ഐഎഎസ് പഠനം നിര്‍ത്തി ചായ വില്‍പ്പനയിലേക്ക്; പ്രതിവര്‍ഷം യുവാവ് നേടുന്നത് 150 കോടി രൂപ
- ഐ എ എസ് പഠിക്കാൻ പറഞ്ഞു വിട്ട മകൻ സുഹൃത്തിനൊപ്പം ചായക്കട തുറന്നു
- 195ലധികം നഗരങ്ങളില്‍ 450പരം ഔട്ട്ലെറ്റുകൾ
- പേപ്പര്‍ കപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മണ്‍കപ്പുകളാണ് ഉപയോഗിക്കുന്നത്
ഐഎഎസിനു പഠിക്കാന്‍ വിട്ട മകന്‍ പഠനം നിര്‍ത്തി ചായമക്കാനി തുടങ്ങിയാല്‍ രക്ഷിതാക്കളുടെ പ്രതികരണം എന്തായിരിക്കും. എന്നാല്‍ മധ്യപ്രദേശുകാരനായ അനുഭവ് ദുബെയുടെ പിതാവ് മകന്‍ അന്നെടുത്ത തീരുമാനത്തെ പ്രശംസിക്കുകയാണ്. മകന്‍ ഇന്നു നേടുന്നത് കോടികളാണ് എന്നതാണ് കാരണം.
450പരം ഔട്ട്‌ലെറ്റുകള്‍
മകനെ ഐഎഎസുകാരനാക്കുകയെന്നത് പിതാവിന്റെ സ്വപ്‌നമായിരുന്നു. അങ്ങനെ ഐഎഎസ് തയാറെടുപ്പിന്റെ ഭാഗമായി യുപിഎസ്‌സി പരീക്ഷയ്ക്ക് പരിശീലനം നേടാന്‍ അനുഭവ് ദുബെയെ പിതാവ് ഡല്‍ഹിക്ക് പറഞ്ഞുവിട്ടു. എന്നാല്‍ പഠനവുമായി തനിക്കു മുന്നോട്ടുപോകാനാവില്ലെന്ന് മനസിലാക്കിയ മകന്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി സുഹൃത്തിനൊപ്പം ഒരു ചായക്കട തുടങ്ങി. ഇപ്പോള്‍ ചായ വില്‍പ്പനയിലൂടെ അനുഭവ് നേടുന്നത് 150 കോടി രൂപയാണ്.
ഇന്ത്യക്കകത്തും പുറത്തുമായി 195ലധികം നഗരങ്ങളില്‍ 450പരം ഔട്ട്‌ലെറ്റുകളിലായി വലിയൊരു ടീ ബിസിനസ് ശൃംഖലയായി വളര്‍ന്ന 'ചായ് സുട്ട ബാര്‍' എന്ന കമ്പനിയുടെ സ്ഥാപകനാണ് അനുഭവ് ദുബെ.
ചായ് സുട്ട ബാര്‍
മധ്യപ്രദേശിലെ റേവ സൗദേശിയായ അനുഭവ് ദുബേ ജനിച്ചത് ബിസിനസുകാരുടെ കുടുംബത്തിലായിരുന്നു. മകന്‍ തന്നെപ്പോലെ കച്ചവടക്കാരനാകുന്നതില്‍ താല്‍പര്യമില്ലാതിരുന്ന പിതാവിന് മകന്‍ ഐഎഎസുകാരന്‍ ആകാനായിരുന്നു ആഗ്രഹം. ഇതിനിടെയിലാണ് കോളജ് പഠനം പൂര്‍ത്തിയാക്കിയശേഷമുള്ള സിവില്‍ സര്‍വീസ് തയ്യാറെടുപ്പ് മതിയാക്കി മൂന്ന് ലക്ഷം മുടക്കി ബാല്യകാല സുഹൃത്തായ ആനന്ദ് നായ്ക്കിനൊപ്പം അനുഭവ് ഇന്‍ഡോറില്‍ ചായക്കട തുടങ്ങിയത്.
വിപണിയെ കുറിച്ച് നന്നായി പഠിച്ച ശേഷം സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും സെക്കന്‍ഡ്ഹാന്‍ഡ് ഫര്‍ണീച്ചറുകള്‍ ഉപയോഗിച്ചും ഇന്‍ഡോറിലെ ഗേള്‍സ് ഹോസ്റ്റലിന് മുന്നില്‍ ചായക്കട തുടങ്ങി. ചായ് സുട്ട ബാര്‍ എന്നായിരുന്നു കടയുടെ പേര്. ഇത് കൈകൊണ്ട് ഒരു പലകയില്‍ എഴുതുകയായിരുന്നു. ഏതായാലും കട പതിയെ ശ്രദ്ധ നേടുകയും ചായ് സുട്ട ബാര്‍ എന്ന ബ്രാന്‍ഡ് നെയിം ഹിറ്റായി മാറുകയും ചെയ്തു.
മാര്‍ക്കറ്റിംഗും ഇന്റീരിയറും ചെയ്തത് സ്വയം
ചെലവ് ലാഭിക്കാന്‍ മാര്‍ക്കറ്റിംഗ്, സ്ഥാപനത്തിന്റെ ഇന്റീരിയര്‍ ഡിസൈനിംഗ്, ബ്രാന്‍ഡിംഗ് എന്നിവയെല്ലാം ദുബെയും കൂട്ടുകാരനും തനിച്ചാണ് ചെയ്തത്. എന്നാല്‍ ഐഎഎസുകാരനാകാന്‍ പോയിട്ട് ചായക്കടക്കാരനാകാന്‍ തീരുമാനിച്ച അനുഭവിന് പരിഹാസമായിരുന്നു തുടക്കത്തില്‍ ലഭിച്ചത്. പിന്നീട് ചായ് സുട്ട ബാര്‍ എന്ന പേര് ജനകീയമായി തുടങ്ങിയതോടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ച് തുടങ്ങി.
ദുബൈ മുതല്‍ ബ്രിട്ടന്‍ വരെ
രാജ്യത്തിന്റെ പല ഭാഗത്തും ദുബൈ, യുകെ, കാനഡ, ഒമാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കം പടര്‍ന്നു പന്തലിച്ചിരുന്ന ഈ സംരംഭത്തിന്റെ വാര്‍ഷിക വരുമാനം 150 കോടിയാണ്. 10 കോടിയാണ് അനുഭവ് ദുബേയുടെ ഇപ്പോഴത്തെ അറ്റാദായം. ഏഴ് വര്‍ഷം കൊണ്ട് അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ചായ് സുട്ട ബാറിന് ഉണ്ടായത്. 2016ല്‍ ആരംഭിച്ച ചായ് സുട്ട ബാര്‍ പിന്നീട് ഫ്രാഞ്ചൈസി രീതിയില്‍ ബിസിനസ് വിപുലീകരണം നടത്തുകയായിരുന്നു. കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴില്‍ അഞ്ച് ഔട്ട്‌ലെറ്റുകളും ശേഷിക്കുന്ന 140 ഔട്ട്‌ലെറ്റുകള്‍ ഫ്രാഞ്ചൈസിയുടെ കീഴിലുമാണ് ഉള്ളത്.
ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു
2016ല്‍ ഇന്‍ഡോറില്‍ ഇരുവരും ചേര്‍ന്ന് ആദ്യത്തെ മൂന്ന് ഔട്ട്‌ലെറ്റുകള്‍ തുറന്നതോടെയാണ് ചായ് സുട്ടയുടെ യാത്ര ആരംഭിക്കുന്നത്. 2017ല്‍ മധ്യപ്രദേശിലെ മൂന്ന് പ്രശസ്ത നഗരങ്ങളായ ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജയിന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നു. 2018ന്റെ തുടക്കത്തോടെ കൂടുതല്‍ നഗരങ്ങളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ചായ് സുട്ടയ്ക്ക് കഴിഞ്ഞു. 2019ല്‍ കമ്പനി യുവാക്കള്‍ക്കിടയില്‍ പ്രചാരം നേടുകയും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങുകയും ചെയ്തു.
2020ല്‍ കോവിഡ് മഹാമാരിക്കും ലോക്ക്ഡൗണ്‍ കാലയളവിനു ശേഷവും ഇന്ത്യയിലെ 85ലധികം ഔട്ട്‌ലെറ്റുകളിലൂടെയും അന്താരാഷ്ട്രതലത്തില്‍ മൂന്ന് ഔട്ട്‌ലെറ്റുകളിലൂടെയും ചായ് സുട്ടാ ബാര്‍ തങ്ങളുടെ ഇടം സ്ഥാപിച്ചെടുത്തു. 2021ഓടെ ഇന്ത്യയിലുടനീളമുള്ള ആളുകളെ ചായ് സുട്ട ബാറിന്റെ ആരാധകരാക്കി മാറ്റുകയും കുല്‍ഹാദ് ചായയുടെ പര്യായമായി മാറുകയും ചെയ്തു. 2022ല്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടീ ശൃംഖലയായി ചായ് സുട്ട ബാര്‍ മാറി. പിന്നീട് ഇവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
മണ്‍കപ്പിലൊരു ചായ
പേപ്പര്‍ കപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മണ്‍കപ്പുകളാണ് ചായ് സുട്ട ബാറില്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ രാജ്യത്തെ 250 കുടുംബങ്ങള്‍ക്ക് വരുമാനം കണ്ടെത്താനുള്ള മാര്‍ഗവും ഇവര്‍ ഒരുക്കുന്നുണ്ട്. റോസ് ചായ, മസാല ചായ, ഇഞ്ചി ചായ, ഏലക്ക ചായ, സ്‌പെഷ്യല്‍ പാന്‍ ചായ തുടങ്ങി വ്യത്യസ്ത രുചികളിലുള്ള ചായകള്‍ ചായ് സുട്ടാ ബാറിന്റെ പ്രത്യേകതകളാണ്. 15 രൂപ മുതലാണ് ചായയുടെ വില ആരംഭിക്കുന്നത്. ചായ കൂടാതെ മാഗി, സാന്‍ഡ്വിച്ച്, പിസ തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ചായ് സുട്ട ബാറില്‍ ലഭ്യമാണ്.