ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം

  ശ്രീലങ്ക നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മുന്‍പ്, സിംബാബ്വെ, വെനിസ്വേല , ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ നേരിട്ട പ്രതിസന്ധിക്ക് ഏറെക്കുറെ സമാനമാണെന്ന് വിലയിരുത്താം. തൊണ്ണൂറുകളുടെ ഒടുവില്‍ 'ഏഷ്യന്‍ കടുവകള്‍' എന്ന പേരില്‍ അറിയപ്പെട്ട തെക്ക് - കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഇതേ രീതിയിലുള്ള സ്ഥിതി നേരിട്ടത് കാണാം. ശ്രീലങ്ക, ടൂറിസം വ്യവസായത്തെയും വിദേശത്ത് നിന്നും ശ്രീലങ്കന്‍ പൗരന്മാര്‍ അയക്കുന്ന പണത്തെയും കാര്യമായി ആശ്രയിച്ച് മുന്നോട്ട് പോയതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇറക്കുമതിയെ വല്ലാതെ ആശ്രയിക്കുന്ന […]

Update: 2022-04-01 07:22 GMT

 

ശ്രീലങ്ക നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മുന്‍പ്, സിംബാബ്വെ, വെനിസ്വേല , ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ നേരിട്ട പ്രതിസന്ധിക്ക് ഏറെക്കുറെ സമാനമാണെന്ന് വിലയിരുത്താം. തൊണ്ണൂറുകളുടെ ഒടുവില്‍ 'ഏഷ്യന്‍ കടുവകള്‍' എന്ന പേരില്‍ അറിയപ്പെട്ട തെക്ക് - കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഇതേ രീതിയിലുള്ള സ്ഥിതി നേരിട്ടത് കാണാം. ശ്രീലങ്ക, ടൂറിസം വ്യവസായത്തെയും വിദേശത്ത് നിന്നും ശ്രീലങ്കന്‍ പൗരന്മാര്‍ അയക്കുന്ന പണത്തെയും കാര്യമായി ആശ്രയിച്ച് മുന്നോട്ട് പോയതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇറക്കുമതിയെ വല്ലാതെ ആശ്രയിക്കുന്ന സമ്പദ്ഘടനയായ ലങ്കയുടെ വിദേശനാണ്യ അക്കൗണ്ട് കാലിയയായത് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അടിമുടി ഉലയ്ക്കുന്നതായി മാറി. എന്നാല്‍ അത് മാത്രമാണ് കാരണമെന്ന് വിലയിരുത്തുന്നത് പ്രതിസന്ധിയുടെ ആഴവും പരപ്പും അന്വേഷിക്കുന്ന തരത്തിലുള്ള ഒന്നല്ല. അതായത്, പ്രതിസന്ധിക്ക് കാരണം, കോവിഡ് മഹാമാരി ടൂറിസം വ്യവസായത്തെ ബാധിച്ചതാണ് എന്ന നിലയില്‍ ചുരുക്കികാണലാകും അത്. കോവിഡ് പ്രതിസന്ധി ഉണ്ടായില്ലെങ്കില്‍ പോലും ആ രാജ്യം ഇതേ പ്രതിസന്ധിയിലേക്ക് വഴുതി വീഴുമായിരുന്നു. കോവിഡ് അതിന്റെ വേഗം വര്‍ധിപ്പിച്ചു എന്ന വിലയിരുത്തലാകും കൂടുതല്‍ ശരി.

എന്താണ് ശ്രീലങ്ക നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ?

ആഗോളവത്കരണത്തെയും നവലിബറല്‍ സാമ്പത്തിക നയങ്ങളെയും വാരിപുണരാന്‍ വികസ്വര , അവികസിത രാജ്യങ്ങള്‍ കാണിക്കുന്ന അതേ വ്യഗ്രതയാണ് ദ്വീപ് രാജ്യത്തെ ഇത്തരമൊരു കെണിയിലേക്ക് നയിച്ചത്. വികസനത്തിന്റെ പേരിലും ആഗോള സാമ്പത്തിക രംഗത്തിന് ഒപ്പം ചലിക്കുന്നതിനും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കാണിക്കുന്ന അമിതമായ താല്പര്യം ഒടുവില്‍ ചെന്നെത്തുക ഈ കത്രികപ്പൂട്ടിലേക്ക് തന്നെയാണ്. മറ്റു രീതിയില്‍ പ്രായേണ ദുര്‍ബലമായ ഒരു രാജ്യം മുതലാളിത്ത സാമ്പത്തിക വികസന നയങ്ങളെ ആശ്ലേഷിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണ് ശ്രീലങ്ക നല്‍കുന്ന പാഠം. മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ ആന്തരിക വൈരുധ്യം തന്നെയാണ് ഇവിടെ പ്രശ്‌നം. സാമ്പത്തിക അടിത്തറ ദുര്‍ബലമാകുന്നതോടെ വൈരുധ്യം ആ സമ്പദ്വ്യവസ്ഥയെ സ്വാഭാവികമായ തകര്‍ച്ചയിലേക്ക് നയിക്കുന്നു എന്നതാണ് വാസ്തവം. വിദേശനാണ്യ ശേഖരം ഇടിയുകയും മറ്റ് ആസ്തികള്‍ക്ക് ശോഷണം സംഭവിക്കുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കുന്നതിന് കൈവിട്ട പല നടപടികളിലേക്കും ആ രാജ്യം നീങ്ങി. വലിയ തോതില്‍ കറന്‍സികള്‍ അച്ചടിച്ച് പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിച്ചത് മഹാദുരന്തമായി പരിണമിച്ചു.

2008 ല്‍ ലോകം , പ്രത്യേകിച്ച് വികസിത പാശ്ചാത്യ രാജ്യങ്ങള്‍ നേരിട്ട അസാധാരണ സാമ്പത്തിക പ്രതിസന്ധിയുടെ അനുഭവപാഠം നമുക്ക് മുന്നിലുണ്ട്. ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥിതിയുടെ ആന്തരിക വൈരുധ്യങ്ങളുടെ അനന്തര ഫലം തന്നെയായിരുന്നു അത്. അന്ന് ഫിനാന്‍സ് സ്ഥാപനങ്ങള്‍ നേരിട്ട പ്രതിസന്ധി കാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയുടെ അഴിച്ചുപണിയെ കുറിച്ച് ലോകത്തെ ചിന്തിപ്പിച്ചു. ബദല്‍ ആശയങ്ങളുടെ പേരില്‍ മാര്‍ക്‌സിസത്തെ കുറിച്ചുള്ള പുനര്‍വായനയും കാര്യമായി അരങ്ങേറി. എന്നാല്‍ നികുതിദായകരുടെ പണമെടുത്ത് പ്രതിസന്ധിയിലായ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയെ കരകയറ്റി തടി തപ്പുകയാണ് പാശ്ചാത്യ രാജ്യങ്ങളിലെ , പ്രത്യേകിച്ച് അമേരിക്കയിലെ ഭരണകൂടം ചെയ്തത്. മാസങ്ങളോളം ശമ്പളം പോലും നല്കാന്‍ കഴിയാതെ വന്‍പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഗ്രീസിനെ യൂറോപ്യന്‍ യൂണിയന്‍ കൈയയച്ച് സഹായിച്ച് കരകയറ്റി. രണ്ട് സാഹചര്യങ്ങളിലും ആഗോളവത്കരണത്തെയും നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളെയും തകര്‍ച്ചയില്‍ നിന്ന് കര കയറ്റുക കൂടിയാണ് പാശ്ചാത്യ ലോകം ചെയ്തത്. ക്യാപിറ്റലിസത്തെ ഏറ്റവും പ്രായോഗിക വികസന മോഡലായി പരിഗണിക്കുന്ന ആഗോള സാമ്പത്തിക ശക്തികളെ നില നിര്‍ത്തേണ്ടത് ആ രാജ്യങ്ങളിലെ വലത്പക്ഷ രാഷ്ട്രീയത്തിന്റെ ആവശ്യം കൂടിയായിരുന്നു.

 

എന്നാല്‍ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ കാണിച്ച് ആഗോള സാമ്പത്തിക ശക്തികള്‍ തെളിയിച്ച വഴികളിലൂടെ നീങ്ങിയ ശ്രീലങ്കയുടെ കാര്യം വന്നപ്പോള്‍ സമ്പന്ന രാജ്യങ്ങള്‍ കൈമലര്‍ത്തുന്നു. അല്ലെങ്കിലും സായിപ്പിനും ഇരുണ്ട നിറക്കാരനും ഒരേ ഇലയില്‍ വിളമ്പാന്‍ കഴിയില്ലല്ലോ. അത്കൊണ്ട് ഇന്ത്യ ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളോട് കെഞ്ചുകയാണ് ശ്രീലങ്ക. പ്രവര്‍ത്തനക്ഷമത പരിഗണിക്കാതെ വമ്പന്‍ ഹമ്പന്‍തോട്ട തുറമുഖവും വിമാനത്താവളവും അടക്കമുള്ള ശതകോടികളുടെ പദ്ധതികളിലേക്ക് ശ്രീലങ്ക എടുത്ത് ചാടിയതും പ്രതിസന്ധിയുടെ ആക്കവും തൂക്കവും വര്‍ധിപ്പിച്ചു. കടബാധ്യത മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 120 ശതമാനം എന്ന ഭയാനക സ്ഥിതിയിലെത്തി. വന്‍കിട പദ്ധതികള്‍ വഴി കാര്യമായ നേട്ടമുണ്ടാക്കിയ ചൈനയും പ്രതിസന്ധിയില്‍ ശ്രീലങ്കയെ കയ്യൊഴിയുന്ന സമീപനമാണ് സ്വീകരിച്ചത്.

ഇന്ത്യയുമായുള്ള സമാനത

ശ്രിലങ്കയുടേതിന് സമാനമായ സ്ഥിതിയാണ് കേരളത്തിന്റേത് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വ്യാപകമായ ശ്രമമുണ്ട്. സാമ്പത്തിക ശാസ്ത്രത്തെയും ആഗോള പണാധിഷ്ഠിത സാമ്പത്തിക മേഖലകളിലെ ചലനങ്ങളെയും കുറിച്ച് അജ്ഞരായ ഇവര്‍ കുരുടന്മാര്‍ ആനയെ കണ്ടത് പോലെയാണ് പ്രശ്‌നങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാസ്തവത്തില്‍ അനതിവിദൂരമായ നാളുകളില്‍ ഇതേ സ്ഥിതി നേരിടാന്‍ സാധ്യതയുള്ള ഒരു രാജ്യമാണ് ഇന്ത്യ. 120 കോടി ജനങ്ങളുള്ള ലോകത്തെ ഏറ്റവും ബ്രഹത്തും രണ്ടാമത്തെ വിപണിയുമായ ഇന്ത്യയില്‍ കാര്യങ്ങള്‍ ശ്രീലങ്കന്‍ മോഡലിലേക്ക് എത്തുന്നതിന് എടുക്കുന്നതിനുള്ള കാലദൈര്‍ഘ്യത്തെ കുറിച്ച് മാത്രമാണ് അറിയാനുള്ളത്.

 

Tags:    

Similar News