ആഗോള ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകാന്‍ കേരളത്തിന്റെ ഹെക്‌സ20

  • ചാന്ദ്ര ദൗത്യത്തിനായി ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുക എന്ന ഉത്തരവാദിത്തം.
  • ഓസ്‌ട്രേലിയയിലെ ബഹിരാകാശ സാങ്കേതിക മേഖലയിലും ഹെക്‌സ്20യ്ക്ക് സാന്നിദ്ധ്യമുണ്ട്.

Update: 2023-10-09 14:26 GMT

തിരുവനന്തപുരം: ചാന്ദ്ര ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ നിന്നുമൊരു സ്റ്റാര്‍ട്ടപ്പ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹെക്‌സ20ക്കാണ് ചാന്ദ്ര ദൗത്യത്തിനായി ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുക എന്ന ഉത്തരവാദിത്തം. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74ാമത് ഏറോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ വച്ച് സ്‌കൈ റൂട്ട് എയ്‌റോ സ്‌പേസ്, ഐസ്‌പേസ് ഇങ്ക് എന്നീ സ്ഥാപനങ്ങളുമായി ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഹെക്‌സ20 ഒപ്പുവെച്ചു.

സ്‌കൈ റൂട്ട് എയ്‌റോ സ്‌പേസ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ നിര്‍മ്മാണ കമ്പനിയാണ്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ സ്‌പേസ് ചാന്ദ്ര ദൗത്യ ഗവേഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കെ-സ്‌പേസ് പദ്ധതിയുടെ ഭാഗമായി ഹെക്‌സ്20 കഴിഞ്ഞ മേയില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവിധാനം തുടങ്ങിയിരുന്നു.

ഇന്‍ഡോ-പസഫിക് മേഖലയില്‍ ചാന്ദ്രദൗത്യത്തിനുള്ള അവസരങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ വിപണി സാന്നിധ്യം ഉറപ്പാക്കുമെന്ന് ഹെക്‌സ്20യുടെ സിഇഒ ലോയിഡ് ലോപ്പസ് പറഞ്ഞു. വരാന്‍ പോകുന്ന ചാന്ദ്രദൗത്യങ്ങളില്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതികവിദ്യയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഹെക്‌സ്20മായുള്ള സഹകരണം നിര്‍ണായകമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോള സ്ഥാപനങ്ങളുമായുള്ള ഹെക്‌സ്20യുടെ പങ്കാളിത്തം ഈ ദിശയിലുള്ള ഉറച്ച കാല്‍വയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി, എന്നിവയുമായുള്ള സഹകരണത്തിന് പുറമേ ഓസ്‌ട്രേലിയയിലെ ബഹിരാകാശ സാങ്കേതിക മേഖലയിലും ഹെക്‌സ്20യ്ക്ക് സാന്നിദ്ധ്യമുണ്ട്. ക്യൂബ്‌സാറ്റ്, സ്‌മോള്‍സാറ്റ് വിപണികള്‍ക്കായി അത്യാധുനിക സെന്‍സര്‍ സാങ്കേതികവിദ്യയും ചെലവുകുറഞ്ഞ രീതിയില്‍ ഹെക്‌സ്20 നല്‍കി വരുന്നുണ്ട്.

Tags:    

Similar News