വിപ്രോയുടെ കൈകളിലെത്തിയ ചന്ദ്രിക സോപ്പിന്റെ കഥ

  • ജീവാത്മാവും പരമാത്മാവും സി. ആര്‍ കേശവന്‍ വൈദ്യരായിരുന്നു
  • ജീവിക്കാന്‍ വേണ്ടി ചെയ്ത സകല മാര്‍ഗ്ഗങ്ങളും അമ്പേ പരാജയം
  • ഔഷധ സോപ്പുകളില്‍ ചന്ദ്രികയെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്റാക്കി മാറ്റി അദ്ദേഹം

Update: 2023-06-24 11:55 GMT


ബിസിനസ് എന്നു കേള്‍ക്കുമ്പോഴെ തലവെട്ടിച്ചു നടന്നിരുന്നൊരു കാലം നമുക്കിടയിലുണ്ടായിരുന്നു. എന്തൊക്കെയോ കുഴപ്പം പിടിച്ച ഏര്‍പ്പാടാണ് എന്നായിരുന്നു പലരുടേയും ധാരണ. എന്നാല്‍ ബഹുരാഷ്ട്ര കുത്തകകളെപ്പോലും അടിച്ചു മലര്‍ത്താന്‍ കെല്‍പ്പുള്ള പ്രഗത്ഭ വ്യക്തിത്വങ്ങള്‍ നമുക്കിടയിലുണ്ടായിരുന്നു.

ഒരു കാലത്ത് അഖിലേന്ത്യാടിസ്ഥാനത്തില്‍ കേവലം രണ്ട് വ്യവസായ സ്ഥാപനങ്ങള്‍ മാത്രമേ മലയാളികളുടേതായി ഉണ്ടായിരുന്നുള്ളൂ.ഒന്ന്, മദ്രാസ് റബര്‍ ഫാക്ടറി (എംആര്‍എഫ്). ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ 50 കമ്പനികളില്‍ ഒന്നാകാനും ലോകത്തിലെ രണ്ടാമത്തെ ടയര്‍ നിര്‍മാതാക്കളാകാനും അവര്‍ക്കായി. ഓഹരി വിപണിയില്‍ ചരിത്രം കുറിച്ചുകൊണ്ട് ഒരു ഷെയറിന് ഒരുലക്ഷം രൂപ (1.37%) കടക്കാനും കമ്പനിക്കു കഴിഞ്ഞു. അതിന്റെ ഉടമകള്‍ കേരളീയരാണെങ്കിലും ഫാക്ടറി തമിഴ്നാട്ടിലാണ്.

രണ്ടാമത്തേത് ചന്ദ്രിക ഔഷധ സോപ്പ്..! അതിന്റെ ജീവാത്മാവും പരമാത്മാവും സി. ആര്‍ കേശവന്‍ വൈദ്യരായിരുന്നു.

കേശവന്‍ വൈദ്യരെ വെറുമൊരു ബിസിനസ്സുകാരനായി കണ്ടാല്‍പ്പോര. ബഹുരാഷ്ട്ര കുത്തകകളേയും ഇന്ത്യയിലെ സകലമാന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളേയും പിന്നിലാക്കിയ അത്ഭുത പ്രതിഭാസം.

ഔഷധ സോപ്പുകളില്‍ ചന്ദ്രികയെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്റാക്കി മാറ്റി അദ്ദേഹം. രണ്ടു തലമുറയുടെ കഠിന ശ്രമത്തിന്റെ ഫലമാണ് എം.ആര്‍.എഫ്. കണ്ടത്തില്‍ കുടുംബത്തിലെ മാമ്മന്‍ മാപ്പിളയുടെ ദീര്‍ഘവീക്ഷണവും സംരഭകത്വ സംസ്‌കാരവും തുടര്‍ന്നുവന്ന പിന്‍മുറക്കാരുടെ കര്‍മ്മകുശലതയും അതിനെ മുന്നോട്ടു നയിച്ചു.

സര്‍ക്കാര്‍ സ്‌ക്കൂള്‍ ഇന്‍സ്പെക്ടറുടെ ജോലി വേണ്ടെന്നു വച്ചിട്ടാണ് ബിസിനസ്സ് മേഖലയിലേക്ക് കെ.സി.മാമ്മന്‍ മാപ്പിള കടന്നു വരുന്നത്. ബി.എ ക്കാരനായ മാമ്മന്‍ മാപ്പിള ജീവിതത്തില്‍ ഒട്ടേറെ തിക്താനുഭവങ്ങള്‍ ഉള്ളയാളായിരുന്നു എങ്കിലും മൂലധനവും ബന്ധുബലവുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മകളുടേയും നടുവിലാണ് കേശവന്‍ വൈദ്യര്‍ തന്റെ ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. അതും പട്ടിണിയില്‍ നിന്ന്.

ഇനിയൊരു സംഭവ കഥയിലേക്ക് കടക്കാം. വര്‍ഷങ്ങളുടെ പഴക്കമുണ്ട് കഥക്ക്. നാലപ്പാട്ട് തറവാടാണ് വേദി. അവരുടെ കോഴിക്കോട്ടുള്ള വീട്ടില്‍ ഒരു വിവാഹം അരങ്ങേറുകയാണ്. ഏറെ ആര്‍ഭാടത്തോടെയുള്ള ഒരു

ക്കങ്ങള്‍. പ്രസിദ്ധ കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായ വി.എം നായരുടെയും മകളുടെ വിവാഹമാണ് നടക്കാന്‍ പോകുന്നത്. പിന്നീട് കമലാ സുരയ്യയായ സാക്ഷാല്‍ മാധവിക്കുട്ടിയുടേത്.

വിവാഹത്തലേന്ന് വൈകുന്നേരം തൂക്കിപിടിച്ചൊരു സഞ്ചിയുമായി ഒരു മനുഷ്യന്‍ കല്യാണ വീട്ടിലേക്ക് തിരക്കിട്ടെത്തുന്നു. അദ്ദേഹത്തെ കല്യാണത്തിന് നാലപ്പാട്ട് കുടുംബം വിളിച്ചിരുന്നോ എന്നൊന്നും ചോദിക്കരുത്. എന്തായാലും ആ കല്യാണ വീട്ടിലൊരു സമ്മാനവുമായി എത്തിയ മനുഷ്യന്‍ സി. ആര്‍ കേശവന്‍ വൈദ്യനായിരുന്നു.

സമ്മാന സഞ്ചിയില്‍ ആറു കട്ട സോപ്പ്. വീട്ടുകാരുടെ ആവശ്യപ്രകാരമല്ലാതെ തന്നെ ഈ സമ്മാനവുമായി എത്തിയതിന്റെ പിന്നിലെ രഹസ്യം ചന്ദ്രികാ സോപ്പ് പ്രചരിപ്പിക്കുക എന്നതു മാത്രമായിരുന്നു. നി മുംബൈയില്‍ നടന്ന മറ്റൊരു സംഭവം, മുംബൈ പഴയ ബോബെയായിരുന്ന കാലം. അവിടെ ബകുഭായി റാംജി ഒരു ചെറിയ പലചരക്കു കട നടത്തിയിരുന്നു. ഏതോ ഒരു മനുഷ്യന്‍ ഒരു നാള്‍ മൂന്നു കട്ട സോപ്പ് കൊണ്ടുവന്നു വച്ചു. അത് വാങ്ങി ഉപയോഗിച്ചവര്‍ ചന്ദ്രിക സോപ്പ് വേണം എന്നാവശ്യപ്പെട്ടപ്പോള്‍ ബകുഭായ് കണ്ണുമിഴിച്ചു. താന്‍ കഴിഞ്ഞ ദിവസം വിറ്റ സോപ്പ് ചന്ദ്രികയാണെന്നു പോലും പാവം ആ മനുഷ്യന്‍ അറിഞ്ഞിരുന്നില്ല.

അതു വാങ്ങിയവര്‍ അതുതന്നെ ആവശ്യപ്പെട്ടു പിന്നേയും പിന്നേയും വന്നപ്പോള്‍ ഒരു ഡസന്‍ സോപ്പ് എടുത്തു വച്ചു. പിന്നെ ഒരു ബോക്സ് ആക്കി. ബോക്സുകളാക്കി. കച്ചവടമങ്ങനെ കൊഴുപ്പിച്ചു.പരസ്യം കണ്ട് സോപ്പുവാങ്ങി പരീക്ഷിച്ച് നിരാശരായി വരുന്ന ഉപഭോക്താക്കളുടെ തെറി കേട്ട് മടുത്ത കച്ചവടക്കാര്‍ക്ക് ചന്ദ്രികാ സോപ്പ് പുതിയൊരു അനുഭവമായി.

ഇങ്ങനെ ആവശ്യക്കാരുള്ള ഒരു ഉല്പന്നമാക്കി മാറ്റുന്നതിലാണ് കണ്‍സ്യൂമര്‍ ബിസിനസ്സ് രംഗത്തെ ബുദ്ധിയെങ്കില്‍ ആ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമായിരുന്നു. സി. ആര്‍ കേശവന്‍ വൈദ്യര്‍.

സണ്‍ലൈറ്റ് സോപ്പിന്റെ സ്ഥാപകരായ ലിവര്‍ ബ്രദേഴ്സ് ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, രാമപുരത്തുകാരന്‍ കേശവന്‍ വൈദ്യരുടെ പ്രതിഭയെ മനസ്സിലാക്കുമായിരുന്നു. ഹാര്‍വാര്‍ഡില്‍ നിന്നോ അഹമ്മദബാദില്‍ നിന്നോ ഇറങ്ങുന്ന എം.ബി.എ പ്രതിഭകള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു തലത്തിലേക്ക് മാര്‍ക്കറ്റിങ്ങ് എന്ന കഴിവും പ്രയത്നവും കൊണ്ടു മാത്രമാണ് അദ്ദേഹം വളര്‍ന്നത്. രാമപുരത്ത് കോണാടു ഗ്രാമത്തില്‍ ചുള്ളിക്കാട്ട് രാമന്റേ

യും കുഞ്ഞി ഇച്ചിയുടേയും ആറാമത്തെ മകനായി ജനിച്ചവന്‍. പിതാവിന് അല്പം കൃഷിയും പിന്നെ മര്‍മ്മാണി ചികിത്സയും. അമ്മയ്ക്ക് വിഷവൈദ്യം. ഏറെ നാള്‍കഴിയും മുമ്പ് പിതാവ് മരിച്ചു. കേശവന്‍ ഏഴാം

ക്ലാസ്സ് പരീക്ഷ പാസായി. വി.എസ്.എല്‍.സി. (വെര്‍ണാക്കുലര്‍ സ്‌ക്കൂള്‍ ലിവിംഗ് സര്‍ട്ടിഫിക്കറ്റ്). ഉടന്‍തന്നെ കുടപ്പലം ഗ്രാന്റ് സ്‌ക്കൂളില്‍ ഒന്നാം ക്ലാ

സ്സിലെ അധ്യാപകനായി ജോലികിട്ടി.

ഏഴു രൂപ പത്ത് ചക്രമായിരുന്നു മാസ ശമ്പളം. അങ്ങിനെയിരിക്കെ കേശവന്‍ സാറിന് ഒരു കൈപ്പിഴ പറ്റി. ഒരു നായര്‍ കുട്ടിയെ വടികൊണ്ട് അടിച്ചു. കുട്ടിയാണെങ്കില്‍ സ്ഥലത്തെ ഒരു പ്രമാണിയുടെ മകനും. അന്നത്തെക്കാലത്ത് ഈ പ്രശ്നം ഏറെ ഗുരുതരമാണ്. രായ്ക്ക്രാമാനം കേശവന്‍ സ്ഥലം വിട്ടു. ഇടക്കോലായിലെ സ്‌ക്കൂളില്‍ ഒരു മാസത്തെ താല്‍ക്കാലിക നിയമനമായിരുന്നു അടുത്ത ജോലി. അതു കഴിഞ്ഞ് തൊഴില്‍ രഹിതനായി. വേലയും കൂലിയുമില്ലാതിരുന്ന അക്കാലത്താണ് ശ്രീനാരായണ സേവാ സംഘത്തിന്റെ ശാഖ സ്വന്തം നാട്ടില്‍ സ്ഥാപിച്ച് അതിന്റെ സ്ഥാപക സെക്രട്ടറിയായത്. അതിനടുത്തുതന്നെ 12 സെന്റ് സ്ഥലത്ത് ഒരു ഭജനമഠവും സ്ഥാപിച്ചു. ആയിടയ്ക്കാണ് ഗുരുദേവനെ കാണാനുള്ള ഭാഗ്യം ലഭിച്ചത്. ഗുരു ദര്‍ശനത്തിന് ശേഷമാണ് കേശവന്റെ ചിന്തയില്‍ മാറ്റമുണ്ടായത്. ആ ചിന്ത ഒരു തീപ്പൊരിയായി, പിന്നെ അത് ആളിക്കത്താന്‍ തുടങ്ങി.

ഇതിനിടെ ഒരു ഭാര്യയെ വേണമെന്നു തോന്നി. പെണ്ണിനെ തിരക്കി ഇറങ്ങിയതും സ്വയമായിരുന്നു. ഒടുവില്‍ കാര്‍ത്ത്യായനി എന്നൊരുവളെ കണ്ടെത്തി. കേശവന്റെ കല്യാണം നടക്കുമ്പോള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു കാര്‍ത്ത്യായനി. അതോടെ പൊതുപ്രവര്‍ത്തനത്തിനോടൊപ്പം ഒരു ജോലിവേണമെന്നായി. നാട്ടില്‍ പലചരക്കുകടയും ചിട്ടിയുമൊക്കെ തുടങ്ങിയെങ്കിലും എല്ലാം എട്ടുനിലയില്‍ പൊട്ടി. അതോടെ നാടുവിട്ടു.

ജീവിക്കാന്‍ വേണ്ടി ചെയ്ത സകല മാര്‍ഗ്ഗങ്ങളും അമ്പേ പരാജയം. കേവലം ആറു ഉറുപ്പിക മാത്രം കൊടുത്തിട്ടു പോന്ന ഭാര്യയ്ക്ക് എന്തു സംഭവിച്ചു എന്നുപോലും അറിയില്ല. അതോര്‍ത്ത് ഉറങ്ങാത്ത രാത്രികളാണേറെയും. പക്ഷേ എങ്ങിനെ തിരിച്ചു ചെല്ലും? അങ്ങനെ കറങ്ങിത്തിരിഞ്ഞ് തൃശൂരിനടുത്ത് ഏരൂരുള്ള നരസിംഹ സ്വാമികളുടെ ആശ്രമത്തിലെത്തി. അവിടെ വെച്ചാണ് സിദ്ധവൈദ്യനായ രാമാനന്ദസ്വാമികളെക്കുറിച്ച് കേശവന്‍ കേള്‍ക്കുന്നത്. സിദ്ധവൈദ്യം പഠിച്ചാല്‍ ജീവിക്കാനുള്ള വരുമാനം ലഭിക്കുമെന്നു തോന്നിയ കേശവന്‍ സ്വാമികളെ കാണ്ടു. പിന്നെ വൈദ്യം പഠിക്കാനും തീരുമാനിച്ചു.

രാമാനന്ദസ്വാമികളുടെ അടുത്തു നിന്ന് പഠിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നിട്ടും എല്ലാം സഹിച്ച് അഞ്ചു വര്‍ഷവും ആറു മാസവും അവിടെ താമസിച്ച് ആശ്രമത്തിന്റെ മാനേജര്‍ പദവിയില്‍ വരെ എത്തി കേശവന്‍. വൈദ്യം മാത്രമല്ല, എങ്ങനെ ജീവിക്കണമെന്നുകൂടി ആശ്രമത്തില്‍ നിന്നും അദ്ദേഹം പഠിച്ചെടുത്തു. ഒരു മികച്ച ഉദ്യോഗം നേടാന്‍ ആവശ്യമായ വിദ്യാഭ്യാസമോ, ബിസിനസ്സ് ചെയ്യാനുള്ള മൂലധനമോ കൈയ്യിലില്ലെങ്കിലും ജീവിതത്തില്‍ ചിലതെല്ലാം നേടാനാകുമെന്ന ആത്മവിശ്വാസം കൈവന്നു.

എല്ലാത്തരം രോഗികളേയും അവരുടെ രോഗലക്ഷണങ്ങളും, അവയ്ക്ക് സ്വാമി നല്കിയിരുന്ന മരുന്നുകളും കേശവന്‍ ശ്രദ്ധയോടെ പഠിച്ചിരുന്നു. ക്രമേണ സ്വാമികളില്ലാത്തപ്പോള്‍ ആശ്രമത്തിലെത്തുന്ന രോഗികളെ ചികിത്സിക്കാനും തുടങ്ങി. മറ്റു പല വൈദ്യന്‍മാരും കൈയ്യൊഴിഞ്ഞവരെ ചികിത്സിച്ച് സുഖപ്പെടുത്താനും കേശവന് കഴിഞ്ഞു. മനോനില തെറ്റിയ ഒരു രോഗിയെ ചികിത്സിച്ച് ഭേദമാക്കിയപ്പോള്‍ ആ രോഗിയുടെ ബന്ധുക്കള്‍ വന്ന് അവരുടെ നാടായ ഇരിങ്ങാലക്കുടയില്‍ വൈദ്യശാല തുടങ്ങാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ രാമാനന്ദസ്വാമികളുടെ അനുമതി വാങ്ങി കേശവന്‍ ഇരിങ്ങാലക്കുടയ്ക്ക്തിരിച്ചു.




അവിടെ സി. ആര്‍. കേശവന്‍ വൈദ്യര്‍ സിദ്ധവൈദ്യാശ്രമം തുടങ്ങി. രാമാനന്ദസ്വാമികള്‍ കൊടുത്ത 50 രൂപയും ഒരു ചെറിയ പെട്ടി മരുന്നുകളുമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. അങ്ങനെയാണ് ചുളളിക്കാട്ട് രാമന്‍ മകന്‍ സി. ആര്‍. കേശവന്‍, കേശവന്‍ വൈദ്യരാകുന്നതും ചര്‍മ്മരോഗങ്ങളെ ചെറുക്കുന്ന ചന്ദ്രിക സോപ്പിന്റെ നിര്‍മ്മാതാകുന്നതും.

സോപ്പുവിപണിയില്‍ ഏറ്റവും മുന്നിലെത്തിയ ഈ കമ്പനി ഇപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ വിപ്രോയുടെ ഉടമസ്ഥതയിലാണ്.

Tags:    

Similar News