സ്വന്തമായി സിറ്റി പണിത ലോകത്തെ വേറിട്ട ബിസിനസുകാർ

ബാത്ത് ആന്റ് ബോഡി വര്‍ക്‌സ് ഐഎന്‍സി അടക്കം നിരവധി വന്‍കിട ബിസിനസ് ശ്യംഖലയുടെ അധിപനായ അദ്ദേഹത്തിന് സ്വന്തമായൊരു സിറ്റിയുണ്ട്.യുഎസിലുള്ള ന്യൂ അല്‍ബേനിയാണ് അദ്ദേഹം നിര്‍മിച്ച സിറ്റി. ഓഹിയോയിലുള്ള ചെറിയൊരു പ്രദേശമാണിത്

Update: 2023-03-16 17:15 GMT

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ് ഇലണ്‍ മസ്‌ക്.ബിസിനസ് ലോകത്തില്‍ ഇത്രത്തോളം വേറിട്ട് നില്‍ക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധൈര്യം കാണിച്ചവര്‍ കുറവാണ്. ഇപ്പോള്‍ അദ്ദേഹം യുഎസിലെ ടെക്‌സാസില്‍ സ്വന്തമായി ഒരു നഗരം നിര്‍മിക്കാനുള്ള പരിശ്രമങ്ങളിലാണെന്നാണ് വിവരം. ആയിരക്കണക്കിന് ഏകര്‍ ഭൂമിയാണ് മസ്‌ക് സ്വന്തം നഗരം നിര്‍മിക്കാനായി ഏറ്റെടുക്കുന്നത്. തന്റെ ജീവനക്കാര്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്ന ഒരു നഗരം നിര്‍മിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് മസ്‌ക് പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ ടണലിങ് സ്ഥാപനമായ ബോറിങ് കമ്പനിയുടെ ചിഹ്നമായ സ്‌നൈല്‍ബ്രൂക്ക് എന്ന പേര് തന്നെയാണ് നഗരത്തിനും നല്‍കുന്നതെന്നാണ് സൂചന. സ്വന്തമായി നഗരമെന്ന സ്വപ്‌നം കാണുന്ന ആദ്യത്തെ ബിസിനസുകാരനൊന്നുമല്ല അദ്ദേഹം. സ്വന്തമായി സിറ്റിയുണ്ടാക്കിയ അഞ്ച് ബിസിനസുകാരെ ഇവിടെ പരിചയപ്പെടുത്താം.

1.ജംഷെഡ്ജി നുസര്‍വാന്‍ജി ടാറ്റ

ഇന്ത്യന്‍ വ്യവസായ മേഖലയുടെ പിതാവെന്ന് അറിയപ്പെടുന്ന ജംഷെഡ്ജി നുസര്‍വാന്‍ജി ടാറ്റയുടെ പേരിലുള്ള സിറ്റിയാണ് ജംഷെഡ്പൂര്‍. ടാറ്റാഗ്രൂപ്പിന്റെ സ്ഥാപകനായ അദ്ദേഹമാണ് 1919ല്‍ ജാര്‍ഖണ്ഡില്‍ ഈ നഗരം സ്ഥാപിച്ചത്. 'വണ്‍ മാന്‍ പ്ലാനിങ് കമ്മീഷന്‍' എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജംഷെഡ്പൂരിന് ടാറ്റാനഗര്‍ എന്നും പേരുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ആസൂത്രിത നഗരമാണിത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ശുചിത്വമുള്ള നഗരമാണിത്.

1868ലാണ് ഈ വ്യവസായി ടാറ്റാഗ്രൂപ്പ് സ്ഥാപിച്ചത്. 1904 വരെ ഗ്രൂപ്പിന്റെ ചെയര്‍മാനായി തുടര്‍ന്നു. തന്റെ ജീവനക്കാര്‍ക്കായി 1892ല്‍ ജെഎന്‍ ടാറ്റാ എന്‍ഡോവ്‌മെന്റ് രൂപീകരിച്ചിരുന്നു. 1903ല്‍ താജ്മഹല്‍ ഹോട്ടല്‍ ആരംഭിച്ചതും ജംഷെഡ്ജി നുസര്‍വെന്‍ജി ടാറ്റായാണ്.

2. ലെസ് വെക്‌സ്‌നര്‍

അമേരിക്കന്‍ കോടീശ്വരനാണ് ലെസ് വെക്‌സ്‌നര്‍. ബാത്ത് ആന്റ് ബോഡി വര്‍ക്‌സ് ഐഎന്‍സി അടക്കം നിരവധി വന്‍കിട ബിസിനസ് ശ്യംഖലയുടെ അധിപനായ അദ്ദേഹത്തിന് സ്വന്തമായൊരു സിറ്റിയുണ്ട്.യുഎസിലുള്ള ന്യൂ അല്‍ബേനിയാണ് അദ്ദേഹം നിര്‍മിച്ച സിറ്റി. ഓഹിയോയിലുള്ള ചെറിയൊരു പ്രദേശമാണിത്. 1980ല്‍ വെക്‌സ്‌നര്‍ തനിക്ക് ഒരു ചെറിയ വീടുണ്ടാക്കാനായി സ്ഥലം അന്വേഷിച്ച് കറങ്ങിയപ്പോഴാണ് ഈ പ്രദേശം കണ്ണില്‍പ്പെട്ടത്. അതുവരെ ആരും അറിയപ്പെടാതെ ഒഴിഞ്ഞുകിടന്ന ഈ പ്രശേത്ത് ആദ്യം മുപ്പത് ഏകര്‍ വാങ്ങി. പിന്നീട് മുഴുവനായി ഏറ്റെടുത്ത ശേഷം ആര്‍കിടെക്ടുകളുടെയും ലാന്‍സ്‌കേപ്പര്‍മാരുടെയും ഒരു ഗ്രൂപ്പുണ്ടാക്കിയ ശേഷം അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് പങ്കുവെക്കുകയായിരുന്നുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. ഇന്ന് ന്യൂ അല്‍ബേനിയയുടെ ജനസംഖ്യ 11000 ആണ്. വരുമാനം രണ്ട് ലക്ഷം ഡോളറാണ്. ചുവന്ന ജോര്‍ജിയന്‍ കട്ടകള്‍ കൊണ്ടുള്ള വീടുകളാണ് ഇവിടുത്തെ പ്രത്യേകത. തെരുവുവിളക്കുകളൊക്കെ കൈകൊണ്ട് നിര്‍മിച്ച ചെമ്പ് വിളക്കുകളാണ്. വെക്‌സനര്‍ 60,000 സ്വകയര്‍ഫീറ്റുള്ള കൊട്ടാരത്തിലാണ് ഇവിടെ ജീവിക്കുന്നത്.

ലാറി എലിസണ്‍

ഓറാക്കിള്‍ കോര്‍പ്പ്‌സിന്റെ സ്ഥാപകനായ ലാറി എലിസണും സ്വന്തമായി ഒരു സിറ്റിയുണ്ടാക്കിയിട്ടുണ്ട്. ഹവായി ദ്വീപുകളിലൊന്നായ ലനായിയുടെ 98% ഭൂമിയും അദ്ദേഹം വാങ്ങിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. വെറും 3000 പേരാണ് അവിടുത്തെ ജനസംഖ്യ. എലിസണ്‍ ദ്വീപിന്റെസാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി അവിടെയുണ്ടായിരുന്ന എല്ലാ ഹോട്ടലുകളും നവീകരിച്ചു, ഒരു റിസോര്‍ട്ടിനൊപ്പം ഒരു പുതിയ വെല്‍നസ് കമ്പനി കൂടി തുടങ്ങി.

ശതകോടീശ്വരനായ ലാറി എലിസണ്‍ ഹവായിയന്‍ ദ്വീപ് വാങ്ങിയത് ഇവിടുത്തെ ജീവിതം വളരെ ചെലവേറിയതാക്കിയെന്ന് കഴിഞ്ഞ വര്‍ഷം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തലമുറകളായി അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അവിടെ താമസിക്കാന്‍ സാധിക്കാത്തവിധമാണ് ജീവിതച്ചെലവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

റായ് ബഹാദൂര്‍ ഗുജര്‍ മാല്‍ മോദി

യുപിയിലെ മോദിനഗര്‍ സിറ്റി സ്ഥാപിച്ചത് 1933ലാണ്. മോദി ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകന്‍ റായ് ബഹദൂര്‍ ഗുജാര്‍ മാല്‍ മോദിയാണ് ഈ നഗരം നിര്‍മിച്ചത്.

1930-കളില്‍, ഒരു ഇംഗ്ലീഷുകാരന്‍ പാട്യാല പാര്‍ട്ടിയില്‍ വെച്ച് 'ഡേര്‍ട്ടി ഇന്ത്യന്‍' എന്ന് അദ്ദേഹത്തെ തെറിവിളിച്ചുകൊണ്ട് ഒരു ഗ്ലാസ് വൈന്‍ കൊടുക്കാന്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് അദ്ദേഹം അവിടെ നിന്ന് നാട് വിട്ടുപോയി. പിന്നീടാണ് അദ്ദേഹം സ്വന്തമായി ഒരു ബിസിനസ് ഗ്രൂപ്പ് തന്നെ സ്ഥാപിക്കുന്നത്. തുടര്‍ന്ന് സ്വന്തമായി അദ്ദേഹം സ്ഥലം വാങ്ങി നഗരം പണിയുകയായിരുന്നു.

ബ്രൂനെല്ലോ കുസിനെല്ലി

ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്റിന്റെ ഉടമയായ ബ്രൂനെല്ലോ ക്യുസിനേലിയുടെ പേരിലുമുണ്ട് ഒരു സിറ്റി. സോളോമിയോയുടെ അധിപനായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വസ്ത്ര നിര്‍മാണ കമ്പനിയുടെ ആസ്ഥാനം നിര്‍മിക്കാനായി അദ്ദേഹം കണ്ടെത്തിയ ഒരു പുരാതന ഗ്രാമമാണ് പിന്നീട് അടിപൊളി സിറ്റിയാക്കിയത്. ഉംബ്രിയന്‍ എന്ന ഗ്രാമമായിരുന്നു ഇത്. മധ്യകാലഘട്ടത്തിലെ കെട്ടിടങ്ങളുള്ള ഈ സ്ഥലം ആളുകളാല്‍ ഉപേക്ഷിക്കപ്പെട്ട ഇടമായിരുന്നു. ഇത് വാങ്ങി എല്ലാ കെട്ടിടങ്ങളും അതിന്റെ തനിമയോടുകൂടി തന്നെ നവീകരിച്ചെടുക്കുകയും മനോഹരമായ സ്ഥലമാക്കി മാറ്റുകയും ചെയ്തു ക്യുസിലേനി. അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് കാമ്പസ്, കരകൗശല തൊഴിലാളികള്‍ക്കുള്ള ഒരു സ്‌കൂള്‍, ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഒരു ലൈബ്രറി എന്നിവയൊക്കെ ഇവിടെയുണ്ട്.

Tags:    

Similar News