280 കോടി നിക്ഷേപം ആവിയാക്കി, അപ്പോഴും താജില്‍ മുറിയെടുത്ത് ആഘോഷ ജീവിതം; രാഹുല്‍ യാദവിന്റെ അടുത്ത നീക്കമെന്ത്?

  • 6 മാസമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല, പക്ഷേ, ആയിരക്കണക്കിന് വ്യാജ ജീവനക്കാര്‍ക്ക് ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്തു
  • 11 പേരെ കൂടി കൂടെക്കൂട്ടി housing.com എന്ന പ്ലാറ്റ്‌ഫോമിന് തുടക്കമായി
  • ദിനേന 80,000 രൂപ വാടകയുള്ള താജ് ഹോട്ടല്‍ മുറിയില്‍ സുഖിച്ചു കഴിയുകയാണെന്ന വാര്‍ത്ത

Update: 2023-06-06 11:10 GMT

തുടക്കം ഇങ്ങനെ

2012. രാഹുല്‍ യാദവ് എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍. ഐഐടി പഠനം പാതിവഴിക്ക് നിര്‍ത്തിയ രാഹുല്‍ യാദവിന് മുംബൈയിലൊരു വീട് വാടകയ്ക്ക് വേണം. ഓണ്‍ലൈനില്‍ കുറേ പരതി. പക്ഷേ, ഫലം നിരാശയായിരുന്നു. വേണ്ടത്ര വിവരങ്ങളില്ല. നല്‍കിയ ഫോട്ടോകള്‍ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തത്. തെരുവുകള്‍ അലയേണ്ടി വന്ന ആ ചെറുപ്പക്കാരന്‍ പിന്നെ ഒരു തീരുമാനമെടുത്തു.

ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കണം. അതിനായി 11 പേരെ കൂടി കൂടെക്കൂട്ടി. അങ്ങനെ housing.com എന്ന പ്ലാറ്റ്‌ഫോമിന് തുടക്കമായി. എല്ലാ വിവരങ്ങളും അടങ്ങി, കൃത്യമായ ഫോട്ടോകള്‍ അടക്കം നല്‍കുന്ന മികച്ചൊരു പ്ലാറ്റ്‌ഫോം. വീടുകള്‍ വാടകയ്ക്ക് പ്ലാറ്റ്‌ഫോം വഴി ലഭ്യമായി തുടങ്ങിയതോടെ നല്ലൊരു കമ്മിഷനും കൈയിലെത്തി.

പിന്നെ പറയാനുണ്ടോ. നിക്ഷേപകരുടെ നീണ്ട നിര തന്നെ പണമൊഴുക്കാനെത്തി. സോഫ്റ്റ് ബാങ്ക് മുതല്‍ സീകോയ വരെ കോടികള്‍ കമ്പനിയിലേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ രാഹുല്‍ യാദവ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പോസ്റ്റര്‍ ബോയി ആയി മാറി.

അങ്ങനെ പോകുമ്പോഴുണ്ട്, 2015 ല്‍ ഒരു മെയില്‍. പ്രധാന നിക്ഷേപകരായ സീകോയയിലേക്ക് തന്നെ. ഇനിയൊരു വട്ടം കൂടി നിക്ഷേപിക്കണം. അപ്പോഴാണ് നിക്ഷേപക കമ്പനിക്ക് ഒരു ഉള്‍വിളി ഉണ്ടായത്. അവര്‍ housing.com ലെ ഒരു അനലിസ്റ്റിനെ പൊക്കി. ഉള്ളില്‍ നടക്കുന്ന കാര്യങ്ങളെല്ലാം മനസിലാക്കി. പിന്നാലെ നിക്ഷേപകരെയെല്ലാം കൂട്ടി സിഇഒ സ്ഥാനത്തു നിന്ന് രാഹുല്‍ യാദവിനെ മാറ്റി മറ്റൊരാളെ നിയമിക്കുകയും ചെയ്തു.

അവിടെ തീരുന്നില്ല

രാഹുല്‍ യാദവ് അവിടം കൊണ്ട് തീര്‍ന്നില്ല. അദ്ദേഹം പുതിയൊരു സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടു, ഇന്റലക്ച്വല്‍ ഇന്റര്‍ഫേസസ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിഷ്വലൈസേഷന്‍, ഡാറ്റ അഗ്രഗേഷന്‍ ടൂള്‍സ് നല്‍കുന്നൊരു കമ്പനി.

എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്ന് വലിയ ധാരണയൊന്നുമില്ല. അപ്പോഴും ഫ്‌ളിപ്കാര്‍ട്ടിലെ സച്ചിന്‍ ബന്‍സാല്‍, പേടിഎമ്മിലെ വിജയ് ശേഖര്‍ ശര്‍മ്മ തുടങ്ങിയവരില്‍ നിന്ന് നിക്ഷേപം സംഘടിപ്പിക്കാന്‍ രാഹുല്‍ യാദവിനായി.മാസങ്ങള്‍ കഴിഞ്ഞില്ല. ഇത് നടക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് സ്റ്റാര്‍ട്ടപ്പിന് അന്ത്യമിട്ടു.

ഇപ്രാവശ്യം പുതിയൊരു സ്റ്റാര്‍ട്ടപ്പിലേക്ക് രാഹുല്‍ യാദവ് തിരിഞ്ഞില്ല. പകരം അനാരോഖ് ടെക്‌നോളജി എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഒരു സംരംഭകന്‍ എല്ലാം നിര്‍ത്തി ജോലിക്ക് കയറുകയോ?

പുതിയ സംഭവം

ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. 2020ല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് 4B നെറ്റ്‌വര്‍ക്ക്‌സ് എന്ന പേരില്‍ പുതിയൊരു സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടു. Builders, Buyers, Brokers, Banks എന്നീ നാല് B കളെ കണക്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോം.

തുടക്കത്തില്‍ ബിള്‍ഡര്‍ 4B നെറ്റ് വര്‍ക്കിന് ഒരു ഫീ നല്‍കും. ഇത് വെച്ച് ക്ലയന്റുകളെ കണ്ടെത്തുന്നതിനായി ബ്രോക്കര്‍മാര്‍ക്ക് കമ്പനി ഒരു കമ്മിഷന്‍ നല്‍കും. അങ്ങനെ മൂന്ന്' B ' കള്‍ കണക്ടഡ് ആയി. ഇനി നാലാമത്തെ B, അതായത് ബാങ്കാണ് ബാക്കിയുള്ളത്.

ഇതിനായി ബാങ്കുകളില്‍ നിന്ന് കമ്മിഷന്‍ വാങ്ങി ലോണുകള്‍ തരപ്പെടുത്തി കൊടുക്കുന്ന Amorqa എന്ന കമ്പനിയെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചു. വളരെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കമ്പനിയെ വെറും രണ്ടു ലക്ഷം രൂപയ്ക്കാണ് രാഹുല്‍ യാദവ് വാങ്ങിയത്. അങ്ങനെ നാലാമത്തെ B യും രാഹുലിന് സ്വന്തമായി.

പിന്നെയാണ് കളി. സൊമാറ്റോ പോലുള്ള കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്ന InfoEdge എന്ന ടെക് കമ്പനി അടക്കം വമ്പന്‍ സ്രാവുകളെ തന്നെ കൂടെകൂട്ടി. InfoEdge വൈകാതെ തന്നെ 280 കോടി രൂപ നിക്ഷേപിക്കുകയും കമ്പനിയില്‍ 65% പങ്കാളിത്തം നേടിയെടുക്കുകയും ചെയ്തു. രാഹുല്‍ യാദവിന്റെ തിരിച്ചുവരവെന്ന് എല്ലാവരും ആഘോഷിച്ചു.

ഇനിയാണ് യഥാര്‍ത്ഥ കളി തുടങ്ങുന്നത്. 2021 ജൂലൈയില്‍ വെറും 250 ജീവനക്കാരുണ്ടായിരുന്നത് 2022 ജൂലൈയില്‍ 2000 ആയി കൂടി. അതും വമ്പന്‍ ശമ്പളത്തില്‍ തന്നെയാണ് എല്ലാ നിയമനങ്ങളും. തങ്ങള്‍ എങ്ങനെയാണ് വരുമാനമുണ്ടാക്കുന്നതെന്ന ചിന്തയൊന്നുമുണ്ടായില്ല. വളരണം. അതിനായി പണമൊഴുക്കുന്നു. അതാണ് പോളിസി.

ഓരോ പ്രാവശ്യം ബ്രോക്കര്‍മാര്‍ പ്രോപ്പര്‍ട്ടി സന്ദര്‍ശിക്കാനായി ഒരോ ആളെ കൊണ്ടുവരുമ്പോഴും 300 രൂപ ആനുകൂല്യമായി കമ്പനി നല്‍കും. അങ്ങനെ സന്ദര്‍ശിക്കുന്നവര്‍ ആരാണെന്ന് പോലും കമ്പനി അറിയേണ്ടതില്ല. ആര് വന്നാലും 300 രൂപ കൊടുക്കും.4B നെറ്റ് വര്‍ക്ക് വഴി പാസാക്കി ഒരോ ലോണിനും കമ്മിഷന്‍ നല്‍കും. കുറച്ചൊന്നുമല്ല, 40% വരെ കമ്മിഷന്‍!

എന്താണ് സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വരുമാനമൊന്നുമില്ല. ചെലവുകള്‍ക്ക് ഒരു കുറവുമില്ല. കമ്പനിയുടെ കാര്യം കട്ടപ്പൊകയായി. 2022 നവംബര്‍ മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാതായി.

പ്രശ്‌നം ഇതൊന്നുമല്ല

ഫണ്ട് പൊടിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പൊതുവെ ഇതേ സമീപനമായിരിക്കും. പക്ഷേ, അതല്ല രാഹുല്‍ യാദവിനെതിരെ ഉയരുന്ന പ്രധാന പ്രശ്‌നം. കമ്പനിയുടേതെന്ന് പറഞ്ഞ് ആയിരണക്കിന് വ്യാജ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തുവെന്നാണ് പ്രധാന ആരോപണം. എന്നാല്‍ കമ്പനിയിലുള്ള യഥാര്‍ത്ഥ ജീവനക്കാര്‍ക്ക് നവംബര്‍ മുതല്‍ ശമ്പളവുമില്ല.

പ്രോപ്പര്‍ട്ടികളില്‍ വ്യാജ സന്ദര്‍ശകരെ ഉണ്ടാക്കി പണം ചെലവഴിച്ചുവെന്ന ആരോപണവുമുണ്ട്. പരസ്യത്തിനും മറ്റുമെന്ന് പറഞ്ഞ് കണക്കില്ലാത്ത തുക വകമാറ്റി. അത്തരത്തില്‍ പരസ്യം ചെയ്തതിന് തെളിവില്ല. പല സ്ഥലങ്ങളില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന പേരില്‍ ഫണ്ട് മാറ്റി.ഇങ്ങനെ എല്ലാം കൊണ്ടും നിന്നു കത്തുകയാണ് രാഹുല്‍ യാദവിന്റെ വിഷയം. അപ്പോഴും അദ്ദേഹം ദിനേന 80,000 രൂപ വാടകയുള്ള താജ് ഹോട്ടല്‍ മുറിയില്‍ സുഖിച്ചു കഴിയുകയാണെന്ന വാര്‍ത്തയും വരുന്നുണ്ട്

Tags:    

Similar News