2023 ആദ്യ പകുതി: കാശ് വാരിക്കൂട്ടുന്നതില്‍ മുന്നില്‍ മസ്ക്, പിന്നാലെയുണ്ട് സുക്കര്‍ബര്‍ഗ്

  • സമ്പത്തില്‍ വലിയ ഇടിവുമായി അദാനിയും കാള്‍ ഇക്കാനും
  • അതിസമ്പന്നര്‍ക്ക് 2020നു ശേഷമുള്ള ഏറ്റവും മികച്ച അതിവര്‍ഷം
  • ബില്യണയര്‍ പട്ടികയിലെ അംഗങ്ങള്‍ പ്രതിദിനം ശരാശരി 14 മില്യൺ ഡോളർ നേടി

Update: 2023-07-04 09:10 GMT

ലോകത്തിലെ ഏറ്റവും വലിയ അതി സമ്പന്നരായ 500 പേര്‍ 2023 ന്റെ ആദ്യ പകുതിയിൽ തങ്ങളുടെ മൊത്തം സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് 852 ബില്യൺ ഡോളർ. സമാഹരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ബ്ലൂം ബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ടെസ്‌ല ഇൻ‌കോർപ്പറേറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‍കാണ് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള 6 മാസങ്ങളില്‍ പണം വാരിക്കൂട്ടുന്നതില്‍ മുന്നിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക്, ഈ വർഷം ജൂൺ 30 വരെ തന്റെ ആസ്തിയിലേക്ക് 96.6 ബില്യൺ ഡോളർ ചേർത്തു, അതേസമയം മെറ്റാ പ്ലാറ്റ്‌ഫോംസ് ഇങ്ക് സിഇഒ ആയ മാര്‍ക്ക് സുക്കർബർഗ് 58.9 ബില്യൺ ഡോളർ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനായി. ഇരുവര്‍ക്കുമിടയിലെ വാക്പോരും വിപണി മത്സരവും കൊഴുക്കുന്നതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. 

ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സിലെ ഓരോ അംഗവും കഴിഞ്ഞ ആറ് മാസത്തിനിടെ പ്രതിദിനം ശരാശരി 14 മില്യൺ ഡോളർ സമ്പാദിച്ചു. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറിത്തുടങ്ങിയ 2020ന്റെ രണ്ടാം പകുതിക്ക് ശേഷം ശതകോടീശ്വരന്മാരുടെ ഏറ്റവും മികച്ച അർദ്ധവർഷമായിരുന്നു ഇപ്പോള്‍ കടന്നുപോയത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളില്‍ 47.4 ബില്യൺ ഡോളർ തന്‍റെ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തു.

ഒരു വശത്ത് ചെലവു ചുരുക്കല്‍, മറുവശത്ത് കാശു കുമിയല്‍

തങ്ങളുടെ വന്‍കിട സ്ഥാപനങ്ങളില്‍ പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള ചെലവു ചുരുക്കല്‍ നടപടികള്‍ നടപ്പാക്കുമ്പോള്‍ തന്നെയാണ് ഈ അതിസമ്പന്നരിലെ പ്രമുഖര്‍ക്ക് തങ്ങളുടെ സമ്പത്ത് വീണ്ടും ഗണ്യമായി അധികരിക്കാന്‍ സാധിക്കുന്നത്. ലോകത്തെ 2640 ബില്യണയര്‍മാരുടെ സമ്പത്തില്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്രബാങ്കുകളുടെ പലിശ നിരക്ക് വർദ്ധന, ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, പ്രാദേശിക ബാങ്കുകളുടെ പ്രതിസന്ധി എന്നിവ നിക്ഷേപക വികാരങ്ങളില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മാറിത്തുടങ്ങുകയും പ്രതീക്ഷ ഉണര്‍ത്തുന്ന സൂചനകള്‍ പുറത്തുവരികയും ചെയ്തതോടെ ഓഹരി വിപണികളിലുണ്ടായ മുന്നേറ്റം അതിസമ്പന്നരുടെ സമ്പത്ത് ഉയർത്തിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ സ്വീകാര്യതയും അതേക്കുറിച്ചുള്ള ചര്‍ച്ചകളും വ്യാപകമായതോടെ ടെക് സ്റ്റോക്കുകൾ കുതിച്ചുയരുകയാണ്. 

ഇടിവിന്‍റെ ചതവുമായി അദാനിയും കാള്‍ ഇക്കാനും

 എന്നാല്‍ ശ്രദ്ധേയമായ ചില ഇടിവുകളും ഇക്കാലയളവില്‍ ചില അതിസമ്പന്നരുടെ സമ്പത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും മുഖ്യമായത് ഇന്ത്യയില്‍ നിന്നുള്ള ശത കോടീശ്വരന്‍ ഗൗതം അദാനിയുടെ സമ്പത്തിലുണ്ടായ ഇടിവാണ്. ഗൗതം അദാനിയുടെ ആസ്തിയില്‍ ആറ് മാസത്തില്‍ 60.2 ബില്യൺ ഡോളർ നഷ്ടമായി. ഇക്കാലയളവില്‍ ഒരു ബില്യണയര്‍ക്ക് ഒരു ദിവസം ഉണ്ടായ ഏറ്റവും വലിയ നഷ്ടവും അദാനിയുടെ പേരിലാണ്.  ജനുവരി 27 ന് ഏകദേശം 20.8 ബില്യൺ ഡോളർ അദാനി ഗ്രൂപ്പ് തലവന് നഷ്ടമായി.  ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച്  അദാനി ഗ്രൂപ്പിനെതിരേ അക്കൗണ്ടിംഗ് തട്ടിപ്പും സ്റ്റോക്ക് കൃത്രിമത്വവും ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇത്. 

നേറ്റ് ആൻഡേഴ്സൺ സ്ഥാപിച്ച ഹിൻഡൻബർഗ് മറ്റൊരു ബില്യണയറായ കാള്‍ ഇക്കാനിന്‍റെ ആസ്തിയിലും ഈ വര്‍ഷം വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്: ഹിൻഡൻബർഗ് ഓഹരികള്‍ ഷോർട്ട് ചെയ്യുന്നതായി വെളിപ്പെടുത്തിയതിന് ശേഷം, അദ്ദേഹത്തിന്റെ ഇക്കാൻ എന്റർപ്രൈസസ് എൽപിക്ക് തങ്ങളുടെ ഏറ്റവും കുത്തനേയുള്ള ഇടിവ് നേരിടേണ്ടി വന്നു. ഇക്കാനിന്‍റെ ആസ്തി ആറുമാസ കാലയളവില്‍ 13.4 ബില്യൺ ഡോളർ അഥവാ 57% ഇടിഞ്ഞു.  ശതമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ ആറുമാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. 

Tags:    

Similar News