ചൈനീസ് കാര്യക്ഷമതയിൽ ഇന്ത്യൻ വളർച്ച കെട്ടിപ്പടുക്കാനാകില്ല: ജയശങ്കർ
- ആഗോളവത്കരണത്തിനായി ആഭ്യന്തര വ്യവസായവത്കരണം ഇല്ലാതാക്കാനാകില്ല
- 'മെയ്ക്ക് ഇൻ ഇന്ത്യ' എന്നത് തന്ത്രപരമായ പ്രസ്താവന
- ആഭ്യന്തര വെണ്ടർ ശൃംഖലകള്‍ സൃഷ്ടിക്കപ്പെടണം
;
ഇന്ത്യൻ സാമ്പത്തിക വളർച്ച ചൈനയുടെ കാര്യക്ഷമതയിൽ കെട്ടിപ്പടുക്കാനാകില്ലെന്നും ബിസിനസ്സുകൾ "ചൈനീസ് പരിഹാരം" തേടുന്നത് അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
ലോകത്തെ ഒരു പ്രമുഖ രാജ്യവും ഉൽപ്പാദനരംഗത്ത് വളരാതെ ആഗോളസ്ഥാനം നിലനിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യയും ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഒരു പുസ്തക പ്രകാശന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ആഭ്യന്തര ഉൽപ്പാദനത്തിന് സബ്‌സിഡി നൽകുന്ന മറ്റു രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി തുല്യതയുള്ള ഒരു വിപണി ഇന്ത്യ അനുവദിക്കരുതെന്നും “നമ്മുടെ സ്വന്തം” ചെലവിൽ “മറ്റ് ബിസിനസുകളെ” ഇന്ത്യയിലെ നേട്ടങ്ങൾ ആസ്വദിക്കാൻ അനുവദിക്കരുതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ജി20 പ്രതിനിധി അമിതാഭ് കാന്ത് രചിച്ച 'മെയ്ഡ് ഇൻ ഇന്ത്യ: 75 ഇയേഴ്‌സ് ഓഫ് ബിസിനസ് ആൻഡ് എന്റർപ്രൈസ്' പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. ആഴത്തിലുള്ള ഉൽപ്പാദന വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പറഞ്ഞ മന്ത്രി, 'മെയ്ക്ക് ഇൻ ഇന്ത്യ' എന്നത് ഒരു സാമ്പത്തിക അല്ലെങ്കിൽ ഉൽപ്പാദന ഉദ്യമം മാത്രമായല്ല മറിച്ച് തന്ത്രപരമായ പ്രസ്താവനയായാണ് താൻ കാണുന്നതെന്നും പറഞ്ഞു.
നിങ്ങൾ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ന്ന തലത്തില്‍ നിലനിർത്താനും മുന്നോട്ടു കൊണ്ടുപോകാനും ആഗ്രഹിക്കുന്നുവെങ്കിൽ, ആഭ്യന്തര വെണ്ടർ ശൃംഖലകൾ ഞങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. പരിഗണിക്കപ്പെടേണ്ട മാനുഫാക്ചറിംഗ് സമ്പദ്‍വ്യവസ്ഥകളെല്ലാം അത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല, എന്നാല്‍ സര്‍ക്കാര്‍ ആഭ്യന്തര ഉല്‍പ്പാദനത്തിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പദ്‌വ്യവസ്ഥ ഉദാരമാക്കുന്നതിന്‍റെയും ആഗോളവൽക്കരണത്തിന്റെയും പേരിൽ ഈ രാജ്യത്തെ വ്യവസായവൽക്കരണം അവസാനിപ്പിക്കരുത്. ശക്തമായ ബിസിനസ്സ് എന്നത് സാമ്പത്തിക ശാസ്ത്രം മാത്രമല്ല, ദേശീയ സുരക്ഷയുടെ നിർണായക ഭാഗമാണെന്നും ജയശങ്കർ പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് നമുക്ക് സ്വീകരിക്കാൻ സാധിക്കുന്ന മികച്ച മാതൃകകള്‍ ഉണ്ട്.. എങ്കിലും അന്തിമമായി നമുക്ക് നമ്മുടെ സ്വന്തം വളർച്ചാ തന്ത്രത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.