രാജ്യത്ത് യൂണികോണുകള്‍ കുറഞ്ഞു

  • യുഎസിലെ യൂണികോണുകളുടെ എണ്ണം 703 ആണ്
  • 2023-ല്‍ ലോകത്തിലെ മൊത്തം യൂണികോണുകളുടെ എണ്ണം 1,453 ആയിരുന്നു
  • ഇന്ത്യന്‍ സംരംഭകര്‍ രാജ്യത്തിന് പുറത്ത് 109 യൂണികോണുകള്‍ സ്ഥാപിച്ചു

Update: 2024-04-12 09:36 GMT

2017-നുശേഷം ആദ്യമായി രാജ്യത്ത് യൂണികോണുകളുടെ എണ്ണം കുറഞ്ഞു. ഈ മേഖലയില്‍ നിക്ഷേപമാന്ദ്യവും പ്രകടമായി. 2023-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 67 യൂണികോണുകള്‍ ഉണ്ടെന്ന് 'ഗ്ലോബല്‍ യൂണികോണ്‍ സൂചിക 2024' കണ്ടെത്തി. 2022-നെ അപേക്ഷിച്ച് ഒന്ന് കുറവ്. രാജ്യത്ത് 100-ലധികം യൂണികോണുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഇപ്പോഴും പറയുന്ന സാഹചര്യത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്.

യുണികോണുകളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള യുഎസിലെ യൂണികോണുകളുടെ എണ്ണം 703 ആണ്. 2023-ല്‍ 37 എണ്ണം ആണ് അവിടെ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 340 യൂണികോണുകളാണ് ഉള്ളത്.

2023-ല്‍ ലോകത്തിലെ മൊത്തം യൂണികോണുകളുടെ എണ്ണം 1,453 ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഇന്ത്യയില്‍ യൂണികോണുകളുടെ എണ്ണം കുറഞ്ഞപ്പോള്‍, ഇന്ത്യന്‍ സംരംഭകര്‍ രാജ്യത്തിന് പുറത്ത് 109 യൂണികോണുകള്‍ സ്ഥാപിച്ചുവെന്നത് ശ്രദ്ധേയമാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന 'സ്റ്റാര്‍ട്ടപ്പ് മഹാകുംഭ്' എന്ന പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തിന്റെ ശക്തമായ ചിത്രം വിശദീകരിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നമുക്ക് നൂറിലധികം യൂണികോളുകള്‍ ഉണ്ടെന്നാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഏകദേശം 12,000 പേറ്റന്റുകള്‍ ഫയല്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിലെ മറ്റ് നിരവധി മന്ത്രിമാരും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഇന്ത്യയില്‍ 100-ലധികം യൂണികോണുകള്‍ ഉണ്ടെന്നും അതിന്റെ മൊത്തം മൂല്യം 347 ബില്യണ്‍ ഡോളറാണെന്നും 2023-ല്‍ പറഞ്ഞിരുന്നു. സമാനമായ പ്രസ്താവന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവും നടത്തിയിരുന്നു.

വരും വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് 10,000 യൂണികോണുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് 2023 ഡിസംബറിലെ മറ്റൊരു സ്റ്റാര്‍ട്ട്-അപ്പ് കോണ്‍ക്ലേവില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രസ്താവിച്ചിരുന്നു.

'ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മന്ദഗതിയിലായി, ഞങ്ങളുടെ ലിസ്റ്റ് സമാരംഭിച്ചതിന് ശേഷം ആദ്യമായി യൂണികോണുകളുടെ എണ്ണം കുറഞ്ഞു,' ഹുറുണ്‍ ഇന്ത്യയുടെ സ്ഥാപകനും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാന്‍ ജുനൈദ് പറയുന്നു. '

'മറ്റൊരു ഘടകം, ഇന്ത്യയില്‍ നിന്നുള്ള സ്ഥാപകര്‍ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഓഫ്ഷോര്‍ യൂണികോണുകള്‍ ഉത്പാദിപ്പിച്ചു എന്നതാണ്. ഇന്ത്യയിലെ 67 യൂണികോണുകളെ അപേക്ഷിച്ച് ഇന്ത്യക്ക് പുറത്ത് 109 യൂണികോണുകള്‍ സ്ഥാപിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐ അധിഷ്ഠിത വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന യുഎസും ചൈനയും പോലുള്ള രാജ്യങ്ങളെക്കാള്‍ ഇന്ത്യ പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂ എനര്‍ജി, അര്‍ദ്ധചാലകങ്ങള്‍, എഐ മേഖലകള്‍ എന്നിവയാണ് ചൈനയില്‍ പുതിയ യൂണികോണുകള്‍ സംഭാവന ചെയ്യുന്ന പ്രധാന മൂന്ന് മേഖലകള്‍.

2024 ജനുവരിയിലെ പ്രൈവറ്റ് സര്‍ക്കിളുകളുടെ മറ്റൊരു ഗവേഷണമനുസരിച്ച്, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് 2022 ലെ 1,80,000 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ല്‍ 62 ശതമാനത്തിലധികം കുറഞ്ഞ് 66,908 കോടി രൂപയായി. ഇത് 2018 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

Tags:    

Similar News