5 വർഷം, 10 ലക്ഷം കോടി എഴുതി തള്ളി, വീഴ്ച വരുത്തിയ 3,312 പേർക്കെതിരെ നടപടിയെടുത്തു; ധനമന്ത്രി
കുടിശിക വരുത്തിയവരെ സംബന്ധിച്ച് വായ്പകള്‍ എഴുതിത്തള്ളിയാലും തിരിച്ചടയ്ക്കാനുള്ള തുക ബാധ്യതയായി തന്നെ നിലനില്‍ക്കും. തുക തിരിച്ചു പിടിക്കാനുള്ള നടപടികള്‍ വായ്പ എടുത്തവര്‍ക്കെതിരെ തുടരുകയും ചെയ്യും.
ഡെല്‍ഹി: കഴിഞ്ഞ അഞ്ചു സാമ്പത്തിക വര്‍ഷങ്ങൾക്കിടയിൽ രാജ്യത്തെ ബാങ്കുകള്‍ 10,09,511 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ആര്‍ബിഐ-ല്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 10,09,511 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളി. എന്നാല്‍ ഇക്കാലയളവില്‍ വാണിജ്യ ബാങ്കുകള്‍ 6,59,596 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു. 1,32,036 കോടിയുടെ എഴുതി തള്ളിയ വായ്പയും ഇതില്‍ ഉള്‍പ്പെടുന്നു- ധന മന്ത്രി രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ബാങ്കുകള്‍ കിട്ടാക്കടം എഴുതിത്തള്ളുന്നത് അവരുടെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. ആര്‍ബിഐ നയമനുസരിച്ചും ബന്ധപ്പെട്ട ബാങ്കുകളുടെ ബോര്‍ഡ് തീരുമാനത്തിനനുസരണമായും ഇത് ചെയ്യുമ്പോള്‍ ബാലന്‍സ് ഷീറ്റിലെ എന്‍പിഎ (നിഷ്‌ക്രിയ ആസ്തി) ബാധ്യത ഒഴിവാകും. ഒപ്പം നികുതി ബാധ്യത കുറയ്ക്കുകയും ചെയ്യാം. കാപ്പിറ്റല്‍ ഒപ്റ്റിമൈസേഷനും നടക്കും. ലോണ്‍ എഴുതിത്തള്ളുക എന്നതിനര്‍ത്ഥം അത് പിന്നീട് ഒരു ആസ്തിയായി കണക്കാക്കില്ല എന്നാണ്. കുടിശിക വരുത്തിയവരെ സംബന്ധിച്ച് വായ്പകള്‍ എഴുതിത്തള്ളിയാലും തിരിച്ചടയ്ക്കാനുള്ള തുക ബാധ്യതയായി തന്നെ നിലനില്‍ക്കും. തുക തിരിച്ചു പിടിക്കാനുള്ള നടപടികള്‍ വായ്പ എടുത്തവര്‍ക്കെതിരെ തുടരുകയും ചെയ്യും.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഉത്തരവാദിയാണെങ്കില്‍ തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ബാങ്കിന്റെ ബോര്‍ഡിന്റെ നയം അനുസരിച്ച് നടപടിയെടുക്കും. പൊതുമേഖല ബാങ്കുകളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ വീഴ്ച വരുത്തിയതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 3,312 ഉദ്യോഗസ്ഥരെ (എജിഎം മുതല്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍) തിരിച്ചറിയുകയും നടപടി എടുത്തു വരികയും ചെയ്യുന്നുണ്ട്- മന്ത്രി വ്യക്തമാക്കി.