വിപണി പിടിക്കാം വാക്വം ഫ്രൈഡ് ചിപ്സ്സിലൂടെ

കിടമത്സരം കുറഞ്ഞ വിപണിയാണ് വാക്വം ഫ്രൈഡ് ചിപ്പ്‌സിന്റേത്‌

Update: 2023-10-07 05:15 GMT

സാധാരണ എണ്ണകളില്‍ വറുത്തെടുക്കുന്ന ചിപ്‌സുകള്‍ അനാരോഗ്യകരമാണ്. അതില്‍ വലിയ തോതില്‍ എണ്ണ അടങ്ങിയിരിക്കുന്നു. ചിപ്‌സില്‍ 60 ശതമാനം വരെ എണ്ണയുടെ അംശം കുറക്കാന്‍ വാക്വം ഫ്രൈയിംഗിലൂടെ സാധിക്കുന്നു. മാത്രമല്ല ഉല്‍പ്പന്നത്തിന്റെ തനതായ കളറും രുചിയും നിലനിര്‍ത്താനും സാധിക്കുന്നു. ഇത് പ്രചാരം നേടിവരുന്ന ഒരു നിര്‍മാണ രീതിയാണ്. വിപണിയിലും നന്നായി ശോഭിക്കുവാന്‍ ഈ സംവിധാനത്തിനു കഴിയും.

ബിസിനസ് ഐഡിയ

എണ്ണയുടെ അംശം കുറഞ്ഞ വാക്വം ഫ്രൈഡ് ചിപ്‌സ് ഉണ്ടാക്കി വില്‍ക്കുകയാണു ബിസിനസ്. വെണ്ടക്ക, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, പാവയ്ക്ക, ചിക്കു (സപ്പോട്ട), നേന്ത്രപ്പഴം, ചക്ക, ചക്കപ്പഴം, കാബൂളി ചെന ( വെള്ള കടല) തുടങ്ങിയവ ഇതേ രീതിയില്‍ വറുത്തെടുത്ത് വില്‍ക്കാം. തീരെ കിടമത്സരം കുറഞ്ഞ വിപണിയാണ് ഇതിന് ഉള്ളത്.

നിര്‍മാണ രീതി

പൊതുവിപണിയില്‍ നിന്നും ജൈവരീതിയില്‍ കൃഷി ചെയ്ത (മുന്‍ഗണന) പഴങ്ങളും പച്ചക്കറികളും ശേഖരിക്കുന്നു. അത് നന്നായി ക്ലീന്‍ ചെയ്യുന്നു. ശേഷം 12 മണിക്കൂര്‍ ഫ്രീസിംഗ് ചെയ്യുന്നു. പിന്നീട് സെന്‍ട്രല്‍ ഫ്യൂഗര്‍ ഡ്രയര്‍ മെഷീന്‍ ഉപയോഗിച്ച് എണ്ണയുടെ സിംഹഭാഗവും നീക്കം ചെയ്യുന്നു. നന്നായി ഉണങ്ങുന്നു. പിന്നീട് നൈട്രജന്‍ ഫ്‌ളഷിംഗ് പായ്ക്കിംഗ് സംവിധാനത്തില്‍ പായ്ക്കു ചെയ്യുന്നു.

6 മാസം വരെ കേട് കൂടാതെ ഉപയോഗിക്കാം.

വിപണി

കിടമത്സരം കുറഞ്ഞ വിപണിയാണ് വാക്വം ഫ്രൈഡ് ചിപ്‌സിന് ഉള്ളത്.

ഈ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തീരെ കുറവാണ്. പ്രീമിയം പ്രൊഡക്ട് കാറ്റഗറിയിലാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബേക്കറി ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നല്ല രീതിയില്‍ വിറ്റഴിക്കാന്‍ കഴിയും. വിതരണക്കാരേയും ലഭിക്കുവാന്‍ സാഹചര്യം ഉണ്ട്. ഓണ്‍ലൈന്‍ വിപണിയില്‍ നന്നായി ശോഭിക്കാവുന്ന ഒരു ഉല്‍പ്പന്നമാണ് ഇത്. പ്രാദേശിക-വിദേശ വിപണികളിലും നന്നായി ശോഭിക്കാം.

അടിസ്ഥാന സൗകര്യങ്ങള്‍

വാക്വം ഫ്രൈയിംഗ് മെഷീന്‍, വെജിറ്റബിള്‍ കട്ടര്‍, സെന്‍ട്രല്‍ ഫ്യൂഗല്‍ ഡ്രയര്‍, നൈട്രജന്‍ പായ്ക്കിംഗ് മെഷീന്‍, ഫ്രീസറുകള്‍ തുടങ്ങിയവയാണ് പ്രധാന മെഷിനറി ഇനങ്ങള്‍.

25 ലക്ഷം രൂപയോളം ഇതിന് ചെലവ് വരുന്നുണ്ട്. 600 ചതരുശ്രയടി വൃത്തിയുള്ള കെട്ടിടവും ആവശ്യമുണ്ട്. ഒരു സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് തുടക്കത്തില്‍ ജോലി കിട്ടും. 10 എച്ച്പി പവറും ആവശ്യമുണ്ട്. ഇതിന്റെ മെഷിനറികള്‍ പ്രാദേശികമായിത്തന്നെ ഇപ്പോള്‍ ലഭ്യമാണ്.

നേട്ടങ്ങള്‍

ആരോഗ്യകരമായ ഒരു ഉല്‍പ്പന്നമായതിനാല്‍ മികച്ച ഭാവി ഉറപ്പാക്കുന്നു.

കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും സാങ്കേതിക വിദ്യ ലഭിക്കുന്നു.

അസംസ്‌കൃത വസ്തുക്കള്‍ സുലഭമായി ലഭിക്കും. ചക്ക, മാങ്ങ എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച അവസരങ്ങള്‍ ഉണ്ട്.

ചെറു ചൂടില്‍ വറുത്തെടുക്കുന്നു. എണ്ണ കുറവ്, കളര്‍, രുചി എന്നിവ നിലനിര്‍ത്തുന്നു.

സംരംഭകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു.

തുടക്കത്തില്‍ പ്രതിമാസം 5 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടാക്കിയാല്‍ പോലും 1.5 ലക്ഷം രൂപ (30 ശതമാനം വരെ) അറ്റാദായമായി ഉണ്ടാക്കാം.

Tags:    

Similar News