എഐ സ്വയംപഠന പ്ലാറ്റ്‌ഫോമുമായി ഹലോ എഐ
- കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ നിന്നുള്ള സീഡ് ഗ്രാന്റ്, എസ്ടിഇഎം, കിഡ്‌സേഫ് സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഹലോ എഐയ്ക്ക് ലഭിച്ചിട്ടുണ്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സ്വയംപഠന പ്ലാറ്റ്‌ഫോമുമായി മലയാളി സംരംഭകര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ്‌യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഐ സ്റ്റാര്‍ട്ടപ്പായ ഹലോ എഐയാണ് എല്ലാ പ്രായക്കാര്‍ക്കും സമഗ്രവും വ്യക്തിഗതവുമായ പഠനാനുഭവം സാധ്യമാക്കുന്ന സ്വയംപഠന പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
കൊച്ചി ആസ്ഥാനമായുള്ള ഹലോ എഐ-ഹാള്‍ലാബ്‌സ്.എഐ സ്റ്റാര്‍ട്ടപ്പിന്റെ പുതിയ പ്ലാറ്റ്‌ഫോമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം എഐ ഡാറ്റാ സാക്ഷരതാ വൈദഗ്ധ്യം ഉറപ്പ് നല്‍കാനുള്ള ശ്രമത്തിലാണ്. പ്രസാദ് പ്രഭാകരന്‍, പ്രീത പ്രഭാകരന്‍, എഡ്വിന്‍ ജോസ് എന്നിവരാണ് ഇതിനു പിന്നില്‍.
അഡാപ്റ്റീവ് ലേണിംഗ്, എഐ ട്യൂട്ടര്‍ ഉപയോഗിച്ചുള്ള വ്യക്തിഗത അധ്യാപനം തുടങ്ങിയവയിലൂടെ സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എഐയെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കുന്നതിനും മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം സഹായകമാകും.
എഐ സാങ്കേതികവിദ്യ ലോകത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്നും ഭാവിയില്‍ ഉത്തരവാദിത്തമുള്ള എഐ പൗരന്മാരാകാന്‍ നമ്മുടെ കുട്ടികളെ തയ്യാറാക്കേണ്ടതുണ്ടെന്നും ഹലോ എഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രസാദ് പ്രഭാകരന്‍ പറഞ്ഞു.
ഈ മാസത്തിന്റെ അവസാന വാരം അമേരിക്കയില്‍ നടക്കുന്ന ലേണിംഗ് ടൂള്‍സ് എഞ്ചിനീയറിംഗ് ആഗോള മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലും ഹലോ എഐ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 800 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.
2025 ഓടെ ഒരു ദശലക്ഷം വിദ്യാര്‍ത്ഥികളില്‍ എഐ ഡാറ്റാ സാക്ഷരതാ വൈദഗ്ദ്ധ്യം ഉണ്ടാക്കിയെടുക്കാന്‍ ലക്ഷ്യമിടുന്നതായി ഹലോ എഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രീത പ്രഭാകരന്‍ പറഞ്ഞു. എഐയുമായി ബന്ധപ്പെട്ട സ്വയംപഠനം കൂടുതല്‍ വ്യക്തിപരവും ആസ്വാദ്യകരവുമായിരിക്കണം എന്ന ചിന്തയോടെയാണ് ഈ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഹലോ എഐ ചീഫ് ടെക്‌നോളജി ഓഫീസര്‍ എഡ്വിന്‍ ജോസ് പറഞ്ഞു.