ഇരട്ട പുരസ്‌ക്കാരം നേടി ഇന്‍ഐടി സൊല്യുഷന്‍സ്

  • കൊച്ചി വെണ്ണല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഐടി സൊല്യൂഷന്‍സ് 2011ലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

Update: 2023-10-19 11:30 GMT

ക്ഷേത്രഭരണം, ക്ഷേത്രദര്‍ശനം, വഴിപാടുകള്‍ മുതലായ സേവനങ്ങള്‍ നല്‍കുന്ന കേരള സ്റ്റാര്‍ട്ടപ്പായ ഇന്‍ ഐടി സൊല്യൂഷന്‍സിന് ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ട പുരസ്‌ക്കാര തിളക്കം. ബെംഗളുരുവില്‍ ഹെഡ്സ്റ്റാര്‍ട്ട് സംഘടിപ്പിച്ച എച്ച് എസ് എക്സ് 2.0 സമ്മേളനത്തിലെ എമര്‍ജിംഗ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2023 പുരസ്‌ക്കാരവും വേള്‍ഡ് കൊങ്ങിണി സെന്ററിന്റെ മികച്ച അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്‌ക്കാരവുമാണ് ഇന്‍ ഐടി സൊല്യൂഷന്‍സിന് ലഭിച്ചത്.

ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ബെംഗളുരുവിലെ സാപ് ലാബ്‌സില്‍ നടന്ന എച്ച് എസ് എക്സ് 2.0 സമ്മേളനത്തില്‍ മാറ്റുരച്ചത്. ഇതില്‍ നിന്ന് 70 സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്താണ് പുരസ്‌ക്കാര ജേതാക്കളെ നിശ്ചയിച്ചത്. ഇതോടെ ഭാരത് പിച്ചാത്തോണ്‍ 2.0 ല്‍ പങ്കെടുക്കാനും ഇന്‍ഐടി സൊല്യൂഷന്‍സ് അര്‍ഹത നേടി.

ബെംഗളുരുവില്‍ നടന്ന എന്‍റർപ്രണര്‍ഷിപ്പ് കോണ്‍ക്ലേവിലാണ് ഇന്‍ ഐടി സൊല്യൂഷന്‍സിന് രണ്ടാമത്തെ അംഗീകാരം ലഭിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഞ്ച് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി ഇന്‍ ഐടിയെ തിരഞ്ഞെടുത്തു. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ മോഹന്‍ദാസ് പൈ, ജ്യോതി ലാബ്‌സിന്റെ മുന്‍ സിഇഒയും എംഡിയുമായ ഉല്ലാസ് കാമത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്റ്റാര്‍ട്ടപ്പുകളുടെ വിലയിരുത്തല്‍.

ക്ഷേത്രകാര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന 'ബുക്ക് സേവ' എന്ന ഐടി ഉത്പന്നമാണ് ഇന്‍ ഐടിയ്ക്ക് ഈ പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുത്തത്. ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണനിര്‍വഹണം, ധനകാര്യവിനിയോഗം, വിഭവശേഷി വിനിയോഗം എന്നിവ ഇതിലൂടെ കൈകാര്യം ചെയ്യാനാകും. ഇതിനു പുറമെ ഭക്തര്‍ക്ക് ഓണ്‍ലൈനായി ദര്‍ശനം, വഴിപാട് നല്‍കല്‍ മുതലായവയും ഇവര്‍ നല്‍കുന്നു. ക്ഷേത്രകാര്യങ്ങള്‍ക്കായി സോപാനം എന്ന ഐടി ഉത്പന്നവും, നിരവധി ഫിന്‍ടെക് ഉത്പന്നങ്ങളും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ആറ്റുകാല്‍ ക്ഷേത്രം തുടങ്ങിയവ ഇന്‍ ഐടിയുടെ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. നൂറോളം ക്ഷേത്രങ്ങളില്‍ ഇന്‍ ഐടിയുടെ വിവിധ ഉത്പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നു.

Tags:    

Similar News