റിലയൻസ് തലപ്പത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി മുകേഷ് അംബാനി
- 2002 ൽ വ്യവസായ പ്രമുഖനും, പിതാവുമായ ധീരുഭായി അംബാനിയുടെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷമാണ് കമ്പനി മുകേഷ് അംബാനിയുടെ മേൽനോട്ടത്തിലാവുന്നത്.
- വിപണി മൂലധനം പ്രതിവർഷ നിരക്കിൽ 20.6 ശതമാനം വർധിച്ച് 2002 മാർച്ചിൽ റിപ്പോർട്ട് ചെയ്ത 41,989 കോടി രൂപയിൽ നിന്നും 2022 മാർച്ച് ആവുമ്പോഴേക്ക് 17,81,841 കോടി രൂപയായി.
മുംബൈ: ഊർജം, പെട്രോകെമിക്കൽസ്, പ്രകൃതി വാതകം, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങി വൈവിധ്യമാർന്ന ബിസിനസുകൾ ഉള്ള രാജ്യത്തെ ബഹുരാഷ്ട്ര കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ തന്നെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നായ ആർഐഎല്ലിനെ മുകേഷ് അംബാനി നയിക്കാൻ തുടങ്ങിയിട്ട് 20 വർഷം പൂർത്തിയാവുകയാണ്.
2002 ൽ വ്യവസായ പ്രമുഖനും, പിതാവുമായ ധീരുഭായി അംബാനിയുടെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷമാണ് കമ്പനി മുകേഷ് അംബാനിയുടെ മേൽനോട്ടത്തിലാവുന്നത്. പിന്നീടിങ്ങോട്ട് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ കമ്പനിക്ക് 17 മടങ്ങ് വളർച്ചയും, ലാഭത്തിൽ 20 മടങ്ങ് വർധനവുമാണ് ഉണ്ടായിട്ടുള്ളത്.
ധിരുഭായിയുടെ മരണത്തിനു ശേഷം മുകേഷ് അംബാനി റിലയൻസിന്റെ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായി ചുമതലയേറ്റപ്പോൾ സഹോദരൻ അനിൽ അംബാനി വൈസ് ചെയർമാനും, ജോയിന്റ് മാനേജിങ് ഡയറക്ടറുമായി.
എന്നാൽ പിന്നീട് ആർഐഎൽ വിഭജിക്കുകയും ഗ്യാസ്, ഓയിൽ, പെട്രോകെമിക്കൽസ് യൂണിറ്റുകളുടെ നിയന്ത്രണം മുകേഷ് അംബാനിയും ടെലികമ്മ്യൂണിക്കേഷൻ, വൈദ്യുതി ഉത്പാദനം, ധനകാര്യ സേവനങ്ങൾ എന്നിവയുടെ മേൽനോട്ടം അനിൽ അംബാനിയും ഏറ്റെടുത്തു.
20 വർഷത്തിനിടെ ടെലികോം ബിസിനസിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനും, റീട്ടെയിൽ, ഊർജ രംഗത്ത് സാന്നിധ്യം വികസിപ്പിക്കുന്നതിനും കമ്പനിക്ക് കഴിഞ്ഞു. വിപണി മൂലധനം പ്രതിവർഷ നിരക്കിൽ 20.6 ശതമാനം വർധിച്ച് 2002 മാർച്ചിൽ റിപ്പോർട്ട് ചെയ്ത 41,989 കോടി രൂപയിൽ നിന്നും 2022 മാർച്ച് ആവുമ്പോഴേക്ക് 17,81,841 കോടി രൂപയായി.
വരുമാനം പ്രതിവർഷ നിരക്കിൽ 15.4 ശതമാനം വർധിച്ചു. 2001 -02 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 45,411 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 79,27,56 കോടി രൂപയായി ഉയർന്നു.
അറ്റാദായം പ്രതിവർഷ നിരക്കിൽ 16.3 ശതമാനം വർധിച്ചു 2001 -02 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 3,280 കോടി രൂപയിൽ നിന്ന് 2021 -22 സാമ്പത്തിക വർഷത്തിൽ 67,845 കോടി രൂപയായി.
കയറ്റുമതിയാകട്ടെ വാർഷിക നിരക്കിൽ 2001-02 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 11,200 കോടി രൂപയിൽ നിന്ന് 16.9 ശതമാനം വർധിച്ച് 2021 -22 സാമ്പത്തിക വർഷത്തിൽ 2,54,970 കോടി രൂപയായി. മൊത്ത ആസ്തി ഇതേ കാലയളവിൽ വാർഷിക നിരക്കിൽ 18.7 ശതമാനം വർധിച്ച് 48,987 കോടി രൂപയിൽ നിന്ന് 14,99,665 കോടി രൂപയായി. മൊത്ത മൂല്യം വാർഷിക നിരക്കിൽ 17 ശതമാനം വർധിച്ച് 2002 മാർച്ചിൽ റിപ്പോർട്ട് ചെയ്ത 27,977 കോടി രൂപയിൽ നിന്ന് 6,45,127 കോടി രൂപയായി (2022 മാർച്ച്).
ഈ രണ്ട് ദശകത്തിനിടക്ക് മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ നിക്ഷേപകർക്ക് 17.4 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റിലയൻസ് നൽകിയിട്ടുള്ളത്. അതായത് പ്രതിവർഷം 87,000 കോടി രൂപയുടെ വരുമാനമാണ് നൽകിയിട്ടുള്ളത്.
യെമനിലെ ഏഡനിൽ മുകേഷ് അംബാനി ജനിച്ചപ്പോൾ പിതാവ് അവിടെ ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് ഇന്ത്യയിലെത്തി ബോംബെ സർവ്വകലാശാലയിൽ (ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് മുംബൈ) നിന്നും കെമിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം നേടിയ മുകേഷ് ശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.
,
എന്നിരുന്നാലും, കുടുംബ ബിസിനസിൽ ചേരുന്നതിനായി അദ്ദേഹം 1981-ൽ പരിപാടി ഉപേക്ഷിച്ചു. അവിടെ അദ്ദേഹം കമ്പനിയെ വൈവിധ്യവത്കരിക്കാൻ പ്രവർത്തിച്ചു. ആശയവിനിമയം, അടിസ്ഥാന സൗകര്യങ്ങൾ, പെട്രോകെമിക്കൽസ്, പെട്രോളിയം ശുദ്ധീകരണം, പോളിസ്റ്റർ നാരുകൾ, എണ്ണ, വാതക ഉത്പാദനം എന്നിങ്ങനെ എല്ലാ മേഖലകളിലും കമ്പനിയെ നയിച്ചു.
2007-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ കോടീശ്വരനായി. എന്നിരുന്നാലും, കഴിഞ്ഞ മാസങ്ങളിൽ ഗുജറാത്തി വ്യവസായിയായ ഗൗതം അദാനി, മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായി മാറി.