കേരളത്തില്‍ വരുന്നു രാജ്യത്തെ ആദ്യ കണ്‍സ്ട്രക്ഷന്‍ ഇന്നൊവേഷന്‍ ഹബ്
- ആദ്യ ഘട്ടത്തില്‍ വിര്‍ച്വല്‍ രീതിയിലായിരിക്കും പ്രവര്‍ത്തനങ്ങള്‍
ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രാജ്യത്തെ ആദ്യ കണ്‍സ്ട്രക്ഷന്‍ ഇന്നൊവേഷന്‍ ഹബ് (സിഐഎച്ച്) കൊച്ചിയില്‍. നൂതനത്വം, പങ്കാളിത്തം, വിജ്ഞാനസഹകരണം എന്നിവയാണ് ഹബ്ബിന്റെ ലക്ഷ്യം.
രാജ്യത്തുടനീളമുള്ള നിര്‍മ്മാണ രംഗത്തെ ശൈശവ ദശയിലുള്ള നൂതന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുക, അവയ്ക്ക്് ചെലവുകുറഞ്ഞ നിര്‍മ്മാണ രീതികളെക്കുറിച്ചുള്ള വിദഗ്‌ധോപദേശം നല്‍കുക, സമാനവ്യവസായത്തിലെ വിദഗ്ധരുമായി ആശയവിനിമയം സംഘടിപ്പിക്കുക എന്നിവയ്‌ക്കൊപ്പം പദ്ധതി രൂപീകരണവും, നടപ്പാക്കലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചെയ്യും. ചെലവ് കുറഞ്ഞ നിര്‍മ്മാണ രീതികള്‍ പ്രചരിപ്പിക്കുന്ന അമേരിക്കന്‍ സ്ഥാപനമായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയുമായി ചേര്‍ന്നാണ് സിഐഎച്ച് സ്ഥാപിക്കുന്നത്. ചെന്നൈയില്‍ നടന്ന ഷെല്‍ട്ടര്‍ടെക് ഉച്ചകോടിയില്‍ വച്ചാണ് സിഐഎച്ചിന്റെ പ്രവര്‍ത്തനം ഔപചാരികമായി ആരംഭിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനായിരിക്കും സിഐഎച്ചിന്റെ ചുമതല നല്‍കുക. കൊച്ചിയാണ് സിഐഎച്ചിന്റെ പ്രവര്‍ത്തന കേന്ദ്രം.
നിര്‍മ്മാണ മേഖലയിലെ ആഗോള വിജ്ഞാനം സ്വരൂപിക്കാന്‍ സിഐഎച്ചിന് സാധിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ചെലവ്, ഗുണമേന്മ, സമയബന്ധിത മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവിധ അറിവുകള്‍ മനസിലാക്കാനാകും. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ദ്രുതഗതിയിലുള്ള വികസന പ്രവര്‍ത്തനത്തിലുള്ള ഹാബിറ്റാറ്റിന്റെ പങ്ക് അനൂപ് അംബിക ചൂണ്ടിക്കാട്ടി.
ഷെല്‍ട്ടര്‍ ടെക്‌നോളജിയാണ് ഹാബിറ്റാറ്റും സിഐഎച്ചും പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതാണ് ഈ സഹകരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലൊട്ടാകെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നൊവേഷന്‍ ഹബ്ബിന്റെ സേവനം ലഭ്യമാക്കും. തുടക്കത്തില്‍ വെര്‍ച്വലായാണ് സിഐഎച്ച് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നിര്‍വഹിക്കും. സിഐഎച്ച് സേവനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക പരിപാടികള്‍, മാര്‍ക്കറ്റിംഗ്, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കളമശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ സംഘടിപ്പിക്കും. ഇന്നൊവേഷന്‍ ലാബിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപീകരണം, വിവിധ സര്‍ക്കാര്‍ വകുപ്പുകളും വ്യവസായ സമൂഹവുമായുള്ള ഏകോപനം, ചെലവ് കുറഞ്ഞ ഭവനങ്ങള്‍ക്കായുള്ള പൈലറ്റ് പദ്ധതികളെ കണ്ടെത്തല്‍, ധനസ്ഥിതി, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സഹായം എന്നിവ സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലായിരിക്കും.