മേയില്‍ തക്കാളി കളഞ്ഞു, പൂനെയിലെ കര്‍ഷകന് അടുത്ത മാസം കിട്ടിയത് 3 കോടി

  • 40 ലക്ഷം രൂപയുടെ മുതല്‍ മുടക്കില്‍ 3 കോടി രൂപ വരുമാനം
  • 2021ൽ 15- 16 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടു
  • നേട്ടം കൊയ്യാനായത് ചുരുക്കം ചില കര്‍ഷകര്‍ക്ക്

Update: 2023-07-19 05:39 GMT

സാധാരണ ഉപഭോക്താവിന്‍റെ പോക്കറ്റിനെ തക്കാളി തീപിടിപ്പിക്കുന്നതിന്‍റെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ അനിതര സാധാരണമായ വില വര്‍ധനയില്‍ വന്‍നേട്ടം കൊയ്തിരിക്കുകയാണ് വ്യാപകമായി തക്കാളി കൃഷിക്കിറങ്ങിയവര്‍. വിവിധ വെല്ലുവിളികളെ അതിജീവിച്ച് തക്കാളി കൃഷി തുടര്‍ന്ന ഒരു കർഷകൻ, ഒരു മാസത്തിനുള്ളിൽ മൂന്ന് കോടി രൂപയ്ക്ക് മുകളില്‍ നേടിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള പച്ച്ഘർ ഗ്രാമത്തിൽ നിന്നുള്ള കർഷകനായ ഈശ്വർ ഗെയ്‌ക്കറിന്‍റെ (36) ഈ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്. 

വിലക്കുറവിന്‍റെ പശ്ചാത്തലത്തില്‍, വിളവെടുത്ത തക്കാളി വിപണിയിലെത്തിക്കാന്‍ സാധിക്കാതെ വലിച്ചെറിയേണ്ട ഗതികേട് ഈ വര്‍ഷം മേയില്‍ ഗെയ്ക്കര്‍ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ ഈ തിരിച്ചടിയില്‍ തളരാതെ തന്‍റെ 12 ഏക്കര്‍ കൃഷിയിടത്തില്‍ നടത്തിയ പ്രയത്നത്തിന് തൊട്ടടുത്ത മാസം തന്നെ പ്രതിഫലം ലഭിക്കുകയായിരുന്നു. ജൂൺ 11നും ജൂലൈ 18നും ഇടയിൽ നടന്ന വിളവെടുപ്പിലൂടെ മൂന്ന് കോടി രൂപ സമ്പാദിച്ചതായാണ് ഗെയ്‌ക്കര്‍ അവകാശപ്പെടുന്നത്. 

ഇക്കാലയളവിൽ 18,000 ക്രാറ്റ് തക്കാളികൾ (ഓരോ ക്രാറ്റിലും 20 കിലോഗ്രാം വീതം) ജുന്‍ഹര്‍ തഹസിലിലെ നാരായണ്‍ഗൗവിലുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിൽ (എപിഎംസി) വിറ്റാണ് ഈ തുക നേടാനായത്. ഏകദേശം 4,000 ക്രേറ്റുകള്‍‌ കൂടി വിറ്റ് ഉടന്‍ 50 ലക്ഷം രൂപ കൂടി സമ്പാദിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. കൃഷി ചെയ്ത് ഇത്രയും തക്കാളി വിപണിയില്‍ എത്തിക്കാന്‍ വന്ന  ആകെ ചെലവ് 40 ലക്ഷം രൂപയാണെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 11ന് ക്രേറ്റിന് 770 രൂപയാണ് (കിലോയ്ക്ക് 37 മുതൽ 38 രൂപ വരെ) ലഭിച്ചിരുന്നത്. ഇത് ജൂലൈ 18ലേക്ക് എത്തുമ്പോള്‍ 2200 രൂപയായി (കിലോയ്ക്ക് 110 രൂപ) വര്‍ധിച്ചു. 

"തക്കാളി കർഷകർക്ക് ഇത് ഏറ്റവും മികച്ച സമയമാണ്, പക്ഷേ ഞങ്ങൾ ഏറ്റവും മോശമായ സമയത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മെയ് മാസത്തിൽ, ഞാൻ ഒരേക്കർ സ്ഥലത്ത് തക്കാളി കൃഷി ചെയ്തു, പക്ഷേ വില വളരെ താഴ്ന്നതിനാൽ വലിയ അളവിൽ ഉൽപ്പന്നങ്ങൾ വലിച്ചെറിയേണ്ടി വന്നു. ഒരു ക്രേറ്റിന്റെ നിരക്ക് വെറും 50 രൂപയായിരുന്നു അപ്പോള്‍, അതായത് കിലോയ്ക്ക് 2.50 രൂപ," അദ്ദേഹം പറഞ്ഞു. 2021ൽ തനിക്ക് 15 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ നഷ്ടമുണ്ടായെന്നും കഴിഞ്ഞ വർഷവും ചെറിയ ലാഭം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഗെയ്‌കർ പറഞ്ഞു.

"മേയില്‍ തക്കാളി കളയുമ്പോഴും, 12 ഏക്കർ സ്ഥലത്ത് ഞാന്‍ ഈ വിളവ് കൃഷി ചെയ്തിരുന്നു. അതിനായി തുടര്‍ന്നും ചെലവിടുകയും പരിശ്രമിക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു. "മേയിലെ കടുത്ത ചൂടിലും ഞാൻ ഉൽപ്പന്നങ്ങൾ നന്നായി പരിപാലിച്ചു. ഉയർന്ന താപനില കാരണം മറ്റ് ഭാഗങ്ങളിൽ തക്കാളി കൃഷിക്ക് തിരിച്ചടി നേരിട്ടു, പക്ഷേ ഞങ്ങൾ കഠിനാധ്വാനം തുടർന്നതിനാൽ എന്നെപ്പോലുള്ള കർഷകർക്ക് പ്രയോജനം ലഭിച്ചു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സീസണിൽ 2,500 ക്രേറ്റുകൾ വിറ്റ് 20 ലക്ഷത്തിലധികം സമ്പാദിച്ചുവെന്ന് മറ്റൊരു കർഷകനായ രാജു മഹാലെ പറഞ്ഞു. ഏക്കറിന് ഏകദേശം 3.5 ലക്ഷം രൂപ ചെലവ് വരുന്നതിനാൽ മേയ് മാസത്തിന് ശേഷം തക്കാളി കൃഷിയുടെ കാര്യത്തിലുണ്ടായിരുന്ന ആശങ്ക അദ്ദേഹവും പങ്കുവെച്ചു. വിപണിയിൽ വീണ്ടും വൻ കുതിച്ചുചാട്ടം ഉണ്ടായതിനാൽ ക്രേറ്റിന് 2,400 രൂപ വരെ നിരക്കിൽ തക്കാളി വാങ്ങിയതായി ഗെയ്‌കറിന്റെ ഉൽപ്ന്നപങ്ങൾ വാങ്ങിയ നാരായണ്‍ഗൗവ് കാർഷിക വിപണിയിലെ വ്യാപാരി അക്ഷയ് സോളറ്റ് പറഞ്ഞു.

മേയിലെ വില തകര്‍ച്ചയും വലിയ ചൂടും മൂലം കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞു നിന്നതിനാല്‍ ഈ മേഖലയിലെ വളരെ ചുരുക്കം കര്‍ഷകര്‍ക്ക് മാത്രമാണ് വിലക്കയറ്റത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനായത്. സാധാരണയായി ഈ സീസണിൽ തങ്ങളുടെ വിപണിയിൽ പ്രതിദിനം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ക്രേറ്റ് തക്കാളി ലഭിക്കാറുണ്ടെങ്കിലും ഈ സീസണിൽ ഇത് പ്രതിദിനം 30,000 മുതൽ 35,000 വരെ ക്രേറ്റുകളായി കുറഞ്ഞുവെന്ന് നാരായണ്‍ഗൗവ് എപിഎംസി മേധാവി സഞ്ജയ് കാലെ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി നേരിട്ട നഷ്ടവും വേനല്‍ക്കാലത്ത് തക്കാളി കൃഷിക്കുണ്ടായ രോഗബാധയും മൂലം ഉല്‍പ്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് ഇടയാക്കി. 

Tags:    

Similar News