ഏറ്റവും വലിയ സമ്പന്നന്‍; മസ്‌കിനെ പിന്തള്ളി ബെര്‍ണാഡ് അര്‍ണോള്‍ട്ട്

  • മസ്‌കിന് തിരിച്ചടിയായത് ട്വിറ്റര്‍ ഇടപാട്
  • അര്‍ണോള്‍ട്ടിന്‍റെ ആസ്തികളുടെ മൂല്യം $50 ബില്യണ്‍ ഉയര്‍ന്നു
  • ബില്യണയര്‍മാരുടെ എണ്ണത്തില്‍ രണ്ടാം വര്‍ഷവും ഇടിവ്

Update: 2023-04-05 11:56 GMT

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി ഇനി ടെസ്‌ല തലവന്‍ ഇലോണ്‍ മസ്‌കിനില്ല. ഫോര്‍ബ്‍സിന്‍റെ ഏറ്റവും പുതിയ ബില്ല്യണയര്‍ ലിസ്റ്റില്‍, ആഡംബര ഉല്‍പ്പന്നങ്ങളുടെ മേഖലയിലെ പ്രമുഖ ഫ്രഞ്ച് കമ്പനിയായ എല്‍വിഎംഎച്ച്-ന്‍റെ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ട് ഒന്നാം സ്ഥാനത്തെത്തി. മസ്‌കിന്‍റെ അറ്റ ആസ്തി മൂല്യം മുന്‍ വര്‍ഷത്തേതില്‍ നിന്ന് $39 ബില്ല്യണ്‍ ഇടിഞ്ഞ് $180 ബില്ല്യണിലേക്ക് എത്തിയപ്പോള്‍ അര്‍ണോള്‍ട്ടിന്‍റെ ആസ്തികളുടെ മൂല്യം $50 ബില്യണ്‍ വര്‍ധനയോടെ $211 ബില്ല്യണിലെത്തി.

$44 ബില്യണ്‍ ഡോളര്‍ ഇടപാടിലൂടെ ട്വിറ്റര്‍ വാങ്ങിയതിനു പിന്നാലെയാണ് ഇലോണ്‍ മസ്‌കിന്‍റെ ആസ്തി മൂല്യം ഇടിയാന്‍ തുടങ്ങിയത്. ഈ ഇടപാട് നിക്ഷേപകരുടെ വികാരത്തെ പ്രതികൂലമായി ബാധിച്ചതിന്‍റെ ഫലമായി കഴിഞ്ഞ വര്ഷം  ടെസ്‌ലയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ഈ വര്‍ഷം വലിയൊരളവ് തിരിച്ചുവരിന് ടെസ്‌ല ഓഹരികള്‍ക്ക് സാധിച്ചെങ്കിലും, ട്വിറ്റര്‍ ഇടപാടിനു മുമ്പുണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴും കാര്യമായ ഇടിവിലാണ് ഉള്ളത്.

ഒറാക്കിളിന്‍റെ ലാറി എല്ലിസണ്‍, മൈക്രോ സോഫ്റ്റിന്‍റെ ബില്‍ ഗേറ്റ്‌സ്, ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേയുടെ വാറന്‍ ബുഫെ, ബ്ലൂംബെര്‍ഗ് എല്‍പി-യുടെ മൈക്ക് ബ്ലൂംബെര്‍ഗ് തുടങ്ങിയവരെല്ലാം ലിസ്റ്റില്‍ മുന്നേറ്റം പ്രകടമാക്കി. ഇന്ത്യയില്‍ നിന്ന് മുകേഷ് അംബാനി, ഗൗതം അദാനി, സൈറസ് പുനവാല, ലക്ഷ്മി മിത്തല്‍ എന്നിവരാണ് ആദ്യ 100 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

മുന്‍വര്‍ഷം 2,688 ബില്യണയര്‍മാര്‍ പട്ടികയില്‍ ഇടം നേടിയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 2,640 ആയി കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബില്യണയര്‍മാരുടെ എണ്ണത്തില്‍ ഇടിവുണ്ടാകുന്നത്.

Tags:    

Similar News