പൊറിഞ്ചു വെളിയത്തിന്റെ പേരില്‍ തട്ടിപ്പ്; ഇരയായവരില്‍ കൂടുതലും മലയാളികൾ

  • വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നിക്ഷേപ തട്ടിപ്പ് നടത്തുന്നത്.
  • സെബി, സൈബര്‍ സെല്‍, പോലീസ് എന്നിവയില്‍ പരാതി നല്‍കിയിട്ടുണ്ട്.
  • കേരളത്തില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലെന്നാണ് സൂചന.

Update: 2024-01-18 13:06 GMT

പ്രമുഖ പോര്‍ട് ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി തട്ടിപ്പ്. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നിക്ഷേപ തട്ടിപ്പ് നടത്തുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ പൊറിഞ്ചു വെളിയത്തിന്റേതെന്ന പേരില്‍ പരസ്യങ്ങള്‍ നല്‍കിയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. തെറ്റിധരിപ്പിക്കപ്പെട്ട ആളുകളെ പൊറിഞ്ചു വെളിയത്തിന്റെ അസിസ്റ്റന്റ് അസിയ റാണി ആണെന്നു പറഞ്ഞ് വാട്‌സാപ്പിലൂടെ സമീപിക്കും.

തട്ടിപ്പുകാർ നിക്ഷേപ ടിപ്‌സുകളും മറ്റും നല്‍കി ട്രേഡിംഗിലൂടെ നേട്ടുമുണ്ടാക്കി തരാം എന്നു പറഞ്ഞ് അവര്‍ അയച്ചു നല്‍കുന്ന ലിങ്കിലൂടെ പണം നല്‍കാന്‍ ആവശ്യപ്പെടും. പണം നല്‍കി കഴിഞ്ഞാല്‍ ട്രേഡ് ചെയ്യുന്നതായും നഷ്ടം നേരിട്ടതായും അറിയിക്കുകയും തുടര്‍ന്ന് പണം നഷ്ടമാവുകയുമാണ് ചെയ്യുന്നത്.

തട്ടിപ്പിന്റെ വ്യാപ്തി എത്രയാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സെബി, സൈബര്‍ സെല്‍, പോലീസ് എന്നിവയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും. പണം നഷ്ടപ്പെട്ടവരോടും പോലീസില്‍ പരാതിപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇന്നലെ കൊച്ചിയിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ പൊറിഞ്ചു വെളിയത്ത് വ്യക്തമാക്കി.

ഇങ്ങനെ പണം നഷ്ടപ്പെട്ടവര്‍ തങ്ങളുടെ സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സുമായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നത് എന്ന്  വെളിയത്ത് വ്യക്തമാക്കി.  

തട്ടിപ്പിനിരയായവരിൽ കൂടുതലും മലയാളികൾ 

ഡിസംബറില്‍ തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പൊറിഞ്ചു വെളിയത്ത് ട്വിറ്ററില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പിനിരയായവര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടു. അതോടെയാണ് പലര്‍ക്കും ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു എന്നറിഞ്ഞത്. നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിക്കുന്നവരില്‍ നിന്നും 5000 രൂപ രിജിസ്‌ട്രേഷന്‍ ഫീസായും തട്ടിയെടുത്തിട്ടുണ്ട്.  കേരളത്തില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലെന്നാണ് സൂചന.

2002 ലാണ് ഇക്വിറ്റി ഇന്റലിജന്‍സ് ആരംഭിക്കുന്നത്.നിലവില്‍ കമ്പനിയുടെ തുടക്കം മുതലുള്ള  സംയുക്ത വാര്‍ഷിക വളര്‍ച്ച (സിഎജിആര്‍) 21 ശതമാനമാണ്. സെബി അംഗീകാരത്തോടെയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിഎംഎസ് സ്ഥാപനങ്ങളില്‍ ഒന്നായ കമ്പനി പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്), ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്) എന്നീ സേവനങ്ങളാണ് നല്‍കുന്നത്. ബ്രോക്കിംഗ്, ട്രേഡിംഗ്, ക്രിപ്‌റ്റോ, അഡൈ്വസറി തുടങ്ങിയ സേവനങ്ങളൊന്നും കമ്പനി നല്‍കുന്നില്ല.

കൊച്ചിയിലെ പനമ്പള്ളിനഗറിലെ ഹെഡ് ഓഫീസല്ലാതെ മറ്റ് ശാഖകളോ, ഏജന്റുമാരോ  കമ്പനിക്ക് ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News