കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലാന്തരീക്ഷം: മുഖ്യമന്ത്രി

സംരംഭക മേഖലയില്‍ കൂടുതല്‍ നവീകരണം ഏര്‍പ്പെടുത്തി തിരുവനന്തപുരത്തെ ഡിജിറ്റല്‍ ഹബ്ബായി വികസിപ്പിക്കും

Update: 2023-11-16 12:07 GMT

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ കേരളം മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ റാങ്കിംഗില്‍ കേരളം ഒന്നാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടു.

സംരംഭക മേഖലയില്‍ കൂടുതല്‍ നവീകരണം ഏര്‍പ്പെടുത്തി തിരുവനന്തപുരത്തെ ഡിജിറ്റല്‍ ഹബ്ബായി വികസിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്‌സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകതയോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പോലുള്ള സംരംഭങ്ങളിലൂടെ പ്രാദേശിക സംരംഭകരെയും വ്യവസായ പ്രമുഖരെയും പ്രവാസി മലയാളികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സഹകരണ പദ്ധതികള്‍ കേരളം സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്ന ഈ സമീപനം നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതില്‍ ആഗോള മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നു. സംരംഭകത്വം അഭിവൃദ്ധിപ്പെടുന്ന ഭാവി പ്രാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നവീകരണത്തിന്റെ അതിരുകള്‍ പരിധിയില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ് യുഎമ്മിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. ബെല്‍ജിയത്തിലെ ബ്രസല്‍സിലും, ഓസ്‌ട്രേലിയയിലുമാകും ഇന്‍ഫിനിറ്റി സെന്റര്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും ഉന്നതനിലവാരത്തിലുള്ള സാങ്കേതിക, ഗവേഷണ-വികസന ആവാസവ്യവസ്ഥയെ പ്രയോജനപ്പെടുത്തുന്നതിനും വിപണി വിപുലീകരണത്തിനും ഈ കരാര്‍ സഹായകമാകും.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്‌ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍ എന്നിവര്‍ കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബികയുമായാണ് ധാരണാപത്രം കൈമാറിയത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ശക്തമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം അടിവരയിടുന്നത്.

Tags:    

Similar News