നിക്ഷേപകർക്ക് ജാഗ്രത വേണം, അദാനി പവർ വീണ്ടും 'അധിക നിരീക്ഷണ' പട്ടികയിൽ
മാർച്ച് 8 ന് ഇരു എക്സ്ചേയ്ഞ്ചുകളും അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, അദാനി പവർ എന്നിവയെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വിപണിയിൽ അദാനി ഓഹരികളിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ ചാഞ്ചാട്ടമാണ് ഉണ്ടാവുന്നത്. ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് വലിയ തോതിലുള്ള ഇടിവ് ഓഹരികൾക്ക് ഉണ്ടായി. സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് ചില അദാനി ഓഹരികളെ സ്റ്റോക്ക് എക്സ്ചേയ്ഞ്ചുകൾ അധിക നിരീക്ഷണ നടപടികൾ (എഎസ്എം ) ഏർപ്പെടുത്തിയിരുന്നു. പിന്നീട് പിൻവലിക്കുകയും ചെയ്തു.
ഇപ്പോൾ വീണ്ടും എഎസ്എം ചട്ടക്കൂടിനു കീഴിൽ അദാനി പവറിനെ ഉൾപ്പെടുത്തുമെന്ന് സ്റ്റോക്ക് എക്സ്ചേയ്ഞ്ചുകളായ എൻഎസ്ഇയും ബിഎസ്ഇയും വ്യക്തമാക്കി. ഹ്രസ്വ കാലത്തേക്ക് പരിഗണിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അദാനി പവറിന്റെ എഎസ്എം ഇന്ന് മുതൽ പ്രാബല്യത്തിലുണ്ട്. അദാനി ഗ്രീൻ എനർജി, എൻഡിടിവി അദാനി ഗ്രൂപ്പ് സ്റ്റോക്കുകളെ ദീർഘകാല എഎസ്എം ചട്ടക്കൂടിന്റെ രണ്ടാം ഘട്ടത്തിൽ നിന്ന് മാറ്റുന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം..
മാർച്ച് 8 ന് ഇരു എക്സ്ചേയ്ഞ്ചുകളും അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, അദാനി പവർ എന്നിവയെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് മാർച്ച് 17 നാണ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്.
ഓഹരികളിൽ അസാധാരമായ ചാഞ്ചാട്ടം, പ്രൈസ് ബാൻഡ് പരിധിയിലെത്തുന്നതിന്റെ എണ്ണം, പി ഇ അനുപാതം മുതലായ ധാരാളം ഘടകങ്ങളെ കണക്കിലെടുത്താണ് ഒരു ഓഹരിക്ക് അധിക നിരീക്ഷണം ഏർപ്പെടുത്തുന്നത്. നിക്ഷേപകരിൽ ഒരു ജാഗ്രത എന്ന നിലയിലാണ് ഈ ലിസ്റ്റ് തയാറാക്കുന്നത്. ഇത് പൂർണ്ണമായും മാർക്കറ്റ് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തയാറാക്കുന്നത്. അതിനാൽ ബന്ധപ്പെട്ട കമ്പനിയ്ക്കോ സ്ഥാപനത്തിനോ എതിരായ പ്രതികൂല നടപടിയായി ഇത് കണക്കാക്കേണ്ടതില്ലെന്ന് എക്സ്ചേയ്ഞ്ചുകൾ വ്യക്തമാക്കി.