ബിബിസി ഡോക്യു ട്വീറ്റുകള്‍ നീക്കിയത് അറിവോടെയല്ല: ഇലോണ്‍ മസ്‌ക്
- ഇന്ത്യയിലെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ക്കശം
- ജയിലില്‍ പോകുന്നതല്ല, നിയമം പാലിക്കുന്നതാണ് തെരഞ്ഞെടുക്കുക
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്ന് എടുത്തമാറ്റപ്പെട്ടതിനെ കുറിച്ചും താന്‍ ബോധവാനല്ലെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ഇന്ത്യയിലെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ക്കശമാണെന്നും ഇതാകാം ട്വീറ്റുകള്‍ നീക്കപ്പെടാന്‍ കാരണമെന്നും ഒരു ബിബിസി ജേര്‍ണലിസ്റ്റുമായുള്ള സംവാദത്തിനിടെ മസ്‌ക് വ്യക്തമാക്കി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയെ വിമര്‍ശന വിധേയമാക്കുന്ന ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരുന്നു.
ഒരു രാജ്യത്തിന്റെ നിയമം പാലിക്കുക അല്ലെങ്കില്‍ ജയിലില്‍ പോകുക എന്നതാണ് മുന്നിലുള്ള ചോയ്‌സെങ്കില്‍ താന്‍ ആദ്യത്തേത് തിരഞ്ഞെടുക്കുമെന്നും താനോ ജീവനക്കാരോ ജയിലില്‍ പോകുന്നത് ഒഴിവാക്കുമെന്നും മസ്‌ക് വിശദീകരിക്കുന്നു. ഡോക്യുമെന്ററി നിരോധിക്കപ്പെട്ടതിനു പിന്നാലെ ഇതിന്റെ ലിങ്കുകള്‍ ട്വിറ്ററും യൂട്യൂബും നീക്കം ചെയ്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കിയത് എന്നാണ് ഇരു പ്ലാറ്റ്‌ഫോമുകളും വിശദീകരിച്ചിട്ടുള്ളത്.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം ഉള്ളടക്കങ്ങളും എക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന രീതി വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ്.