470 ബില്യണ്‍ ഡോളര്‍ ലഞ്ച്: ലോക സമ്പന്നരില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌കും രണ്ടാമന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടും ഒന്നിച്ചൊരു വിരുന്ന്!
- ഇലോണ്‍ മസ്‌കിന്റെ അമ്മ മായെ മസ്‌കും വിരുന്നില്‍ പങ്കെടുത്തു
- Cheval Blanc Maison ഹോട്ടലിലാണ് ഇരുവരും സല്‍ക്കാരത്തിനായി ഒരുമിച്ച് കൂടിയത്
- ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും മസ്‌ക് കണ്ടു
ലോക സമ്പന്നരില്‍ ഒന്നാമനും രണ്ടാമനും ഒരു വിരുന്നുണ്ടാലോ. കെങ്കേമമായിരിക്കും അല്ലേ. അത്തരമൊരു വിരുന്നും കൂടിക്കാഴ്ചയും നടന്നിരിക്കുകയാണ് അങ്ങ് പാരീസില്‍. 237 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌കും 233 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലക്ഷുറി ഗൂഡ്‌സ് ഗ്രൂപ്പായ എല്‍എംവിഎച്ച് മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടുമാണ് ഒന്നിച്ചുകൂടിയത്.
ലക്ഷ്വറിക്കു പേരുകേട്ട Cheval Blanc Maison ഹോട്ടലിലാണ് ഇരുവരും സല്‍ക്കാരത്തിനായി ഒരുമിച്ച് കൂടിയത്. കുടുംബവും കൂടെയുണ്ടായിരുന്നു. ഇലോണ്‍ മസ്‌കും ബെര്‍ണാഡും കൂടെ നില്‍ക്കുന്ന ഫോട്ടോ ബെര്‍ണാഡിന്റെ മകന്‍ അന്റോണിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ നിന്നെടുത്ത ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഈഫല്‍ ടവറും കാണാം. ഇലോണ്‍ മസ്‌കിന്റെ അമ്മ മായെ മസ്‌കും വിരുന്നില്‍ പങ്കെടുത്തു.
ഒരൊറ്റ രാത്രിക്ക് 8000 യൂറോ വരെയുള്ള, യൂറോപ്പിലെ തന്നെ ഏറ്റവും ചെലവേറിയ ഹോട്ടലിലാണ് ഇരുവരും ഒരുമിച്ചു കൂടിയത്. ഏറ്റവും മുകളിലെ രണ്ട് നിലകളാണ് ഇവര്‍ എടുത്തതെന്നാണ് സൂചന. 7000 സ്‌ക്വയര്‍ ഫീറ്റ് സ്യൂട്ടില്‍ 4 ബെഡ്‌റൂമുകളും പ്രൈവറ്റ് പൂളും രണ്ട് ഗ്രാന്റ് മാര്‍ബിള്‍ ബാത്ത് ടബ്ബും അടങ്ങിയതാണ് ഈ നിലകള്‍.
യാത്രയ്ക്കിടയില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും മസ്‌ക് കണ്ടു. ഈ മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. മസ്‌കിന്റെ ഇലക്ട്രിക് ബാറ്ററിക്കായുള്ള ഗിഗാഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടന്നത്.