ബാങ്കിങ് രംഗത്തെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് കെഎ ബാബുവിന്റെ പുസ്തകം
- കെഎ ബാബു എഴുതിയ 'മഴമേഘങ്ങള്‍ക്ക് മേലെ' പുസ്തകം പ്രകാശനം ചെയ്തു
- നര്‍മ്മം കലര്‍ന്ന തന്റേതായ ശൈലി
- പുസ്തകം ആമസോണില്‍ ലഭ്യമാണ്
ബാങ്കിംഗ് ധനകാര്യ വിദഗ്ധവും ഫെഡറല്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റുമായ കെഎ ബാബു എഴുതിയ 'മഴമേഘങ്ങള്‍ക്ക് മേലെ' പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായ ഡോ. പിവി കൃഷ്ണന്‍ നായര്‍ കവിയും തിരക്കഥാകൃത്തുമായ പിഎന്‍ ഗോപീകൃഷ്ണന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു.
തന്റെ പതിനാറാമത്തെ വയസില്‍ ബാങ്ക് ജോലിയില്‍ പ്രവേശിച്ച് നാല് പതിറ്റാണ്ടുകള്‍ക്കധികം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ബാങ്ക് വ്യവസായത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കി വ്യക്തിമുദ്ര പതിപ്പിച്ച അനുഭവങ്ങളുടെ ലളിതമായ ആഖ്യാനമാണ് കെ എ ബാബുവിന്റെ മഴമേഘങ്ങള്‍ക്കു മേലെ. എട്ടു ഭാഗങ്ങളിലായി അന്‍പതിനാല് ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഓരോ ലേഖനവും രസകരമായ അനുഭവങ്ങളുടെ ആലേഖനമാണ്.
പത്താം തരം കഴിഞ്ഞു നില്‍ക്കുന്ന ഒരു ബാലന്‍ ഒരു മഴക്കാലത്ത് ബാങ്ക് ജോലിയുടെ അഭിമുഖത്തിന് തന്റെ അമ്മയോടൊപ്പം ബാങ്കിന്റെ ആസ്ഥാനത്തേക്ക് യാത്രചെയ്യുന്നതും ബാങ്കിന്റെ ഫൗണ്ടര്‍ ചെയര്‍മാനെ കാണുന്നതും അഭിമുഖത്തില്‍ മകനോടൊപ്പം അമ്മയും പങ്കുചേരുന്നതുമെല്ലാം ഒരു ഇന്റര്‍വ്യൂവിന്റെ ഓര്‍മ്മക്ക് എന്ന ആദ്യ ലേഖനത്തില്‍ തന്നെ വായിക്കാം. നമുക്ക് ഒട്ടും സുപരിചിതമല്ലാത്ത ഈ അഭിമുഖരീതി പക്ഷെ പ്രതിബദ്ധതയുള്ള ജോലിക്കാരെ വാര്‍ത്തെടുക്കുവാന്‍ എങ്ങനെയാണ് സഹായിച്ചത് എന്ന് പുസ്തകം തുടര്‍ന്ന് വായിക്കുമ്പോള്‍ ബോദ്ധ്യപ്പെടും.
ജോലിയുടെ ഭാഗമായും അല്ലാതെയും എഴുത്തുകാരന്‍ ഇന്ത്യക്കകത്തും പുറത്തും നടത്തിയ യാത്രകള്‍ നല്‍കിയ രസങ്ങളും ഈ പുസ്തകത്തിലുണ്ട്. ഈ വിവരണങ്ങളും നര്‍മ്മം കലര്‍ന്ന തന്റേതായ ശൈലിയാണ് അവതരിപ്പിച്ചിട്ടുള്ളത്.
ബാങ്കിങ് രംഗത്ത് ലേഖകന്‍ നല്‍കിയ എണ്ണപ്പെട്ട സംഭാവനകള്‍ ഈ ലേഖനങ്ങളില്‍ വായിക്കാം. പുതിയ സേവനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ട് വന്ന് ബാങ്കിങ്ങിനെ സമ്പന്നമാക്കിയ വിവരണങ്ങളാണിവ. വെല്ലുവിളികളെ മുഖാമുഖം നേരിട്ട് തന്റെ ടീമിനെ വിജയപഥത്തിലെത്തിച്ച ഒട്ടേറെ അനുഭവങ്ങള്‍ എഴുത്തുകാരന്‍ പങ്കുവെക്കുന്നുണ്ട്. നേതൃഗുണങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ലക്ഷ്യത്തിലെത്താന്‍ നല്ല ടീം കെട്ടിപ്പടുക്കുന്നതിന്റെയും ടീമിനെ ഒരുക്കി ഇണക്കി ആത്മവിശ്വാസം നല്‍കി ഒറ്റക്കെട്ടാക്കി വിജയം കാണുന്നതെങ്ങനെയെന്ന് എഴുത്തുകാരന്‍ ഈ ലേഖനങ്ങളിലൂടെ പറയുന്നുണ്ട്.
തുടര്‍ച്ചയായ പഠനത്തിലൂടെയും പരിശീലത്തിലൂടെയും പ്രയത്നത്തിലൂടെയും നേതൃപാടവത്തിലൂടെയും ഉന്നത സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന ഒരു കൗമാരക്കാരന്റെ അതിശയകരമായ യാത്രയുടെ പ്രകാശമാനമായ ആലേഖനമാണിത്. ആരെയും പ്രചോദിതരാക്കുന്ന വിസ്മയകരമായ യാത്ര എന്നാണു മെട്രോമാന്‍ ഡോ ഇ ശ്രീധരന്‍ ഈ പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. പുസ്തകം ആമസോണില്‍ ലഭ്യമാണ്.