പട്ടിണിയില്‍ നിന്ന് 7000 കോടിയുടെ സാമാജ്ര്യത്തിലേക്ക്: എ വേലുമണിയുടെ അസാധാരണ യാത്ര

  • പബ്ലിക് പ്രൊവിഡ് ഫണ്ടിലെ ഒരു ലക്ഷം രൂപ കൊണ്ടാണ് എ വേലുമണി തൈറോകെയര്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത്

Update: 2022-12-20 07:00 GMT

കോയമ്പത്തൂരിനടുത്ത് അപ്പനായ്ക്കന്‍പെട്ടി എന്ന കുഗ്രാമത്തില്‍ ഭൂരഹിതനായ പിതാവിന്റെ മകനായി ദാരിദ്ര്യമറിഞ്ഞ് വളര്‍ന്ന കുട്ടി ലോകത്തിലെ ഏറ്റവും വലിയ തൈറോയ്ഡ് ടെസ്റ്റിംക് കമ്പനിയുടെ ഉടമയായി മാറിയ കഥ ഏതൊരു സംരംഭകനും ആവേശം പകരും. ഒരിക്കലും സ്വപ്നങ്ങള്‍ ഉപേക്ഷിക്കരുതെന്ന പാഠവുമായാണ് തൈറോകെയര്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്ഥാപകന്‍ എ വേലുമണിയെന്ന 66 കാരന്‍ നമുക്ക് മുന്നില്‍ നില്‍ക്കുന്നത്.

വേലുമണി തന്റെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് എടുത്ത ഒരു ലക്ഷം രൂപയില്‍ നിന്നാണ് തൈറോകെയറിന്റെ തുടക്കം. അടുത്തിടെ ഇന്ത്യയിലെ ആദ്യ ഇ ഫാര്‍മസി യൂണികോണായാ ഫാമീസി(PharmEsay) ഏറ്റെടുക്കുമ്പോള്‍ തൈറോകെയറിന്റെ മൂല്യം 7000 കോടി രൂപ! അതില്‍ വേലുമണിയുടെ കൈവശമുണ്ടായിരുന്ന ഓഹരികളുടെ മാത്രം മൂല്യം 5000 കോടി രൂപ വരും. ഇന്ത്യയിലൊട്ടാകെ 1122 ഔട്ട്ലെറ്റുകള്‍ ഇന്ന് കമ്പനിക്കുണ്ട്. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.

ആരാണ് വേലുമണി

ആരോഗ്യസ്വാമി വേലുമണിയെന്ന എ വേലുമണിയുടെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. ദരിദ്രനായ കര്‍ഷകന്റെ നാലു മക്കളില്‍ ഒരുവന്‍. ദിവസത്തില്‍ രണ്ടു നേരം ആഹാരം കണ്ടെത്താന്‍ തന്നെ വിഷമിച്ചിരുന്ന അക്കാലത്ത് ആവശ്യത്തിന് വസ്ത്രങ്ങള്‍ പോലും വാങ്ങാനായിരുന്നില്ല.

നല്ലൊരു പെണ്ണുകിട്ടാനായി മാത്രമായിരുന്നു അന്ന് ആ നാട്ടിലെ ആണ്‍കുട്ടികള്‍ കോളെജില്‍ പോയിരുന്നത്. എന്നാല്‍ തന്റെ 19 ാമത്തെ വയസ്സില്‍ ബിഎസ്സി പാസായ വേലുമണി കോയമ്പത്തൂരിലെ ചെറിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിക്ക് കയറി. 150 രൂപയായിരുന്നു പ്രതിമാസ ശമ്പളം. അതില്‍ 50 രൂപ സ്വന്തം ആവശ്യത്തിനെടുത്ത് ബാക്കി വീട്ടിലേക്ക് അയച്ചു അദ്ദേഹം.




നാലു വര്‍ഷത്തോളം ആ ജോലിയില്‍ തുടര്‍ന്ന അദ്ദേഹം കമ്പനി പൂട്ടിപ്പോയതോടെ തൊഴില്‍രഹിതനായി. അതോടെ ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന 400 രൂപയുമായി അദ്ദേഹം മുംബൈക്ക് വണ്ടികയറി. മുംബൈയില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (BARC) ജോലി ലഭിച്ചതോടെ വലിയ പ്രതിസന്ധി ഒഴിഞ്ഞു. അതിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജീവനക്കാരിയായിരുന്ന സുമതിയെ വിവാഹം കഴിച്ചു.

14 വര്‍ഷത്തെ സേവനത്തിനു ശേഷം ആ ജോലി വിടുമ്പോഴേക്കും അദ്ദേഹം തൈറോയ്ഡ് ബയോകെമിസ്ട്രിയില്‍ ഡോക്റ്ററേറ്റ് നേടിയിരുന്നു. ബാര്‍ക്കില്‍ തൈറോയ്ഡ് ടെസ്റ്റിംഗ് വിഭാഗത്തിലായിരുന്നു വേലുമണി ജോലി ചെയ്തിരുന്നത്.

സംരംഭത്തിന്റെ തുടക്കം

ബാര്‍ക്കില്‍ നിന്ന് ലഭിച്ച അനുഭവത്തിന്റെ കരുത്തില്‍ പിഎഫില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം പിന്‍വലിച്ച് സ്വന്തമായി തൈറോയ്ഡ് ടെസ്റ്റിംഗ് ലാബ് തുടങ്ങാന്‍ അദ്ദേഹം തീരുമാനിക്കുന്നത് അപ്പോഴാണ്. അങ്ങനെ മുംബൈയിലെ ബൈക്കുള്ളയില്‍ ആദ്യ ലാബ് തുറന്നു. ഭാര്യ സുമതി ബാങ്കിലെ ജോലി രാജിവെച്ച് തൈറോകെയര്‍ ടെക്നോളജീസിലെ ആദ്യ ജീവനക്കാരിയായി.

ദാരിദ്ര്യമറിഞ്ഞ് വളര്‍ന്ന വേലുമണിക്ക് തന്റെ സംരംഭം സാധാരണക്കാരന് തുണയാകണമെന്ന് കൊതിക്കുക സ്വാഭാവികം. പാവപ്പെട്ടവനും താങ്ങാവുന്ന നിരക്കില്‍ തൈറോയ്ഡ് ടെസ്റ്റ് ലഭ്യമാക്കിയാണ് തൈറോകെയര്‍ വളര്‍ന്നത്. ചെറിയ വില ഈടാക്കുന്നതിലൂടെ വന്‍തോതില്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ച് സംരംഭം വളര്‍ത്തുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി അദ്ദേഹം തൈറോകെയറിന്റെ ഫ്രാഞ്ചൈസി നല്‍കിത്തുടങ്ങി. അത് ഫലം കണ്ടു തൈറോകെയര്‍ വളര്‍ന്നു. പിന്നീട് തൈറോയ്ഡ് ടെസ്റ്റിന് പുറമേ രക്തപരിശോധന, പ്രീവന്റീവ് മെഡിക്കല്‍ ചെക്കപ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ സ്ഥാപനം ആരംഭിച്ചു. 2016 ല്‍ തൈറോകെയര്‍ ടെക്നോളജീസ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. 3377 കോടി രൂപയായിരുന്നു ഈ സമയത്ത് കമ്പനിയുടെ മൂല്യം കണക്കാക്കിയിരുന്നത്.

സുരക്ഷിതമായിരുന്ന ജോലി ഉപേക്ഷിക്കുക, ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന പണം വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതിരുന്ന ബിസിനസില്‍ നിക്ഷേപിക്കുക തുടങ്ങി റിസ്‌ക് ഏറിയ തീരുമാനങ്ങളായിരുന്നു വേലുമണി എടുത്തിരുന്നത്. എന്നാല്‍ സ്വന്തം ലക്ഷ്യത്തില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ലെന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യം വിജയത്തിലെത്തിക്കുക തന്നെ ചെയ്തു. സംരംഭകത്വം സ്വപ്നമായി കൊണ്ടുനടക്കുന്ന യുവാക്കള്‍ക്ക് എന്നും പ്രചോദനമാണ് എ വേലുമണി എന്ന സംരംഭകന്‍.

Tags:    

Similar News