ ജോലി വേണ്ടെന്നു വച്ചതിന് വീട്ടുകാരും നാട്ടുകാരും പഴിച്ച കാര്‍ത്തിക്ക് കുമാര്‍ ഇന്ന് ആ ദേശത്തിന്റെ മുഴുവന്‍ കണ്ണിലുണ്ണിയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യക്കു പുറമെ വിദേശരാജ്യങ്ങളിലും ഇന്ന് കാര്‍ത്തിക്കിന്റെ അച്ചാര്‍ പ്രിയപ്പെട്ടതായിക്കഴിഞ്ഞു.

ഇദ്ദേഹത്തിന്റെ വ്യവസായികവിജയം കര്‍ഷകര്‍ക്കുകൂടി പ്രയോജനകരമാകണമെന്ന് കരുതി ചില സ്‌കീമുകള്‍കൂടി നടപ്പാക്കിയിരിക്കുന്നു.

വാഴക്കുടപ്പന്‍ കൊണ്ടുവരുന്ന എല്ലാ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വാഴക്കുടപ്പന്‍ എത്തിക്കുന്നവര്‍ക്ക് ബോണസ് നല്‍കുന്നു. എല്ലാ കര്‍ഷകര്‍ക്കും 10 ശതമാനം ലാഭവിഹിതവും നല്‍കുന്നുണ്ട്. തീര്‍ന്നില്ല. കര്‍ഷകര്‍ക്കായി ഫാക്ടറിയോട് ചേര്‍ന്ന് പച്ചക്കറി, പലവ്യഞ്ജന സ്റ്റോക്കുകള്‍ തുറന്ന് വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ തുച്ഛമായ വിലക്ക് നല്‍കുന്നു. കര്‍ഷകരുടെ മക്കള്‍ക്ക് വിവാഹത്തിനും വിദ്യാഭ്യാസത്തിനും എല്ലാവരുടേയും ആശുപത്രി ചികിത്സയ്ക്കും സാമ്പത്തിക സഹായം നല്‍കുന്നു. തൊഴിലാളികളുടെ ദൗര്‍ലഭ്യമാണ് പല വ്യവസായ സംരംഭകരുടേയും പ്രശ്നമെങ്കില്‍ അത്തരത്തിലുള്ള ഒരു പ്രശ്നവും തനിക്കില്ലെന്ന് കാര്‍ത്തിക്ക് പറയുന്നു.

തൊഴിലാളികള്‍ക്ക് കമ്പനിയുമായി ഇഴപിരിയാനാകാത്ത തരത്തിലുള്ള ബന്ധം നിലനിര്‍ത്തുന്നതാണ് ഈ സംരഭത്തിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന്.

സംരംഭകരാകാന്‍ ശ്രമിക്കുന്നവരെവരെ നിങ്ങളും ആഴത്തില്‍ ചിന്തിക്കുക. കാര്‍ത്തിക്ക് കുമാറിനെപ്പോലെ എങ്ങനെ ഒരു മികച്ച സംരംഭകനാകാമെന്ന് പലവട്ടം പലതരത്തില്‍ ചിന്തിക്കൂക. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കണ്ണുതുറന്നു കാണുക. നമുക്കാവശ്യമുള്ളവയെ തിരഞ്ഞെടുക്കുക. വിജയം സുനിശ്ചിതം.

Tags:    

Similar News